ad
Deshabhimani

യാതൊരു തെളിവും ഇല്ലാതെ ഇ ഡി യുടെ മടക്കം; രാഷ്ട്രീയ ആരോപണങ്ങളുടെ ശൂന്യതയെന്ന് സജി ചെറിയാൻ

Saji Cheriyan

പിണറായി വിജയന്‍ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നു (വലത്) സജി ചെറിയാന്‍ (ഇടത്)

വെബ് ഡെസ്ക്

Published on May 27, 2026, 10:10 PM | 2 min read

തിരുവനന്തപുരം: ഏറെക്കാലമായി ചിലർ ഉയർത്തിക്കൊണ്ടിരുന്ന രാഷ്ട്രീയ ആരോപണങ്ങളുടെ ശൂന്യതയാണ് ഇന്നത്തെ റെയ്ഡിൽ തുറന്നുകാട്ടപ്പെട്ടതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അം​ഗം സജി ചെറിയാൻ. പിണറായി വിജയന്റെ വീട്ടിൽ എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് ഇന്നു നടത്തിയ റെയ്ഡ് “യാതൊരു തെളിവും കണ്ടെത്താനായിട്ടില്ല” എന്ന കുറിപ്പ് കൊടുത്ത് അവസാനിപ്പിച്ചിരിക്കുകയാണ്. അധികാരത്തിന്റെ സമ്മർദ്ദവും രാഷ്ട്രീയ പ്രതികാരത്തിന്റെ നീക്കങ്ങളും എത്ര ശക്തമായാലും സത്യസന്ധതയുടെ മുന്നിൽ അവ ഒടുവിൽ പരാജയപ്പെടുമെന്നതാണ് ഈ സംഭവ വികാസം വ്യക്തമാക്കുന്നതെന്ന് അദേഹം ഫേസ്ബുക്കിൽ കുറിച്ചു.


പിണറായി വിജയൻ ഏതെങ്കിലും പദവിയോ അധികാരമോ നോക്കി വിപ്ലവപ്രസ്ഥാനത്തിൽ പ്രവർത്തിക്കുവാൻ വന്ന ആളല്ല. അധികാര വാഴ്ചയുടെ കോട്ടകൊത്തളങ്ങളെ തകർത്തത്തെറിഞ്ഞ്, സാമാന്യ ജനതയ്ക്ക് ജനകീയ ജനാധിപത്യത്തിന്റെ പുലർവെളിച്ചം പകരുവാൻ സ്വന്തം ജീവിതം സമർപ്പിച്ചുകൊണ്ട് പൊതുപ്രവർത്തനം ആരംഭിച്ച അദ്ദേഹത്തിന്റെ സാന്നിധ്യവും സാരഥ്യവും ഫാസിസ്റ്റുകൾക്ക് എക്കാലത്തും ഭയമാണ്. ആ ഭയമാണ്, പതിറ്റാണ്ടുകളായി പൊതുപ്രവർത്തന രംഗത്ത് നിലകൊള്ളുന്ന സഖാവിനു നേരെയുള്ള സർവ ആക്രമണങ്ങൾക്കും കാരണം.


സാധാരണ പ്രവർത്തകനായി തുടങ്ങി വിവിധ വർഗസംഘടനകളുടെ ചുമതലകൾ വഹിച്ചുകൊണ്ട് അധികാരത്തിന്റെ ധാർഷ്ട്യങ്ങളോട് സന്ധിയില്ലാസമരം ചെയ്തു കൊണ്ടുതന്നെയാണ് പിണറായി വിജയൻ പോളിറ്റ്ബ്യുറോയിലേക്കും സംസ്ഥാന മുഖ്യ മന്ത്രി പദവിയിലേക്കും എത്തിയത്. പിണറായി വിജയന്റെ രാഷ്ട്രീയ ജീവിതം കഠിനാധ്വാനത്തിന്റെയും ആശയനിഷ്ഠതയുടെയും ഉദാത്ത മാതൃകയാണ്. പ്രളയകാലത്തും നിപ പ്രതിസന്ധിക്കാലത്തും കോവിഡ് മഹാമാരിയുടെ ഏറ്റവും കഠിന ഘട്ടങ്ങളിലും വയനാട് ദുരന്തം ഉൾപ്പെടെയുള്ള പ്രളയക്കാലത്തും കേരളത്തെ കൈപിടിച്ചുനടത്തിയ നേതൃത്വമാണ് പിണറായി വിജയൻ കാഴ്ചവെച്ചത്. വിമർശനങ്ങളെയും ആക്രമണങ്ങളെയും ആത്മവിശ്വാസത്തോടെ നേരിട്ട് വികസനവും ക്ഷേമപ്രവർത്തനങ്ങളും മുന്നോട്ട് കൊണ്ടുപോകാൻ അദ്ദേഹത്തിന് സാധിച്ചതിന്റെ കാരണം അദ്ദേഹത്തിന്റെ പ്രവർത്തനത്തിൽ ജനങ്ങൾ പുലർത്തുന്ന വിശ്വാസമാണ്.


രാഷ്ട്രീയ എതിരാളികളെ നിശബ്ദരാക്കാൻ അന്വേഷണ ഏജൻസികളെ ഉപയോഗിക്കുന്ന പ്രവണത ജനാധിപത്യത്തിന് തന്നെ വെല്ലുവിളിയാകുമ്പോൾ, യാതൊരു കുറ്റസാധ്യതയും തെളിയിക്കാനാകാതെ അവസാനിച്ച ഇന്നത്തെ ഇ ഡി റെയ്ഡ്, ജനമനസ്സിൽ കൂടുതൽ വ്യക്തത സൃഷ്ടിച്ചിരിക്കുകയാണ്. ആരോപണങ്ങളുടെ പൊടിപടലങ്ങൾ മാറിനിൽക്കുമ്പോൾ കൂടുതൽ തിളക്കത്തോടെ ഉയർന്ന് നിൽക്കുന്നത് പിണറായി വിജയന്റെ രാഷ്ട്രീയ വിശ്വാസ്യതയും ജനപക്ഷ നിലപാടുമാണെന്ന് സജി ചെറിയാൻ പറഞ്ഞു. സത്യവും നീതിയും കൈമുതലാക്കി ജനപിന്തുണ നേടിയ ഇടതുപക്ഷത്തെയോ അതിന്റെ പ്രവർത്തകരയോ തകർക്കാനോ തളർത്താനോ ഏതൊരധികാരത്തിനും ആയുധത്തിനും കഴിയില്ല എന്നും അവരെ കോട്ടകെട്ടി സംരക്ഷിക്കുവാൻ കക്ഷി രാഷ്ട്രീയത്തിന് അതീതമായി ജനങ്ങൾ ഉണ്ടാകും എന്നതിന്റെയും തെളിവാണ് റെയ്ഡിനെതിരെ ഇന്നു നടന്ന ജനകീയ പ്രതിഷേധം.


ബിജെപി -യുഡിഎഫ് ധാരണയിൽ നടത്തിയ റെയ്ഡ് പൊളിഞ്ഞുപോയ സാഹചര്യത്തിൽ നിരപരാധികളായ പ്രവർത്തകരെ പ്രതിചേർത്തും, പാർടി ഓഫീസുകളിൽ കയറി അഴിഞ്ഞാടിയും കലുഷാന്തരീക്ഷം സൃഷ്ടിക്കാമെന്നാണ് ഭരണകൂടവും പോലീസും കരുതുന്നതെങ്കിൽ അതുനടക്കില്ല. കുറ്റക്കാരെ കസ്റ്റഡിയിൽ എടുക്കുന്നതിനെ ആരും എതിർക്കില്ല. അവർ കുറ്റക്കാരായിരിക്കണം എന്നു മാത്രമെന്നും സജി ചെറിയാൻ കൂട്ടിച്ചേർത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home