സ്വർണക്കൊള്ളക്കാർക്ക് സോണിയയുമായി എന്ത് ബന്ധം? രാഹുലിനോട് ചോദ്യവുമായി സോഷ്യൽമീഡിയ

രാഹുൽ ഗാന്ധി (ഇടത്), സോണിയാ ഗാന്ധിക്കൊപ്പം ഉണ്ണികൃഷ്ണൻ പോറ്റി (വലത്)
തിരുവനന്തപുരം: ശബരിമലയിലെ സ്വർണക്കൊള്ളയിൽ കോൺഗ്രസ് നേതാക്കളുടെ പങ്ക് പകൽപോലെ വ്യക്തമായിട്ടും ഇതുവരെയും വ്യക്തമായ മറുപടി നൽകാൻ നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല. പകരം എൽഡിഎഫ് സർക്കാരിനെതിരെ പുകമറ സൃഷ്ടിക്കാനാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിലെത്തിയ രാഹുൽ ഗാന്ധി എംപിയും ശ്രമിച്ചത്. എന്നാൽ, കേസിൽ എൽഡിഎഫിനെതിരെ നുണപ്രചരിപ്പിച്ചും അയ്യപ്പഭക്തിഗാനത്തെ അവഹേളിച്ച് പാരഡിപാട്ടും പാടിയ രാഹുൽ ഗാന്ധിക്ക് കണക്കിന് മറുപടിയാണ് സോഷ്യൽമീഡിയ നൽകുന്നത്.
ശബരിമലയിലെ സ്വർണം എൽഡിഎഫ് സർക്കാർ കൊള്ളയടിച്ചു എന്നാണ് രാഹുൽ പത്തനംതിട്ടയിലെ യുഡിഎഫ് വേദിയിൽ ആരോപിച്ചത്. ഇതിന് പിന്നാലെ തന്നെ രാഹുലിന്റെ മാതാവും മുതിർന്ന കോൺഗ്രസ് നേതാവുമായ സോണിയാ ഗാന്ധിക്ക് സ്വർണക്കൊള്ളക്കേസ് പ്രിതകളുമായുള്ള ബന്ധം വീണ്ടും ചർച്ചയായി. പ്രധാനപ്രതി ഉണ്ണികൃഷ്ണൻ പോറ്റി സോണിയയുടെ വസതയിൽ എത്തി ഉപഹാരം നൽകുന്നതിന്റെ ചിത്രം സോഷ്യൽമീഡിയയിൽ വൈറലായി. സ്വർണം കട്ടത് ആരാണെന്നതിന് സ്വന്തം വീട്ടിൽ ചോദിച്ചാൽ രാഹുലിന് ഉത്തരം കിട്ടുമെന്നാണ് മറുപടികൾ ഉയർന്നത്.
മുഖ്യപ്രതികളായ ഉണ്ണിക്കൃഷ്ണൻ പോറ്റിക്കും ബെല്ലാരിയിലെ റൊദാം ജ്വല്ലറി ഉടമ ഗോവർധനും ഉന്നത കോൺഗ്രസ് കോൺഗ്രസ് നേതാക്കളുമായി എന്ത് തരത്തിലുള്ള ബന്ധമാണെന്നതും പ്രത്യേക അന്വേഷക സംഘം പരിശോധിക്കുന്നുണ്ട്. സോണിയ ഗാന്ധി കോൺഗ്രസ് അധ്യക്ഷയായിരിക്കെ ഗോവർധനും ഉണ്ണിക്കൃഷ്ണൻ പോറ്റിയും പലതവണ ഡൽഹിയിലെ വീട്ടിലെത്തി സന്ദർശിച്ചിരുന്നു. അതീവ സുരക്ഷയുള്ള സോണിയ ഗാന്ധിയുടെ വീട്ടിലെത്തിയത് എംപിമാരായ ആന്റോ ആന്റണിയുടെയും അടൂർ പ്രകാശിന്റെയും സഹായത്തോടെയാണ്. കെ കരുണാകരൻ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾക്ക് പോലും സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ചിരുന്നപ്പോൾ സ്വർണക്കൊള്ളക്കേസ് പ്രതികൾക്ക് എങ്ങനെ അനുമതി ലഭിച്ചിരുന്നു എന്ന ചോദ്യം മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ ഉന്നയിച്ചിരുന്നു. എന്നാൽ ഇതേവരേയ്ക്കും കോൺഗ്രസ് നേതാക്കൾ ഇതിന് ഉത്തരം നൽകിയിട്ടില്ല. ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകരോട് പ്രകോപിതനാകുകയായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശനും അടൂർ പ്രകാശും.
2004 ൽ ഉണ്ണിക്കൃഷ്ണൻപോറ്റിയെ ശബരിമലയിലെ പരികർമിയായി നിയമിച്ചത് യുഡിഎഫ് സർക്കാരിന്റെ സഹായത്തോടെയായിരുന്നു. ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്ന കോൺഗ്രസ് നേതാവ് പ്രയാർ ഗോപാലകൃഷ്ണൻ, കോൺഗ്രസ് നേതാവ് അജയ് തറയിൽ എന്നിവരായിരുന്നു അന്ന് ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ സംരക്ഷകർ. ഈ ബന്ധമെല്ലാം ഉപയോഗിച്ചാണ് ശബരിമലയിൽ പോറ്റിയും സംഘവും സ്വാധീനം നേടിയെടുത്തത്.
കോൺഗ്രസ് നേതാക്കളായ അടൂർ പ്രകാശ്, കെ മുരളീധരൻ എന്നിവരും ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ വീട്ടിൽ പലപ്പോഴും സന്ദർശനം നടത്തിയിട്ടുണ്ട്.
ഹൈക്കോടതി മേൽനോട്ടത്തിലുള്ള അന്വേഷണം ഫലപ്രദമായി മുന്നോട്ടുപോകവയൊണ് എൽഡിഎഫിനെ കരിവാരിത്തേക്കാനും സ്വർണക്കവർച്ചയിലെ സ്വന്തം നേതാക്കളുടെ പങ്ക് മൂടിവയ്ക്കാനും രാഹുൽ ഗാന്ധിയും ശ്രമിക്കുന്നത്.











0 comments