ad
Deshabhimani

print edition അപേക്ഷ ചവറ്റുകുട്ടയിൽ നിയമനം തോന്നുംപടി; എസ്‌എസ്‌കെയിൽ വീണ്ടും വിവാദം

samagra shiksha kerala
avatar
ബിജോ ടോമി

Published on Jul 27, 2026, 12:26 AM | 1 min read

തിരുവനന്തപുരം: സമഗ്ര ശിക്ഷ കേരളം (എസ്‌എസ്‌കെ) ജില്ലാ പ്രോജക്ട് കോ ഓർഡിനേറ്റർ, ബ്ലോക്ക് പ്രോജക്ട് കോ ഓർഡിനേറ്റർ, ബിആർസി ട്രെയിനർ തസ്‌തികകളിൽ അപേക്ഷ കാലാവധി കഴിയുംമുമ്പേ നിയമനം. ജൂലൈ 17നാണ്‌ വിവിധ തസ്‌തികകളിലേക്ക്‌ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ അപേക്ഷ ക്ഷണിച്ചത്‌. 25ന്‌ വൈകിട്ട്‌ അഞ്ചുവരെയായിരുന്നു സമയപരിധി. എന്നാൽ 18ന്‌ കോഴിക്കോട്‌ ജില്ലാ പ്രോജക്ട്‌ കോ ഓർഡിനേറ്ററായി വാകയാട്‌ നടുവണ്ണൂർ എച്ച്‌എസ്‌എസ്‌ അധ്യാപകൻ സി നിസാറിനെ നിയമിച്ച്‌ ഉത്തരവിറക്കി. തിരുവനന്തപുരം ജില്ലാ പ്രോജക്ട്‌ ഓഫീസിനുകീഴിലെ ബിആർസിയിൽ ട്രെയിനർ തസ്‌തികയിൽ അപേക്ഷ ക്ഷണിച്ച അന്നുതന്നെ നിയമനം നടത്തി. പാലക്കാട്‌ പട്ടാമ്പിയിൽ ബ്ലോക്ക് പ്രോജക്ട്‌ കോ ഓർഡിനേറ്ററെ നിയമിച്ചതും അപേക്ഷ കാലാവധി പൂർത്തിയാകുംമുന്പ്‌. എസ്‌എസ്‌കെ ഡയറക്ടറുടെ അഭ്യർഥന മാനിച്ചാണ്‌ നിയമനങ്ങളെന്നാണ്‌ ഉത്തരവിൽ പറയുന്നത്‌.


ഇഷ്ടക്കാരെ തിരുകിക്കയറ്റാൻ യോഗ്യത വെട്ടിക്കുറച്ചത് വിവാദമായിരുന്നു. ജില്ലാ പ്രോജക്ട്‌ കോ ഓർഡിനേറ്റർ, ജില്ലാ പ്രോഗ്രാം ഓഫീസർ, ബ്ലോക്ക്‌ പ്രോജക്ട്‌ കോ ഓർഡിനേറ്റർ എന്നിവയിൽ പ്രൈമറി അധ്യാപകർ മുതൽ ആരെവേണമെങ്കിലും നിയമിക്കാവുന്ന തരത്തിലാണ്‌ ഇളവ്‌ വരുത്തിയത്‌. ജൂലൈ മൂന്നിന്‌ നിയമന വിജ്ഞാപനം എസ്‌എസ്‌കെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചെങ്കിലും തൊട്ടടുത്ത ദിവസം രാവിലെ നീക്കി. 16ന്‌ യോഗ്യതകളിൽ ഇളവ്‌ വരുത്തി ഉത്തരവ്‌ വീണ്ടും പ്രസിദ്ധീകരിച്ചു. നിലവിൽ വിവിധ തസ്‌തികകളിലേക്കുള്ള നിയമന ഉത്തരവുകളിലെ പരാമർശത്തിൽ ജൂലൈ 14ലെ എസ്‌എസ്‌കെ ഡയറക്ടറുടെ കത്ത്‌ പ്രകാരമാണ്‌ നടപടിയെന്ന്‌ വ്യക്‌തമാക്കുന്നു. നിയമന അട്ടിമറിക്കെതിരെ അധ്യാപക സംഘടനകളടക്കം വലിയ പ്രതിഷേധത്തിലാണ്‌.​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home