പുസ്തകങ്ങളും, കലാ സാഹിത്യസൃഷ്ടികളും സംഘപരിവാർ ഭയക്കുന്നു: പുരോഗമന കലാസാഹിത്യ സംഘം

തിരുവനന്തപുരം: ജമ്മു കാശ്മീരിൽ പുസ്തകങ്ങൾക്കു മേൽ ഏർപ്പെടുത്തിയ വിലക്ക് പൗരസ്വാതന്ത്ര്യത്തിനെതിരായി കേന്ദ്രസർക്കാർ തുടർന്നുവരുന്ന കടന്നാക്രമണങ്ങളുടെ പുതിയ അധ്യായമാണെന്ന് പുരോഗമന കലാസാഹിത്യ സംഘം. മുതിർന്ന ഭരണഘടനാ വിദഗ്ദ്ധനും സുപ്രീം കോടതി അഭിഭാഷകനുമായിരുന്ന എ ജി നൂറാനിയുടെ 'ദി കശ്മീർ ഡിസ്പ്യൂട്ട് 1947–2012', അരുന്ധതി റോയിയുടെ 'ആസാദി' തുടങ്ങി 25 പുസ്തകങ്ങൾക്കാണ് നിരോധനം ഏർപ്പെടുത്തിത്.
സംഘപരിവാർ നവഫാസിസ്റ്റ് അജണ്ടയുടെ തനിനിറം ദൈനംദിനം പുറത്തുവരികയാണെന്നും പുസ്തകങ്ങളും, കലാ സാഹിത്യസൃഷ്ടികളും ഉയർത്തുന്ന സംവാദാന്തരീക്ഷത്തെ സംഘപരിവാർ ഭയക്കുന്നെന്നും പുരോഗമന കലാസാഹിത്യ സംഘം പ്രസ്താവനയിൽ പറഞ്ഞു. കാശ്മീർ ജനതയുടെ ജനാധിപത്യാവകാശങ്ങൾക്കുമേൽ കടന്നു കയറിയിരിക്കുന്ന കേന്ദ്രസർക്കാർ പ്രതിനിധി ലഫ്. ഗവർണറാണ് ഭരണഘടനയുടെ മൗലികാവകാശങ്ങളെ വെല്ലുവിളിക്കുന്ന ഈ നിരോധന ഉത്തരവ് നൽകിയത്.
വർഗീയ ഫാസിസ്റ്റ് അജണ്ടകളെ തുറന്നു കാണിക്കുന്ന കലാസൃഷ്ടികൾക്കും, പുസ്തകങ്ങൾക്കും സംഘപരിവാർ കൂച്ചുവിലങ്ങിടുകയാണ്. ആർഎസ്എസിൻ്റെ ഫാസിസ്റ്റ് നയങ്ങളാണ് കേന്ദ്രസർക്കാർ നടപ്പാക്കുന്നത്. ഭരണഘടനയെ നോക്കുകുത്തിയാക്കി രാജ്യത്തെ സ്വാതന്ത്ര്യവും ജനാധിപത്യവും തകർക്കുക എന്നതാണ് അവരുടെ ലക്ഷ്യം. സ്നേഹഭരിതമായ ജീവിതത്തിലേക്കുള്ള വഴികളെല്ലാം അവർ അടച്ചിടുന്നു. പുസ്തക നിരോധനത്തിനെതിരെ നാടെങ്ങും എഴുത്തുകാരും, കലാകാരരും, വായനക്കാരും, സാംസ്കാരികപ്രവർത്തകരും പങ്കാളികളായി സർഗാത്മക പ്രതിഷേധങ്ങൾ ഉയർത്തണമെന്ന് പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മറ്റി അഭ്യർത്ഥിച്ചു.










0 comments