print edition വിരൽവേഗം, വിജയത്തെളിച്ചം

സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ സ്‌പെഷ്യൽ സ്കൂൾ എച്ച് എസ് വിഭാഗത്തിൽ ശരണ്യ സോമൻ മുള കർട്ടൻ ഉണ്ടാക്കുന്നു
കെ എ നിധിൻനാഥ്
Published on Nov 09, 2025, 01:24 AM | 1 min read
പാലക്കാട് : മുളങ്കമ്പ് വലിച്ചുകെട്ടുമ്പോൾ മനക്കണക്കായിരുന്നു അവൾക്ക് ബലം. ഇടതുകൈയിൽ ചരടെടുത്ത് വലതുകൈകൊണ്ട് ഒന്ന് നീട്ടി നോക്കി കർട്ടനുണ്ടാക്കി. സ്‌പെഷൽ സ്‌കൂൾ ശാസ്‌ത്രോത്സവത്തിൽ പൂർണമായും കാഴ്‌ച വെല്ലുവിളി നേരിടുന്ന ശരണ്യ സോമൻ അതിജീവന പാഠമായി നിറഞ്ഞു. മത്സരത്തിൽ ഒന്നാംസ്ഥാനവും നേടി. കഴിഞ്ഞവർഷം രണ്ടാമതായിരുന്നു.
‘കമ്പിൽ വള്ളി കെട്ടണം. പിന്നെ മുത്ത് ഇട്ട് മുറുക്കണം. അങ്ങനെ ഒരു കമ്പിൽ മൂന്നുതവണ കെട്ടണം’–മുള കർട്ടൻ നിർമിക്കാൻ ജോസ്‌മിൻ ടീച്ചർ പറഞ്ഞുകൊടുത്ത സൂത്രവാക്യമാണ് ശരണ്യയുടെ വിജയമന്ത്രം.
അളവ് കൃത്യമെന്ന് ഉറപ്പാക്കിയശേഷം ടീച്ചർ പറഞ്ഞത് ഓർക്കും. ആ വാക്കുകൾ വിരൽവേഗമാക്കി. നാലാം ക്ലാസിൽ പഠിക്കുമ്പോഴാണ് കർട്ടൻ നിർമിക്കാൻ പഠിച്ചത്. കാളകെട്ടി അസീസിയ സ്‌കൂൾ ഫോർ ബ്ലൈൻഡിലെ ഏഴാം ക്ലാസ് വിദ്യാർഥിയായ ആലപ്പുഴ കാവാലം സ്വദേശിയാണ്. അച്ഛൻ സോമൻ നിർമാണത്തൊഴിലാളി. അമ്മ സതി മൂന്നുവർഷംമുന്പ് വൃക്കരോഗം വന്ന് മരിച്ചു. സഹോദരൻ സ്വരാജ് പന്ത്രണ്ടാം ക്ലാസ് വിദ്യാർഥി.









0 comments