print edition തിരക്കിലമർന്ന് ശബരിമല ; ഇന്ന് സ്‌പോട്ട് ബുക്കിങ് 5,000 പേർക്ക്

ശബരിമല
ശബരിമല സന്നിധാനത്തേക്ക് തീർഥാടകരുടെ പ്രവാഹം തുടരുന്നു. ശനി, ഞായർ ദിവസങ്ങളെ അപേക്ഷിച്ച് വൻ തിരക്കാണ് തിങ്കളാഴ്‌ച അനുഭവപ്പെട്ടത്. രാവിലെമുതൽ വലിയ നടപ്പന്തൽ നിറഞ്ഞ് തീർഥാടകരെത്തി. മണിക്കൂറുകൾ കാത്തുനിന്നാണ് പലർക്കും ദർശനം ലഭിച്ചത്. ഇൗ സാഹചര്യത്തിൽ ചൊവ്വാഴ്‌ച സ്‌പോട്ട് ബുക്കിങ് കുറച്ചു.
തിങ്കൾ വൈകിട്ട് അഞ്ചുവരെ 82,536പേർ മല ചവിട്ടി. ഞായറാഴ്ച 69,295 പേർ ദർശനം നടത്തി. എട്ടുലക്ഷത്തോളം തീർഥാടകരാണ് നട തുറന്നശേഷം ശബരിമലയിലെത്തിയത്. ചൊവ്വാഴ്‌ചയിലെ സ്‌പോട്ട് ബുക്കിങ് പരിധി 5,000 എണ്ണമായി നിജപ്പെടുത്തി. വെർച്വൽ ക്യൂ ബുക്കിങ് വഴി 70,000 തീർഥാടകർക്ക് ദർശനത്തിന് അവസരമുണ്ട്.
ഓരോ ദിവസത്തെയും തിരക്കനുസരിച്ച് സ്പോട്ട് ബുക്കിങ് അനുവദിക്കുന്നവരുടെ എണ്ണത്തിൽ മാറ്റം വരുത്താൻ ഹൈക്കോടതി അനുവാദം നൽകിയിരുന്നു. ദേവസ്വം ബോർഡും പൊലീസും തിരക്ക് വിലയിരുത്തിയാണ് സ്പോട്ട് ബുക്കിങ് അനുവദിക്കുന്നത്. നിലക്കലും വണ്ടിപ്പെരിയാറിലുമായി തിങ്കൾ വൈകിട്ട് അഞ്ചുവരെ സ്‌പോട്ട് ബുക്കിങ്ങിലൂടെ 10,083 പേർ ദർശനം നടത്തി. ഞായറാഴ്ച 11,516 പേരാണ് സ്‌പോട്ട് ബുക്കിങ് ഉപയോഗിച്ചത്. തീർഥാടകർ വർധിച്ചതോടെ അരവണ, അപ്പം കൗണ്ടറുകളിലും വലിയ തിരക്കുണ്ടായി. ദിവസം മൂന്ന് ലക്ഷത്തിലധികം ടിൻ അരവണ വിൽക്കുന്നു. ഇതിലൂടെ 24 കോടിയിലധികം രൂപയുടെ വരുമാനം ദേവസ്വം ബോർഡിന് ലഭിച്ചു.










0 comments