തുടക്കത്തിൽ ചില മാധ്യമങ്ങൾ ഭീതി സൃഷ്ടിച്ചത് രാഷ്ട്രീയ ലക്ഷ്യത്തോടെ
print edition ശബരിമല ; സംതൃപ്‌തം മകരവിളക്ക് കാലം


സി ജെ ഹരികുമാർ
Published on Jan 15, 2026, 02:10 AM | 1 min read
ശബരിമല
ശബരിമലയിൽ തിരശീല വീഴുന്നത് സംതൃപ്‌തമായ ഒരു മണ്ഡല – മകരവിളക്ക് ഉത്സവകാലത്തിന്. രണ്ട് ലക്ഷത്തിലധികം തീർഥാടകർ മകരവിളക്ക് കണ്ട് മനംനിറഞ്ഞ് മടങ്ങിയതോടെ വിജയം നേടിയത് മാസങ്ങളായുള്ള ആസൂത്രണം. സംസ്ഥാന സർക്കാരിന്റെയും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെയും വിവിധ വകുപ്പുകളുടെയും കൂട്ടായ പ്രവർത്തനമാണ് മണ്ഡല –മകരവിളക്ക് കാലത്തെ സുഗമമായ ദർശനം ഉറപ്പാക്കിയത്.
51 ലക്ഷം തീർഥാടകരാണ് ഇക്കാലയളവിൽ ദർശനം നടത്തിയത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് തീർഥാടകരുടെ എണ്ണത്തിൽ വൻ വർധനവാണുണ്ടായത്. മുന്നൊരുക്കങ്ങളുടെ ഭാഗമായി തിരുവനന്തപുരത്തും പമ്പയിലുമായി നിരവധി തവണ യോഗം ചേർന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, ദേവസ്വം മന്ത്രി വി എൻ വാസവൻ, ആരോഗ്യമന്ത്രി വീണാ ജോർജ്, മന്ത്രി കെ ബി ഗണേഷ്‌കുമാർ തുടങ്ങിയവർ യോഗങ്ങളിൽ പങ്കെടുത്തു. ദേവസ്വം മന്ത്രി പലവട്ടം സന്നിധാനത്തെത്തി ഒരുക്കങ്ങൾ വിലയിരുത്തി.
തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി ചുമതലയേറ്റ കെ ജയകുമാറിന്റെ ശബരിമലയിലെ ഭരണപരിചയവും ഗുണം ചെയ്‌തു. തീർഥാടനത്തിന്റെ തുടക്കനാളുകളിൽ അനാവശ്യ ആശങ്കകൾ സൃഷ്‌ടിച്ച ചില മാധ്യമങ്ങൾക്കും സർക്കാർ, ബോർഡ് നടപടികളെ വിലമതിക്കേണ്ടി വന്നു.
18,741 പൊലീസ് ഉദ്യോഗസ്ഥരാണ് ആറുഘട്ടമായി സേവനമനുഷ്‌ഠിച്ചത്. വനംവകുപ്പ്, അഗ്‌നിരക്ഷാസേന, ആരോഗ്യവകുപ്പ് തുടങ്ങി 33 സർക്കാർ വകുപ്പുകളും ഏകോപനത്തോടെ പ്രവർത്തിച്ചു. സീസണിന്റെ തുടക്കത്തിലുണ്ടായ വിവാദങ്ങളും ശബരിമല സ്വർണാപഹരണവുമായി ബന്ധപ്പെട്ട അന്വേഷണ നടപടികളും തീർഥാടനത്തെ ഒരുവിധത്തിലും ബാധിച്ചില്ല. ശബരിമലയുടെ പേരിൽ കലാപത്തിന് ശ്രമിക്കുന്ന ചില സങ്കുചിത ചിന്താഗതിക്കാർക്കുള്ള മറുപടിയായിരുന്നു സന്നിധാനത്തേക്ക് ഒഴുകിയ ലക്ഷങ്ങൾ.
തിരക്ക് കാരണം ദർശനം നടത്താതെ മടങ്ങാൻ തീരുമാനിച്ച സംഘത്തെ പൊലീസ് സഹായത്തോടെ സന്നിധാനത്ത് എത്തിച്ച് ദർശനം സാധ്യമാക്കിയതിനും ഇൗ സീസൺ സാക്ഷിയായി. കാനനപാത വഴി ലക്ഷക്കണക്കിന് തീർഥാടകർ ഇക്കുറി സന്നിധാനത്തെത്തി. അരവണയും അപ്പവും സുലഭമായി നൽകി. അന്നദാനമായി ഉച്ചയ്‌ക്ക് തീർഥാടകർക്ക് സദ്യ വിളമ്പാനായത് ഇത്തവണത്തെ പ്രത്യേകതയാണ്. കെഎസ്‌ആർടിസിയും മികച്ച സേവനം കാഴ്‌ചവച്ചു.










0 comments