ad
Deshabhimani

ശബരിമലയിൽ റെക്കോർഡ്‌ വരുമാനം; 429 കോടി രൂപ; 51 ലക്ഷം തീർഥാടകരെത്തി

Sabarimala Crowd New

ഫോട്ടോ: ജയകൃഷ്ണന്‍ ഓമല്ലൂര്‍

avatar
സി ജെ ഹരികുമാർ

Published on Jan 13, 2026, 06:56 PM | 1 min read

ശബരിമല: ശബരിമലയിൽ മണ്ഡല– മകര വിളക്ക്‌ കാലത്തായി റെക്കോർഡ്‌ വരുമാനം. 429 കോടി രൂപയാണ്‌ ഇ‍ൗ സീസണിലെ വരുമാനം. 12–ാം തീയതി വരെയുള്ള കണക്കനുസരിച്ചാണ്‌ ഇത്‌. കഴിഞ്ഞ വർഷം ഇതേ സമയം 380 കോടിയായിരുന്നു വരുമാനം.


അപ്പം– അരവണയിൽ നിന്ന്‌ 190 കോടിയും (കഴിഞ്ഞവർഷം 160 കോടി) കാണിക്കയായി 110 കോടിയും (കഴിഞ്ഞ വർഷം 105 കോടി) ലഭിച്ചു. നാണയങ്ങൾ എണ്ണുന്ന ജോലികൾ പുരോഗമിക്കുകയാണ്‌. കൂടുതൽ ജീവനക്കാരെ നിയോഗിച്ച്‌ 20ന്‌ മുമ്പായി ഇത്‌ പൂർത്തിയാക്കും.


തിങ്കളാഴ്ച്ച വരെ 51 ലക്ഷം തീർഥാടകർ ദർശനത്തിനെത്തിയതായി ശബരിമലയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ പ്രസിഡന്റ്‌ കെ ജയകുമാർ പറഞ്ഞു. 44 ലക്ഷം മണ്ഡലകാലത്തും ഏഴ്‌ ലക്ഷം തീർഥാടകർ മകരവിളക്ക്‌ ഉത്സവത്തിനും എത്തി.


പരാതിരഹിത തീർഥാടനകാലത്തിനാണ്‌ സമാപ്‌തി ആകുന്നത്‌. മകരവിളക്ക്‌ ഉത്സവത്തിനായുള്ള ഒരുക്കങ്ങൾ എല്ലാം പൂർത്തിയായതായി പ്രസിഡന്റ്‌ പറഞ്ഞു. തീർഥാടകർ സുരക്ഷിതരായി മകരവിളക്ക്‌ ദർശിച്ച്‌ മടങ്ങുകയാണ്‌ പ്രധാന ലക്ഷ്യം. അടുത്ത മണ്ഡല– മകരവിളക്ക്‌ സീസണിനുള്ള ഒരുക്കങ്ങൾ ഫെബ്രുവരി മാസം ആരംഭിക്കും. ഫെബ്രുവരി ആറിന്‌ കഴിഞ്ഞ സീസണിന്റെ അവലോകനവും പുതിയ സീസണിന്റെ മുന്നൊരുക്കവും ആരംഭിക്കും. ഇ‍ൗ മകരവിളക്കിന്‌ മുറികൾ ശുപാർശകളിലൂടെ ചിലർ സ്വന്തമാക്കുന്നത്‌ തടയാനായിട്ടുണ്ട്‌. കൂടുതൽ ശതമാനം മുറികളും ഓൺലൈനായി പൊതുവായി തീർഥാടകർക്ക്‌ ഒരു ശുപാർശയും കൂടാതെ നൽകാനായി. ഡോണർ ‍ഹ‍ൗസുകളുടെ കാര്യത്തിലുള്ള ചില തെറ്റായ ശീലങ്ങളും തടയുമെന്നും കെ ജയകുമാർ പറഞ്ഞു.


ദേവസ്വം ബോർഡംഗങ്ങളായ കെ രാജുവും, വി ഡി സന്തോഷ്‌കുമാറും, എക്‌സിക്യുട്ടീവ്‌ ഓഫീസർ ഒ ജി ബിജുവും വാർത്താസമ്മേളനത്തിന്‌ ഒപ്പമുണ്ടായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home