ad
Deshabhimani

print edition ശുചീകരണം വേഗത്തിൽ; തിരക്കൊഴിഞ്ഞു, ദർശനം 19 വരെ

sabarimala
avatar
സി ജെ ഹരികുമാർ

Published on Jan 16, 2026, 12:59 AM | 1 min read

ശബരിമല : ശബരിമലയിൽ മകരവിളക്കും മകരസംക്രമപൂജയ്‌ക്കും ശേഷം തിരക്ക്‌ കുറവ്. ബുധൻ രാത്രി ഒന്നോടെ സന്നിധാനത്ത്‌ നിന്നും മകരവിളക്ക്‌ ദർശിച്ച തീർഥാടകർ മലയിറങ്ങി. പമ്പയിൽനിന്ന്‌ ഘട്ടംഘട്ടമായാണ്‌ തീർഥാടകരെ കടത്തിവിട്ടത്. 1,000 കെഎസ്‌ആർടിസി ബസുകളാണ്‌ തീർഥാടകർക്കായി തയ്യാറാക്കിയത്‌. ശുചീകരണ ജോലികൾ യുദ്ധകാലടിസ്ഥാനത്തിൽ പുരോഗമിക്കുന്നു. വ്യാഴം രാവിലെ തന്നെ പ്രധാനകേന്ദ്രങ്ങളിലെ മാലിന്യങ്ങൾ മാറ്റി ശുചീകരിച്ചു.


എഡിഎമ്മിന്റെ നേതൃത്വത്തിൽ വിശുദ്ധിസേനയും ശുചീകരണത്തൊഴിലാളികളും രംഗത്തുണ്ട്‌. ശുചീകരണ ജോലികൾ രണ്ടുദിവസം കൊണ്ട്‌ പൂർത്തിയാക്കും. തിരക്ക്‌ കുറഞ്ഞതോടെ സന്നിധാനത്തേയ്‌ക്കും തിരിച്ചുമുള്ള ചരക്ക്‌ നീക്കവും വേഗത്തിലായി. 17 വരെയാണ് തിരുവാഭരണം ചാര്‍ത്തിയുള്ള അയ്യപ്പദര്‍ശനം. 19 വരെയുള്ള ദിവസങ്ങളിൽ വെർച്വൽ ക്യൂ ബുക്കിങ്‌ നിയന്ത്രിച്ചിട്ടുണ്ട്‌. 18 വരെ 50,000 പേർക്കായിരിക്കും ബുക്കിങ് അനുവദിക്കുക. 19ന്‌ 30,000 പേർക്കാണ്‌ അനുമതി.


മകരവിളക്കിനുശേഷം സന്നിധാനത്തെ പ്രധാന ചടങ്ങുകളിലൊന്നായ വിളക്കിനെഴുന്നള്ളിപ്പ്‌ തുടങ്ങി. ബുധൻ രാത്രി 9.30നാണ് മാളികപ്പുറം മണിമണ്ഡപത്തിൽനിന്നുള്ള ആദ്യ എഴുന്നള്ളത്ത്‌ നടത്തിയത്. 18 വരെ നെയ്യഭിഷേകം. 19 വരെയാണ്‌ തീർഥാടകർക്ക്‌ ദർശനത്തിന്‌ അനുമതി. അന്ന്‌ രാത്രി പത്തിന്‌ നട അടയ്‌ക്കും. തുടർന്ന്‌ മാളികപ്പുറത്ത്‌ കുരുതി നടക്കും. 20ന്‌ പുലർച്ചെ പന്തളം രാജപ്രതിനിധി ദർശനം നടത്തുന്നതോടെ മണ്ഡല – മകരവിളക്ക്‌ സീസൺ പൂർത്തിയാക്കി നടയടക്കും. കുംഭമാസ പൂജകൾക്കായി ഫെബ്രുവരി 12ന്‌ നട തുറന്ന്‌ 17ന്‌ അടയ്‌ക്കും. ​​​ശബരിമല മകരവിളക്ക് തീര്‍ഥാടനകാലത്തെ പടിപൂജയ്ക്ക് വെള്ളിയാഴ്‌ച തുടക്കമാവും. ദീപാരാധനയ്‌ക്കുശേഷം 6.45ഓടെയാണ് പൂജ. ഒരു മണിക്കൂറോളം നീളുന്ന പൂജസമയത്ത്‌ തീർഥാടകര്‍ക്ക് പ്രവേശനമില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home