ad
Deshabhimani

print edition അമൂല്യ പൈതൃക സമ്പത്തായി 
മറയൂർ ചന്ദനക്കാടുകൾ

Sandal Wood

മറയൂർ ചന്ദനക്കാട്‌

avatar
എസ് ഇന്ദ്രജിത്ത്

Published on May 11, 2026, 12:00 AM | 1 min read

മറയൂർ : സഹ്യമലകളുടെ മടിത്തട്ടിൽ സ്ഥിതിചെയ്യുന്ന മറയൂർ ചന്ദനക്കാടുകൾ കേരളത്തിന്റെ അമൂല്യ പൈതൃക സമ്പത്ത്‌. കേരളത്തിൽ പ്രകൃതിപരമായി ചന്ദനം വളരുന്ന ഏക സ്ഥലമാണ്‌ മറയൂർ . മൂന്നാറിൽനിന്ന് ഏകദേശം 40 കിലോമീറ്റർ അകലെയുള്ള പ്രദേശം വിനോദസഞ്ചാരികളുടെയും പ്രധാന കേന്ദ്രം. പ്രകൃതിയോട് ഇഴചേർന്നുള്ള അനുഭവമാണ് മറയൂർ സമ്മാനിക്കുന്നത്. ഏകദേശം 1460 ഹെക്‍ടറിലാണ് മറയൂർ ചന്ദന റിസർവ്. 60,000 മുതൽ 65,000 വരെ സ്വാഭാവിക ചന്ദനമരങ്ങൾ ഉണ്ടെന്നാണ് കണക്ക് (30 സെന്റിമീറ്ററിലധികം വണ്ണമുള്ളവ). ഓരോന്നും നമ്പറിട്ടും വേലികെട്ടിയും സംരക്ഷിച്ചിരിക്കുന്നു. ചിന്നാർ വന്യജീവി സങ്കേതത്തിലേക്കുള്ള വഴിയിലാണ് ഈ നിബിഡ വനപ്രദേശം. മുനിയറ ഗുഹകൾ, മെഗാലിത്തിക് ഡോൾമെൻസ് തുടങ്ങിയ പുരാതന സൈറ്റുകളും ഇവിടെയുണ്ട്.


ലേലത്തിലൂടെ വൻവരുമാനം


​മറയൂരിലെ ചന്ദന ലേലങ്ങൾ സർക്കാർ ഖജനാവിന് വലിയ വരുമാനമാണ്. പ്രതിവർഷം ഏകദേശം 100 കോടി രൂപയോളം സർക്കാർ ഖജനാവിലേക്ക് എത്തുന്നു. 2023-ലെ ഒരു ലേലത്തിൽ മാത്രം 37.22 കോടി രൂപയാണ് ലഭിച്ചത്. ഒരൊറ്റ ചന്ദനമരം 1.25 കോടി രൂപയ്ക്ക് വിറ്റുപോയിരുന്നു. അതിന്റെ വേരുകൾ 27.34 ലക്ഷം രൂപയ്‍ക്കും. കർണാടക സോപ്പ്, ഔഷധി തുടങ്ങിയ സ്ഥാപനങ്ങളാണ് പ്രധാനമായും വാങ്ങുന്നത്. ചന്ദന ഫാക്ടറി സന്ദർശിക്കാൻ പൊതുജനങ്ങൾക്ക് അനുമതിയില്ല. വനംവകുപ്പിന്റെ പ്രത്യേക അനുമതിയോടെയേ ചന്ദനക്കാടുകളിലേക്ക് പ്രവേശിക്കാവൂ. സഞ്ചാരികൾക്ക് ഡിപ്പോ പ്രദേശത്ത്നിന്ന് ചന്ദനമരങ്ങൾ കാണാം. മറയൂർ ചന്ദനക്കാടുകൾ സംരക്ഷിക്കുന്നത് പരിസ്ഥിതി സന്തുലനത്തിനും പ്രധാനമാണ്. സമ്പദ്‌വ്യവസ്ഥയ്‍ക്കും ഗുണകരം.


ചന്ദന മോഷണവും 
ഡിവിഷൻ രൂപീകരണവും


​മുൻകാലങ്ങളിൽ മറയൂരിൽ ചന്ദന മോഷണം വ്യാപകമായിരുന്നു. 2000ന്റെ തുടക്കം വർഷത്തിൽ ആയിരക്കണക്കിന് മോഷണ കേസുകളും വൻതോതിലുള്ള കടത്തും ഉണ്ടായിരുന്നു. ഇത് തടയാൻ 2005-ൽ മറയൂർ ചന്ദന ഡിവിഷൻ രൂപീകരിച്ചു. ഡിവിഷൻ വന്നതോടെ സുരക്ഷ ശക്തമാക്കി. ആയുധധാരികളായ വനം ജീവനക്കാരും ക്യാമറകളും പട്രോളിങ് സംവിധാനങ്ങളും ഏർപ്പെടുത്തി. മോഷണം ഗണ്യമായി കുറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home