ad
Deshabhimani

മുതിർന്നവർക്കുള്ള ഏറ്റവും വലിയ എഐ സാക്ഷരതാ യജ്ഞം

കൈറ്റ്‌ 'സർവം എഐ മയം'  : ആറുലക്ഷം രക്ഷിതാക്കൾക്ക് എഐ പരിശീലനം

ai training for parents

പ്രതീകാത്മകചിത്രം

വെബ് ഡെസ്ക്

Published on Feb 16, 2026, 08:03 AM | 1 min read

തിരുവനന്തപുരം : 'സർവം എഐ മയം' പദ്ധതിക്ക് സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ തുടക്കമായി. ലിറ്റിൽ കൈറ്റ്‌സ് ഐടി ക്ലബ്ബുകളിലെ കുട്ടികളുടെ നേതൃത്വത്തിൽ ആറ് ലക്ഷം രക്ഷിതാക്കൾക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) പരിശീലനം നൽകുന്ന പദ്ധതിയാണിത്. ജൂൺ 30  വരെ നടക്കുന്ന പരിശീലനം രാജ്യത്തെ മുതിർന്നവർക്കുള്ള ഏറ്റവും വലിയ എഐ സാക്ഷരതാ യജ്ഞമാകും. രണ്ടു മണിക്കൂർ ദൈർഘ്യമുള്ള മോഡ്യൂൾ എഐയുടെ ഗുണങ്ങൾക്കും ദോഷങ്ങൾക്കും തുല്യ പ്രാധാന്യം നൽകുന്നു. മനുഷ്യ ബുദ്ധിക്ക് സമാനമായി ചിന്തിക്കാനും തീരുമാനങ്ങളെടുക്കാനും യന്ത്രങ്ങളെ പ്രാപ്തമാക്കുന്ന മെഷീൻ ലേണിംഗ് സാങ്കേതികവിദ്യയെക്കുറിച്ച് ലളിതമായ വിശദീകരണത്തോടെയാണ് പരിശീലനം ആരംഭിക്കുന്നത്.


സ്മാർട്ട് ഫോണുകളിലെ എഐ സേവനങ്ങൾ ഉപയോഗിച്ച് പക്ഷികളെയും ചെടികളെയും തിരിച്ചറിയുന്നതിനും തമിഴ് ഉൾപ്പെടെയുള്ള അന്യഭാഷാ ബോർഡുകൾ തത്സമയം മലയാളത്തിലേക്ക് വിവർത്തനം ചെയ്യുന്നതിനും രക്ഷിതാക്കളെ പ്രാപ്തരാക്കും. എഐ ടൂളുകളുടെ സഹായത്തോടെ ചെയ്യാവുന്ന പ്രവൃത്തികൾ പരിശീലനത്തിൽ പരിചയപ്പെടുത്തും.


എഐ ഉപയോഗിച്ച് നിർമിക്കുന്ന ഡീപ്പ് ഫേക്ക് വീഡിയോകൾ, വ്യാജ ചിത്രങ്ങൾ, ശബ്ദങ്ങൾ എന്നിവ തിരിച്ചറിയാനുള്ള മാർഗങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. സോഷ്യൽ മീഡിയയിലെ വ്യാജവാർത്താ പ്രചരണങ്ങളെ എങ്ങനെ പ്രതിരോധിക്കാമെന്നും, ഇന്റർനെറ്റ് മര്യാദകൾ പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും രക്ഷിതാക്കൾക്ക് അവബോധം നൽകും. കൈറ്റ് വികസിപ്പിച്ച  'സമഗ്ര പ്ലസ് ലേണിംഗ് റൂം' പോലുള്ള എഐ അധിഷ്ഠിത വിദ്യാഭ്യാസ പ്ലാറ്റ്ഫോമുകൾ പരിചയപ്പെടുത്തും.


2023-24 കാലയളവിൽ നാല് ലക്ഷം രക്ഷിതാക്കൾക്ക് സൈബർ സുരക്ഷാ പരിശീലനം നൽകിയതിന്റെ വിജയകരമായ തുടർച്ചയായാണ് പുതിയ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. ഫെബ്രുവരി 20 മുതൽ നിലവിൽ വരുന്ന ഏറ്റവും  പുതിയ ഐടി ഭേദഗതി നിയമങ്ങൾ  ഉൾപ്പെടെയുള്ള സുരക്ഷാ മാനദണ്ഡങ്ങളും പരിശീലനത്തിന്റെ ഭാഗമായി രക്ഷിതാക്കളിലേക്ക് എത്തുമെന്ന് കൈറ്റ് സിഇഒ കെ അൻവർ സാദത്ത് പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home