സംസ്ഥാന സ്‌കൂൾ പ്രവേശനോത്സവം കലവൂരിൽ
സ്‌കൂൾ സജ്ജം: വന്നോളൂ കുട്ടികളേ

ആലപ്പുഴ/ തിരുവനന്തപുരം
: തോരാമഴയുടെ ഭീതി തെളിവെയിലിൽ മാഞ്ഞുപോയതോടെ പ്രവേശനോത്സവത്തിന് സ്‌കൂളുകൾ സജ്ജം. അക്ഷരമധുരം നുകരാൻ സംസ്ഥാനത്തെ 12930 സ്‌കൂളുകളിൽ തിങ്കളാഴ്‌ച ഒന്നാംക്ലാസിലെത്തുന്നത് രണ്ടരലക്ഷം കുരുന്നുകൾ. ഒന്നുമുതൽ പത്തുവരെയുള്ള വിവിധ ക്ലാസുകളിലായി ഇത്തവണ 37 ലക്ഷം വിദ്യാർഥികൾ എത്തുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാന സ്‌കൂൾ പ്രവേശനോത്സവം തിങ്കളാഴ്‌ച കലവൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കും.
മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യും. മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനാകും.
രാവിലെ 8.30 മുതൽ വിദ്യാർഥികളുടെ കലാപരിപാടികൾ. 9.30ന് വേദിയിൽ പ്രവേശനോത്സവ ഗാനത്തിന്റെ നൃത്താവിഷ്‌കാരം. പൊതുവിദ്യാഭ്യാസവകുപ്പിന്റെ നേട്ടങ്ങൾ സംബന്ധിച്ച പുസ്‌തകം പിണറായി വിജയൻ മന്ത്രി സജി ചെറിയാന് നൽകി പ്രകാശിപ്പിക്കും. മന്ത്രി പി പ്രസാദ്, പ്രതിപക്ഷനേതാവ് വി ഡി സതീശൻ എന്നിവർ മുഖ്യാതിഥികളാകും. സംസ്ഥാനത്തെ എല്ലാ സ്‌കൂളിലും പ്രവേശനോത്സവം തിങ്കൾ രാവിലെ 10ന്. ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്ക് അവധിയാണ്.
ഹൈസ്‌കൂള്‍
സമയത്തിൽ മാറ്റം
തിരുവനന്തപുരം
ഈ അധ്യയന വർഷം സർക്കാർ, എയ്ഡഡ് ഹൈസ്‌കൂൾ പ്രവർത്തന സമയം രാവിലെ 9.45മുതൽ വൈകിട്ട് 4.15വരെ. ഈ വർഷം ഇറക്കിയ അക്കാദമിക് കലണ്ടറിലാണ് ഹൈസ്‌കൂളിൽ പ്രവർത്തനസമയം അരമണിക്കൂർ കൂട്ടാൻ തീരുമാനിച്ചത്. വെള്ളി ഒഴികെയുള്ള ദിവസങ്ങളിലാണ് സമയമാറ്റം.
യുപി വിഭാഗത്തിൽ 200, ഹൈസ്‌കൂളിൽ 204, എൽപിയിൽ 198 അധ്യയന ദിനങ്ങൾ ഉറപ്പാക്കിയാണ് സ്‌കൂൾ അക്കാദമിക് കലണ്ടർ പുറത്തിറക്കിയത്. എൽപിക്ക് ശനിയാഴ്‌ച പ്രവൃത്തിദിനമല്ല. യുപിയിൽ രണ്ട് ശനിയും ഹൈസ്‌കൂളിൽ ആറ് ശനിയും പ്രവൃത്തിദിനം.
പൊതുവിദ്യാഭ്യാസ ചട്ടപ്രകാരം എൽപി ക്ലാസുകളിൽ വർഷം 800 പഠന മണിക്കൂറും യുപി ക്ലാസുകളിൽ 1,000 പഠന മണിക്കൂറും ഹൈസ്‌കൂളിൽ 1,100 പഠനമണിക്കൂറുമാണ് വേണ്ടത്. പൊതുവിദ്യാലയങ്ങളിലെ പ്രവൃത്തിദിനം പഠിക്കാൻ ഹൈക്കോടതി നിർദേശപ്രകാരം നിയോഗിച്ച അഞ്ചംഗ സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അധ്യയന ദിനങ്ങൾ നിശ്ചയിച്ചത്.










0 comments