print edition ശബരിമല സ്വർണമോഷണക്കേസ്: നുണ എത്ര ആവർത്തിച്ചാലും ഹൈക്കമാൻഡ് ബന്ധം ഇല്ലാതാകുമോ

ഉണ്ണിക്കൃഷ്ണൻ പോറ്റി കോൺഗ്രസ് നേതാക്കൾക്കൊപ്പം (ഫയൽ)

സ്വന്തം ലേഖകൻ
Published on Apr 05, 2026, 02:01 AM | 2 min read
തിരുവനന്തപുരം: ഹൈക്കോടതി മേൽനോട്ടത്തിൽ നടക്കുന്ന ശബരിമല സ്വർണമോഷണക്കേസിനെക്കുറിച്ച് കോൺഗ്രസും ബിജെപിയും എത്ര നുണപ്രചാരണം നടത്തിയാലും സ്വർണക്കൊള്ളക്കാരുടെ ഹൈക്കമാൻഡ് ബന്ധം മറച്ചുവയ്ക്കാനാവില്ല.
കേസിലെ മുഖ്യപ്രതികളായ ഉണ്ണിക്കൃഷ്ണൻ പോറ്റി, ചെന്നൈ സ്‌മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരി, ബെല്ലാരിയിലെ റൊദാം ജ്വല്ലറി ഉടമ ഗോവർധൻ എന്നിവരുമായുള്ള കോൺഗ്രസ് നേതാക്കളുടെ ബന്ധം പ്രത്യേക സംഘം അന്വേഷിക്കുന്നുണ്ട്.
സോണിയ ഗാന്ധി കോൺഗ്രസ് അധ്യക്ഷയായിരിക്കെ ഗോവർധനും ഉണ്ണിക്കൃഷ്ണൻ പോറ്റിയും പലതവണ ഡൽഹിയിലെ വസതിയിലെത്തി സന്ദർശിച്ചിരുന്നു. സ്വർണ ആഭരണങ്ങൾ ഉൾപ്പെടെ സോണിയയ്ക്ക് ഉപഹാരമായി നൽകുന്ന ചിത്രങ്ങളും പുറത്തുവന്നു. അതീവ സുരക്ഷയുള്ള സോണിയ ഗാന്ധിയുടെ വീട്ടിൽ പോറ്റി എത്തിയത് എംപിമാരായ ആന്റോ ആന്റണിയുടെയും അടൂർ പ്രകാശിന്റെയും സഹായത്തോടെയാണ്. എന്നാൽ, സന്ദർശനത്തെക്കുറിച്ച് ഒരക്ഷരം എതിർത്ത് പറയാൻ കോൺഗ്രസ് നേതൃത്വം ഇതുവരെ തയ്യാറായില്ല.
2004ൽ, മുഖ്യപ്രതി ഉണ്ണിക്കൃഷ്‌ണൻ പോറ്റി ശബരിമലയുമായും തന്ത്രി കണ്ഠര് രാജീവരുമായും ബന്ധം സ്ഥാപിക്കുന്പോൾ കോൺഗ്രസ് നേതാക്കളായ കെ സി വേണുഗോപാലും ജി കാർത്തികേയനുമായിരുന്നു ദേവസ്വം മന്ത്രിമാർ. കോൺഗ്രസ് നേതാവ് ജി രാമൻ നായരായിരുന്നു അന്ന് ബോർഡ് പ്രസിഡന്റ്.
2006-ൽ എൽഡിഎഫ് സർക്കാർ വന്നതോടെ മലയിറങ്ങിയ പോറ്റി പിന്നീട് വരുന്നത് 2012ൽ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്താണ്. ചില കള്ളക്കളികൾ കണ്ടെത്തിയതോടെ ദേവസ്വം വിജിലൻസ് പോറ്റിയെ 2013ൽ പുറത്താക്കിയിരുന്നു. എന്നാൽ പോയ അതേ വേഗത്തിൽ 2014-ൽ വീണ്ടും മേൽശാന്തിയുടെ സഹായിയായെത്തി. അന്ന് ദേവസ്വം മന്ത്രി വി എസ് ശിവകുമാറും സഹോദരൻ വി എസ് ജയകുമാർ ദേവസ്വം സെക്രട്ടറിയുമായിരുന്നു.
2015-ൽ മുൻ കോൺഗ്രസ് എംഎൽഎ പ്രയാർ ഗോപാലകൃഷ്ണൻ ദേവസ്വം ബോർഡ് പ്രസിഡന്റും കോൺഗ്രസ് നേതാവ് അജയ് തറയിൽ അംഗമായി പുതിയ ഭരണസമിതി വന്നപ്പോഴും പോറ്റി ശബരിമലയിൽ വലിയസ്വാധീനം നേടി.
ഉണ്ണിക്കൃഷ്‌ണൻ പോറ്റിക്ക് ബിജെപി നേതാക്കളായ കർണാടക മുൻ മുഖ്യമന്ത്രി സദാനന്ദ ഗൗഡയും ഉപമുഖ്യമന്ത്രിയായിരുന്ന അശ്വന്ത് നാരായണുമായുമുള്ള ബന്ധം തെളിയിക്കുന്ന ചിത്രങ്ങളും പുറത്തുവന്നിരുന്നു. അടൂർ പ്രകാശും കെ മുരളീധരനും ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ വീട്ടിൽ സന്ദർശനം നടത്തി. സ്വർണം തട്ടിയെടുക്കാൻ കൂട്ടുനിന്നതും കോൺഗ്രസ് അനുകൂലികളായ ദേവസ്വം ബോർഡിലെ ഉദ്യോഗസ്ഥരായിരുന്നു.
ആന്റോ ആന്റണിയുടെ ഇടപാട് ദുരൂഹം അടൂർ പ്രകാശിന്റെ മൊഴിയിൽ വൈരുധ്യം
തിരുവനന്തപുരം: സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്ന നെടുംപറമ്പിൽ ഫിനാൻസിൽനിന്ന് ആന്റോ ആന്റണി രണ്ടുകോടി രൂപ വാങ്ങിയ സംഭവത്തിൽ വിജിലൻസിന്റെയും ഇഡിയുടെയും അന്വേഷണം തുടരുന്നു. ആന്റോ ആന്റണി പണം വാങ്ങിയതായി ധനകാര്യസ്ഥാപന ഉടമ എൻ എം രാജു വെളിപ്പെടുത്തിയിരുന്നു. പണം വാങ്ങിയതായി ആന്റോയും സമ്മതിച്ചിരുന്നു.
ശബരിമല സ്വർണമോഷണക്കേസിലെ പ്രതി തന്ത്രി കണ്ഠര് രാജീവര് രണ്ടര കോടി രൂപ രാജുവിന്റെ സ്ഥാപനത്തിൽ നിക്ഷേപിച്ചിരുന്നു. സ്ഥാപനം സാമ്പത്തിക ബാധ്യതമൂലം പിന്നീട് പൂട്ടിയപ്പോൾ പണം തിരികെക്കിട്ടാൻ തന്ത്രി പരാതി നൽകിയില്ലെന്നത് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. ഇൗ തുകയാണ് ആന്റോ ആന്റണി കൈക്കലാക്കിയതെന്നും ആരോപണമുണ്ട്.
സ്വർണക്കൊള്ളക്കേസിൽ യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെ പ്രത്യേക അന്വേഷക സംഘം ചോദ്യം ചെയ്തിരുന്നു. അന്ന് പല ചോദ്യങ്ങൾക്കും പരസ്പര വിരുദ്ധമായ മറുപടികളാണ് അടൂർ പ്രകാശ് നൽകിയത്. ക്രൈംബ്രാഞ്ച് എഡിജിപി എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തിൽ പൊലീസ് ആസ്ഥാനത്ത് മൂന്ന് മണിക്കൂറോളം അടൂർ പ്രകാശിനെ ചോദ്യം ചെയ്തിരുന്നു.









0 comments