ഒടുവിൽ ബിജെപിയുമായി ചേർന്ന് കിഴക്കമ്പലത്തെ ട്വന്റി 20

സാബു ജേക്കബ് രാജീവ് ചന്ദ്രശേഖറിനൊപ്പം വാർത്താസമ്മേളനത്തിൽ
തിരുവനന്തപുരം: കിറ്റക്‌സ് കമ്പനി ഉടമ സാബു ജേക്കബിന്റെ ട്വന്റി 20 പാർടി എൻഡിഎ മുന്നണിയിൽ. ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറും ട്വന്റി- 20 അധ്യക്ഷൻ സാബു ജേക്കബും തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന പരിപാടിയിൽ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
കേരളത്തെ മാറ്റിയെടുക്കാനാണ് ബിജെപിക്കൊപ്പം പാർടി ചേരുന്നതെന്ന് സാബു ജേക്കബ് പറഞ്ഞു. എൻഡിഎയിൽ ആരുമായും തർക്കമുണ്ടാകില്ല. ജീവിതത്തിലെ നിർണായക തീരുമാനമാണ് ഇതെന്നും സാബു ജേക്കബ് മാധ്യമങ്ങളോട് പറഞ്ഞു
അരാഷ്ട്രീയവാദം ഉയർത്തിയ ട്വന്റി 20 പാർടി ഇന്ന് സംഘപരിവാറിനൊപ്പം പോകുമ്പോൾ തങ്ങളുടെ അണികളോട് മറുപടി പറയണമെന്ന് കുന്നത്തുനാട് എംഎൽഎ പി വി ശ്രീനിജൻ പ്രതികരിച്ചു. കച്ചവടതാൽപര്യത്തിനപ്പുറം സാബു ജേക്കബിന് കാഴ്ച്ചപാടില്ല. ട്വന്റി 20യുടെ പിന്തുണയോടെ കോൺഗ്രസ് ഭരിക്കുന്ന പുത്തൻകുരിശ് പഞ്ചായത്തിൽ പ്രസിഡന്റിന്റെ രാജി ആവശ്യപ്പെടാൻ എറണാകുളം ഡിസിസി തയ്യാറാണോ എന്നും ശ്രീനിജൻ ചോദിച്ചു.
ട്വന്റി 20 പാർടിയുടെ എൻഡിഎ പ്രവേശനം ഏറെക്കാലമായി ചർച്ച ചെയ്യപ്പെടുന്നുണ്ടായിരുന്നു. സംഘപരിവാറിന് കേരളത്തിലേക്ക് ചുവടുറപ്പിക്കാനായി നിയോഗിക്കപ്പെട്ടതാണ് ട്വന്റി 20യെന്ന് ആരോപിച്ച് പാർടിയുടെ മുൻനിര നേതാക്കൾ നേരത്തെ രാജിവെച്ചിരുന്നു.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ കനത്തതിരിച്ചടിയാണ് ട്വന്റി 20 നേരിട്ടത്. മുൻപുണ്ടായിരുന്ന നാല് പഞ്ചായത്തുകളിൽ രണ്ടെണ്ണവും രണ്ട് ജില്ലാ പഞ്ചായത്ത് ഡിവിഷനും ഒരു ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളും ട്വന്റി 20യെ കൈവിട്ടു. കിഴക്കമ്പലം, കുന്നത്തുനാട്, ഐക്കരനാട്, മഴുവന്നൂർ പഞ്ചായത്തുകളിൽ കിഴക്കമ്പലത്തും ഐക്കരനാടും മാത്രമാണ് ഇക്കുറി അവർക്ക് നിലനിർത്താനായത്.
പുത്തൻകുരിശ് ജില്ലാപഞ്ചായത്ത് ഡിവിഷനിൽ ട്വന്റി 20യെ രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളി എൽഡിഎഫ് മിന്നുംവിജയം നേടി. കോലഞ്ചേരി ജില്ലാ പഞ്ചായത്ത്, വടവുകോട് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളും ട്വന്റി 20യെ കൈവിട്ടു. ബ്ലോക്ക് പഞ്ചായത്തിൽ ആകെയുള്ള 14 ഡിവിഷനിൽ അഞ്ചുവീതം യുഡിഎഫും എൽഡിഎഫും നേടി.
ജില്ലയിലെ മുഴുവൻ നഗരസഭകളിലും കൊച്ചി കോർപറേഷനിലും സ്ഥാനാർഥികളെ നിർത്തിയിരുന്നു. ട്വന്റി 20 ഭരിച്ചയിടങ്ങളിലെ കമ്പനി ഉടമയുടെ ഏകാധിപത്യവും അഴിമതിയും കെടുകാര്യസ്ഥതയും തിരിച്ചടിയായി. പദ്ധതിവിഹിതം പാഴാക്കിയതും ഭരണത്തിലെ വീഴ്‌ചകളും തുറന്നുകാട്ടി എൽഡിഎഫ് നിരന്തര സമരത്തിലായിരുന്നു.










0 comments