print edition ദിവസം ലക്ഷത്തിലധികം തീർഥാടകർ ; ക്രമീകരണങ്ങൾ ഫലപ്രദം

ശബരിമലയിൽ ചൊവ്വാഴ്‌ചത്തെ തീർഥാടകത്തിരക്ക്
ശബരിമല
ശബരിമല നടതുറന്ന് പത്ത് ദിവസം പിന്നിടുമ്പോൾ സന്നിധാനത്ത് തീർഥാടകരുടെ അഭൂതപൂർവമായ തിരക്ക്. ദിവസമെത്തുന്ന തീർഥാടകരുടെ എണ്ണം ലക്ഷം കടന്നു. ശബരിമല നടതുറന്ന ശേഷമുള്ള ഏറ്റവും വലിയ തിരക്കാണ് തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി അനുഭവപ്പെട്ടത്. തിങ്കൾ പുലർച്ചെയോടെ തുടങ്ങിയ തിരക്ക് ചൊവ്വ രാത്രിയിലും തുടർന്നു. ചൊവ്വ വൈകിട്ട് ആറുവരെ 88, 987 തീർഥാടകർ മലചവിട്ടി. വലിയ തിരക്കനുഭവപ്പെട്ട തിങ്കളാഴ്‌ച 1,17, 369 തീർഥാടകർ മലചവിട്ടി. 11,886 തീർഥാടകർ സ്‌പോട്ട് ബുക്കിങ്ങിലൂടെ എത്തി. തിങ്കളാഴ്‌ചത്തെ വൻതിരക്ക് കണക്കിലെടുത്ത് ചൊവ്വാഴ്ച സ്‌പോട്ട് ബുക്കിങ് 5,000 ആയി നിജപ്പെടുത്തിയിരുന്നു. ഓരോ ദിവസത്തെയും തിരക്കനുസരിച്ച് സ്പോട്ട് ബുക്കിങ് അനുവദിക്കുന്നവരുടെ എണ്ണത്തിൽ മാറ്റംവരുത്താൻ ഹൈക്കോടതി അനുവാദം നൽകിയിരുന്നു. ദേവസ്വം ബോർഡും പൊലീസും തിരക്ക് വിലയിരുത്തിയാണ് സ്പോട്ട് ബുക്കിങ് അനുവദിക്കുന്നത്. തിരക്ക് കണക്കിലെടുത്ത് ദർശന സമയത്തിലും ചെറിയ ക്രമീകരണം ഏർപ്പെടുത്തി.
തിങ്കൾ രാത്രി ഹരിവരാസനം പാടി 11.15ന് ആണ് രാത്രി നടയടച്ചത്. ചൊവ്വ പകൽ 1.10ന് നടയടച്ചു. ദർശനസമയം നീട്ടിയും വേഗത്തിൽ പതിനെട്ടാംപടി കയറാൻ സഹായിച്ചും തീർഥാടകരുടെ തിരക്ക് കുറയ്‌ക്കുകയാണ് ലക്ഷ്യം. തിരക്ക് കൂടിയെങ്കിലും മികച്ച രീതിയിലുള്ള ക്രമീകരണങ്ങളാണ് സർക്കാരും ദേവസ്വം ബോർഡും ഒരുക്കിയിട്ടുള്ളത്.
നിലയ്‌ക്കലൊഴികെ തീർഥാടകരെ ഒരിടത്തും തടയുന്നില്ല. ക്യൂ കോംപ്ലക്‌സുകൾ പരമാവധി ഉപയോഗിച്ച് തിരക്ക് ക്രമീകരിക്കാനാണ് ശ്രമിക്കുന്നത്. സ്‌പോട്ട് ബുക്കിങ്ങിനായി എത്തുന്ന തീർഥാടകരെ നിലയ്‌ക്കലിൽ ക്രമീകരിച്ചാണ് പമ്പയിലേക്ക് അയക്കുന്നത്. കാനനപാതയിലൂടെയുള്ള തീർഥാടകരുടെ എണ്ണത്തിലും വർധനവുണ്ട്. മുക്കുഴി–പമ്പ പാതയിലൂടെ തിങ്കൾ വരെ 4483 തീർഥാടകർ എത്തിയെന്നാണ് കണക്ക്.
എരുമേലിയിലും സ്‌പോട്ട് ബുക്കിങ് അനുവദിക്കും: കെ ജയകുമാർ
എരുമേലിയിലും സ്‌പോട്ട് ബുക്കിങ് അനുവദിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ പറഞ്ഞു. ശബരിമലയിലെ ആദ്യ ദിവസങ്ങളിൽ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും ഇപ്പോൾ കാര്യങ്ങൾ നിയന്ത്രണവിധേയമാണെന്നും അദ്ദേഹം പറഞ്ഞു. ദേവസ്വം ബോർഡ് യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊലീസും ദേവസ്വവും തമ്മിലുള്ള ഏകീകരണം മെച്ചപ്പെട്ടു. ജീവനക്കാരുടെ മെസിനെക്കുറിച്ചുള്ള പ്രശ്നങ്ങൾ പരിഹരിച്ചു. ശബരിമലയിലെ അന്നദാനത്തിൽ കേരളീയ സദ്യ നൽകുന്നത് പരിഗണിക്കും. പന്തളത്തെ അന്നദാനത്തിലെ മെനുവിലും മാറ്റംവരുത്തും. അടുത്തവർഷത്തേക്കുള്ള തയ്യാറെടുപ്പ് തുടങ്ങണമെങ്കിൽ മാസ്റ്റർപ്ലാനിലെ പദ്ധതികൾ പ്രാവർത്തികമാകണം.
തീർഥാടനം സുഗമമാക്കാനുള്ള കാര്യങ്ങളാണ് ഇപ്പോൾ ചെയ്യുന്നത്. ദേവസ്വം ബോർഡ് മാസ്റ്റർ പ്ലാൻ പ്രത്യേകം അവലോകനം ചെയ്യും. ഫെബ്രുവരി ഒന്നിന് അടുത്തവർഷത്തെ തീർഥാടനത്തിനുള്ള ഒരുക്കങ്ങൾ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.










0 comments