സൗദിയുടെ സുരക്ഷയ-്ക്കായി നിലകൊള്ളും: ഈജിപ്ത്

റിയാദ്: സൗദി അറേബ്യയുടെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ തയ്യാറാണെന്ന് ഈജിപ്ത് പ്രസിഡന്റ് അബ-്‌ദുൾ ഫത്താഹ് അൽ സിസി. സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെയും നിർദേശങ്ങൾക്കനുസരിച്ചായിരിക്കും നടപടികളെന്നും അദ്ദേഹം വ്യക്തമാക്കി. ശനിയാഴ്‌ച കെയ്‌റോയിൽ ഈജിപ്ഷ്യൻ സൈനിക അക്കാദമിയുടെ ബിരുദദാനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സൗദിയുടെ അഭ്യർഥന ലഭിച്ചാൽ പ്രതിരോധ നടപടികൾ സ്വീകരിക്കും. മറ്റേതെങ്കിലും രാജ്യത്തിനെതിരെ ആക്രമണം നടത്തുകയോ യുദ്ധം ചെയ്യുകയോ അല്ല ലക്ഷ്യം. ഇത്തരം നടപടികൾക്ക് ഈജിപ്ഷ്യൻ പാർലമെന്റിന്റെ അംഗീകാരം ആവശ്യമാണ്. സൗദിയുടെ അഭ്യർഥന ലഭിക്കുന്ന സാഹചര്യമുണ്ടായാൽ ആവശ്യമായ അനുമതി നൽകാനായി പാർലമെന്റിന്റെ അടിയന്തര സമ്മേളനം വിളിക്കണമെന്നും അൽ സിസി പറഞ്ഞു.
ഗൾഫ് രാജ്യങ്ങൾ ഈജിപ്തിന് നൽകിയ സാമ്പത്തിക സഹായങ്ങളെ അദ്ദേഹം സ-്‌മരിച്ചു.
സാമ്പത്തിക പ്രതിസന്ധി നേരിട്ട കാലത്ത് ഗൾഫ് രാജ്യങ്ങൾ നൽകിയ പിന്തുണ മറക്കാനാവില്ല. സൗദിയുടെയും മറ്റു ഗൾഫ് രാജ്യങ്ങളുടെയും സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിന് ഈജിപ്തിന്റെ പിന്തുണ തുടരും. മേഖലയിൽ തുടരുന്ന സംഘർഷം അവസാനിപ്പിക്കണമെന്നും അൽ സിസി പറഞ്ഞു.









0 comments