കടത്തിയത് 100 കിലോ ചന്ദനം; ബിജെപി നേതാവും കൂട്ടാളികളും പിടിയിൽ

പിടിയിലായ ബിജെപി നേതാവ് വിഷ്‌ണു, ജയകുമാർ, ജേക്കബ്
തിരുവനന്തപുരം: ചന്ദനമരം വിൽപ്പന നടത്താൻ ശ്രമിച്ച ബിജെപി നേതാവും കൂട്ടാളികളും പിടിയിൽ. മൺവിള ചന്ദ്ര റൈസ് മില്ലിനുസമീപം വിഷ്‌ണു (36), കുളത്തൂർ അരശുംമൂട്ടിൽ കിഴക്കുംകര അയോധ്യയിൽ എസ് ജയകുമാർ (61), കഴക്കൂട്ടം ആറ്റിപ്ര ജേക്കബ് വില്ലയിൽ വി സി ജേക്കബ് (57) എന്നിവരെയാണ് പാലോട് റേഞ്ച് ഓഫീസർ വി വിപിൻചന്ദ്രനും സംഘവും പിടികൂടിയത്.
100 കിലോ ചന്ദനം പിടിച്ചെടുത്തു. മാർക്കറ്റിൽ നാല് ലക്ഷത്തോളം വില വരും. ജേക്കബ്ബിന്റെ കോട്ടയം സ്വദേശിയായ സുഹൃത്തിന്റെ തിരുവനന്തപുരത്തെ വസ്‌തുവിൽനിന്ന ചന്ദനമരമാണിത്. ഒന്നരവർഷംമുമ്പ് വസ്‌തുവിറ്റുപോയപ്പോൾ മുറിച്ച ചന്ദനമരമാണ് ജേക്കബ് സൂക്ഷിച്ചിരുന്നത്. ഇതറിഞ്ഞ ബിജെപി പ്രവർത്തകനായ വിഷ്‌ണുവും സുഹൃത്ത് ജയകുമാറും ചേർന്ന് ജേക്കബിനെ സമീപിച്ച് ചന്ദനം രഹസ്യമായി വിൽപ്പന നടത്തിക്കൊടുക്കാമെന്നേറ്റു.
തെരഞ്ഞെടുപ്പിൽ ബിജെപി ബൂത്ത് ഏജന്റായിരുന്ന വിഷ്‌ണു ചെമ്പഴന്തി കോളേജ് സംഘർഷത്തിലും പ്രതിയാണ്. വിൽപ്പന നടത്താനുള്ള ശ്രമത്തിനിടെയാണ് പിടിയിലായത്. സെക്‌ഷൻ ഫോറസ്‌റ്റ് ഓഫീസർ ബിജുകുമാർ, എസ്‌എഫ്‌ഒമാരായ പി സി നിഷ, വിഷ്‌ണു, രാജേഷ്, ശാന്തകുമാർ എന്നിവരാണ് കസ്‌റ്റഡിയിൽ എടുത്തത്. വ്യാഴാഴ്‌ച നെടുമങ്ങാട് വനം കോടതിയിൽ ഹാജരാക്കും.










0 comments