print edition സഫലം സ്‌നേഹസാഗരം ; പുനർഗേഹം ഫ്ലാറ്റിലേക്ക് 84 കുടുംബങ്ങൾ

പുനർഗേഹം പദ്ധതിയിൽ തിങ്കളാഴ്‌ച കുടുംബങ്ങൾക്ക് കൈമാറുന്ന ആലപ്പുഴ മണ്ണുംപുറത്തെ ‘സഫലം’ ഭവനസമുച്ചയം
ആലപ്പുഴ
മാനം കറുത്താൽ കര കാർന്നെടുക്കുന്ന തിരമാലകളെ പേടിച്ച് ഉറക്കമൊഴിച്ചിരുന്ന പുറക്കാട്ടെ തീരവാസികൾക്ക് ഇനി സുരക്ഷിതതീരത്ത് അന്തിയുറങ്ങാം. കലഹിച്ചെത്തുന്ന വേലിയേറ്റത്തെ ഭയക്കാതെ തീരത്തെ 84 കുടുംബങ്ങൾകൂടി എൽഡിഎഫ് സർക്കാർ ഒരുക്കിയ ഭവനസമുച്ചയത്തിലേക്ക്. ഫിഷറീസ് വകുപ്പിന്റെ സ്വപ്നപദ്ധതി പുനർഗേഹത്തിൽ നിർമിച്ച ‘സഫലം' ഭവനസമുച്ചയത്തിലെ പുതിയ വീടുകളുടെ താക്കോൽ തിങ്കൾ പകൽ 2.30-ന് മന്ത്രി സജി ചെറിയാൻ കുടുംബങ്ങൾക്ക് കൈമാറും.
കടലാക്രമണ ഭീഷണിയിൽക്കഴിഞ്ഞ നൂറുകണക്കിന് മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് അഭയമൊരുക്കുന്നതിനൊപ്പം ആധുനിക ജീവിതസൗകര്യങ്ങളും ഉറപ്പാക്കാനാണ് സർക്കാർ പുനർഗേഹം പദ്ധതിയിൽ ലക്ഷ്യമിടുന്നത്.
മഴക്കാലമെത്തിയാൽ കടൽകയറുമെന്ന ഭീതിയിൽ വീട്ടുപകരണങ്ങൾ കെട്ടിപ്പെറുക്കി ക്യാമ്പുകളിലേക്ക് ഓടിയ ദുരിതകാലത്തിനാണ് വിരാമമാകുന്നത്. തീരത്തുനിന്ന് 50 മീറ്ററിനുള്ളിൽ താമസിച്ചിരുന്ന 44 മത്സ്യത്തൊഴിലാളി കുടുംബങ്ങളാണ് ആദ്യഘട്ടത്തിൽ ഫ്ലാറ്റുകളിലേക്ക് മാറുന്നത്. അതിദാരിദ്ര്യ നിർമാർജന പദ്ധതിയിലെ 40 കുടുംബങ്ങൾക്കും സഫലം ഭവന സമുച്ചയത്തിൽ വീടൊരുങ്ങി.
ആകെ 204 ഭവനങ്ങൾ
റവന്യൂ വകുപ്പ് ഫിഷറീസ് വകുപ്പിന് കൈമാറിയ 3.48 ഏക്കർ ഭൂമിയിൽ 26.5 കോടി ചെലവിൽ പൂർത്തിയാക്കുന്ന പദ്ധതിയിൽ 204 ഭവനങ്ങളാണ് വിഭാവനം ചെയ്തിരിക്കുന്നത്. ആദ്യഘട്ടം പൂർത്തിയായ 84 വീടുകളാണ് തിങ്കളാഴ്‌ച കൈമാറുന്നത്. ഇതിനകം 100 കുടുംബങ്ങൾ സുരക്ഷിത ഭവനങ്ങളിലേക്ക് മാറി.
ഭൂരഹിതരായ 125 ഗുണഭോക്താക്കൾക്ക് ഭൂമി വാങ്ങാനും 568 കുടുംബങ്ങൾക്ക് വീട് വയ്‌ക്കാനും 950 പേർക്ക് ഭവന പുനരുദ്ധാരണ പദ്ധതിക്കും ധനസഹായം നൽകി.











0 comments