ad
Deshabhimani

print edition തിരുവാഭരണ ഘോഷയാത്ര പുറപ്പെട്ടു

sabarimala

പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിൽനിന്ന് തിരുവാഭരണ ഘോഷയാത്ര പുറപ്പെടുന്നു

avatar
എം  സുജേഷ്

Published on Jan 13, 2026, 02:10 AM | 1 min read


പന്തളം

മകരവിളക്കിന് ശബരിമല അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണങ്ങളുമായുള്ള ഘോഷയാത്ര പന്തളത്തുനിന്ന് പുറപ്പെട്ടു. പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിൽനിന്ന് പ്രത്യേക പൂജകൾക്ക്‌ ശേഷമാണ്‌ തിങ്കൾ പകൽ ഒന്നിന്‌ പേടകങ്ങൾ തലയിലേറ്റി തിരുവാഭരണ യാത്രാ സംഘം പുറപ്പെട്ടത്.


ഗുരുസ്വാമി മരുതവന ശിവൻകുട്ടി ശിരസ്സിലേറ്റിയ തിരുവാഭരണ പേടകമാണ് ആദ്യം പുറപ്പെട്ടത്. പിന്നാലെ കൊടിപ്പെട്ടിയും കലശപ്പെട്ടിയും ശിരസ്സിലേറ്റി മറ്റ് സ്വാമിമാരും പുറപ്പെട്ടു. പന്തളം കൊട്ടാരത്തിലെ ഏറ്റവും മുതിർന്ന അംഗം തിരുവോണം നാൾ രാമവർമ്മ രാജയുടെ പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ട പുണർതം നാൾ പി എൻ നാരായണവർമയാണ് ഘോഷയാത്രയ്ക്ക് നേതൃത്വം നൽകുന്നത്.


തിരുവാഭരണ ഘോഷയാത്രാസംഘം പന്തളം മണികണ്ഠൻ ആൽത്തറ വഴി കുളനട ദേവീക്ഷേത്രത്തിലെത്തി പെട്ടി തുറന്ന് ദർശനസൗകര്യം ഒരുക്കി. തുടർന്ന് ഘോഷയാത്ര ഉള്ളന്നൂർ, ആറന്മുള ക്ഷേത്രങ്ങൾ വഴി അയിരൂർ പുതിയകാവ് ക്ഷേത്രത്തിലെത്തി തിങ്കളാഴ്ചത്തെ യാത്ര അവസാനിപ്പിച്ചു. ചൊവ്വാഴ്ച പെരുനാടുവഴി ളാഹ വനംവകുപ്പ് സത്രത്തിൽ വൈകിട്ടെത്തുന്ന ഘോഷയാത്ര അവിടെ തങ്ങും. മകരവിളക്ക് ദിവസമായ ബുധനാഴ്ച കാനനപാതയിലൂടെ നീങ്ങുന്ന ഘോഷയാത്ര പ്ലാപ്പള്ളിയിൽനിന്ന് അട്ടത്തോടുവഴി വലിയാനവട്ടവും ചെറിയാനവട്ടവും കടന്ന് വൈകിട്ടോടെ ശരംകുത്തിയിലെത്തും. ഇവിടെനിന്ന് ദേവസ്വം ബോർഡ് അധികൃതർ ഘോഷയാത്രയെ സ്വീകരിച്ച് ശബരിമല സന്നിധാനത്ത് എത്തിക്കും. സന്ധ്യയോടെ വിഗ്രഹത്തിൽ തിരുവാഭരണങ്ങൾ ചാർത്തി ദീപാരാധന നടത്തും. തുടർന്ന് പൊന്നമ്പലമേട്ടിൽ മകരവിളക്ക്‌ തെളിക്കും.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home