'ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണ' : രത്തൻ യു കേൽക്കറിന്റെ നിയമനത്തിൽ സജി ചെറിയാൻ

വി ഡി സതീശനും രത്തന്‍ യു കേല്‍ക്കറും (ഫേസ്ബുക്കില്‍ പങ്കുവെച്ച ചിത്രം) സജി ചെറിയാൻ (വലത്)
തിരുവനന്തപുരം: സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നിയന്ത്രിച്ച മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ, അതേ തെരഞ്ഞെടുപ്പിൽ വിജയിച്ച സർക്കാരിന്റെ മുഖ്യമന്ത്രിയുടെ ഏറ്റവും വിശ്വസ്ത സ്ഥാനങ്ങളിൽ ഒന്നായ പ്രിൻസിപ്പൽ സെക്രട്ടറി ആകുന്നത് കോൺഫ്ലിക്ട് ഓഫ് ഇന്ററസ്റ്റ് സംശയം സൃഷ്ടിക്കുന്നുവെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം സജി ചെറിയാൻ. ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണ എന്ന് അദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ജനാധിപത്യ സ്ഥാപനങ്ങളുടെ നിഷ്പക്ഷതയെ കുറിച്ചുള്ള പൊതുജന വിശ്വാസം തകർക്കുന്ന നടപടിയാണ് ഈ നിയമനം. യുഡിഎഫ് സർക്കാർ അധികാരമേറ്റ അന്നുമുതൽ തന്നെ ഭരണസംവിധാനത്തെ രാഷ്ട്രീയവൽക്കരിക്കുന്നതിനുള്ള നടപടികൾക്ക് തുടക്കമിട്ടിട്ടുണ്ട്. ഖേൽക്കറുടെ നിയമനം തികച്ചും രാഷ്ട്രീയ പ്രതിഫല നിയമനം (reward posting ) എന്ന നിലയിൽ മാത്രമേ നമുക്ക് കാണുവാൻ കഴിയൂവെന്നും അദേഹം പറഞ്ഞു.
പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പിൽ ചീഫ് ഇലക്ടറൽ ഓഫീസർ ആയിരുന്ന മനോജ് കുമാർ അഗർവാളിനെ ചീഫ് സെക്രട്ടറി ആയും സ്പെഷ്യൽ ഓഫീസർ ആയിരുന്ന സുബ്രത ഗുപ്തയെ മുഖ്യമന്ത്രി സുവേന്തു അധികാരിയുടെ മുഖ്യ ഉപദേഷ്ടാവായും നിയമിച്ചപ്പോൾ പ്രസ്തുത തെരഞ്ഞെടുപ്പിൽ ഉണ്ടായ വ്യാപകമായ സോഫ്റ്റ്‌വെയർ പിശകുകളും, സസ്പീഷ്യസ് വോട്ടർ പ്രശ്നങ്ങളും, സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ (SIR ) വഴി ഒഴിവാക്കപ്പെട്ട ലക്ഷക്കണക്കിന് വോട്ടർമാരുടെ എണ്ണവും ചൂണ്ടിക്കാട്ടി, ബിജെപിയെ അധികാരത്തിൽ എത്തിക്കുവാൻ ഒത്താശ ചെയ്ത ഉദ്യോഗസ്ഥർക്ക് കിട്ടിയ പ്രതിഫലമായാണ് പ്രതിപക്ഷം ഈ ഉദ്യോഗസ്ഥരുടെ നിയമനത്തെ വിശേഷിപ്പിച്ചത്.
"മോഷണം വലുതെങ്കിൽ പ്രതിഫലവും വലുതാണ്" എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം. ഇതേ വിഷയങ്ങൾ തന്നെയാണ് കേരളത്തിലെ നിയമസഭ ഇലക്ഷനും സംഭവിച്ചിട്ടുള്ളത്. എസ്ഐആറിൽ വ്യാപകമായ വോട്ട് ഒഴിവാക്കൽ ഉണ്ടായി. Absent-Shifted- Dead (ASD ) പട്ടികയിൽ ലക്ഷക്കണക്കിന് വോട്ടർമാരെയാണ് ഉൾപ്പെടുത്തിയത്. ബിജെപിയുടെ സീൽ പതിഞ്ഞ പേപ്പർ ഔദ്യോഗിക രേഖകൾക്കൊപ്പം കണ്ടെത്തി.
അനാവശ്യ ധൃതിയും, അനവസരത്തിൽ ഉള്ള നിർബന്ധ ബുദ്ധിയും കാരണം പരക്കെ വിമർശന വിധേയമായ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ബിഎൽഒ മാരുടെ രാജിമുതൽ ആത്മഹത്യ വരെ ഉണ്ടായി. പശ്ചിമബംഗാളിലെ പോലെ തന്നെ കേരളത്തിലും, ഉദ്ദിഷ്ടകാര്യത്തിനുള്ള ഉപകാരസ്മരണ എന്ന നിലയിൽ, തങ്ങളെ വിജയിപ്പിച്ചതിനുള്ള ഭരണകൂടത്തിന്റെ പ്രതിഫല നിയമനം ആയി മാത്രമേ കേൽക്കറുടെ സ്ഥാനലബ്‌ദിയെ കാണുവാൻ കഴിയുകയുള്ളുവെന്നും സജി ചെറിയാൻ കൂട്ടിച്ചേർത്തു.









0 comments