ശബരി സൂപ്പർഫാസ്‌റ്റാക്കി; വേഗംകൂട്ടൽ പേരിനുമാത്രം , നിരക്കും കൂടും

തിരുവനന്തപുരം
ശബരി എക്‌സ്‌പ്രസ് സൂപ്പർഫാസ്‌റ്റാക്കി റെയിൽവേ. സെപ്‌തംബർ 29 മുതലാണ് ശബരി സൂപ്പർഫാസ്‌റ്റാകുക. നമ്പറും മാറും. ടിക്കറ്റ് നിരക്കും കൂടും. തിരുവനന്തപുരം സെൻട്രൽ –-സെക്കന്തരാബാദ് സർവീസ്(20630)രാവിലെ 6.45 ന് പുറപ്പെട്ട് പിറ്റേന്ന് പകൽ 11 ന് സെക്കന്തരാബാദിൽ എത്തും. തിരിച്ചുള്ള സെക്കന്തരാബാദ്–തിരുവനന്തപുരം സെൻട്രൽ (20629) പകൽ 2.25 ന് പുറപ്പെട്ട് പിറ്റേന്ന് വൈകിട്ട് 6.20 ന് തിരുവനന്തപുരത്ത് എത്തും.
തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിനിന്റെ സമയത്തിൽ മാറ്റമില്ല. ചർലപ്പള്ളിവരെയുള്ള സ്‌റ്റേഷനുകളിൽ എത്തുന്ന സമയത്തിൽ ഒരുമിനിറ്റ് മുതൽ മൂന്ന് മിനിറ്റ്‌വരെ വ്യത്യാസമുണ്ട്. ട്രെയിൻ സെക്കന്തരാബാദ് വരെ സർവീസ് നടത്തും. നിലവിൽ ചർലപള്ളി വരെയാണ് സർവീസ്. മടക്കയാത്രയിലും മിനുട്ടുകളുടെ സമയവ്യത്യാസം മാത്രമാണുള്ളത്. പക്ഷേ സൂപ്പർഫാസ്‌റ്റ് ട്രെയിനായതിനാൽ ടിക്കറ്റ് നിരക്കിൽ വർധനയുണ്ടാകും.
ട്രെയിനിന്റെ സമയം മാറ്റണമെന്നത് യാത്രക്കാരുടെ ആവശ്യമായിരുന്നു. കായംകുളത്തുനിന്ന് കൊല്ലംവരെ എത്താൻ മുക്കാൽ മണിക്കൂറാണ് മറ്റ് ട്രെയിനുകൾ എടുക്കുന്നത്. എന്നാൽ ശബരി ഈ ദൂരം താണ്ടാൻ ഒരു മണിക്കൂർ 19 മിനിറ്റെടുക്കും. കായംകുളത്ത് 3.16 വന്ന് 4.36നാണ് കൊല്ലത്ത് എത്തുക. അറ്റകുറ്റപ്പണി തിരുവനന്തപുരത്തേക്ക് മാറ്റിയതോടെ പുതിയ ട്രെയിൻ അനുവദിക്കാനുള്ള സാധ്യതയും മങ്ങി. ട്രെയിൻ നേരത്തെ ആക്കിയിരുന്നെങ്കിൽ പാലക്കാട്–-തിരുവനന്തപുരം റൂട്ടിൽ പുതിയ ട്രെയിന് സാധ്യതയുണ്ടായിരുന്നു.
ട്രെയിന്‍ ഷെഡ്യൂളില്‍ മാറ്റമില്ല
ആലപ്പുഴ വഴി ശനിയാഴ്ച മുതൽ തിരിച്ചുവിടുമെന്ന് അറിയിച്ച ട്രെയിനുകൾ സാധാരണ ഷെഡ്യൂൾ പ്രകാരം സർവീസ് നടത്തുമെന്ന് റെയിൽവേ അറിയിച്ചു. ട്രെയിനുകൾ: തിരുവനന്തപുരം സെൻട്രൽ – ഡോ. എംജിആർ ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (12624), തിരുവനന്തപുരം നോർത്ത് – ശ്രീ ഗംഗാനഗർ എക്സ്പ്രസ് (16312), തിരുവനന്തപുരം നോർത്ത് – എസ്എംവിടി ബംഗളൂരു ഹംസഫർ എക്സ്പ്രസ് (16319), കന്യാകുമാരി – ദിബ്രുഗഡ് വിവേക് എക്സ്പ്രസ് (22503), തിരുവനന്തപുരം സെൻട്രൽ – മധുര അമൃത എക്സ്പ്രസ് (16343), തിരുവനന്തപുരം – മംഗളൂരു (16347), മധുര–- ഗുരുവായൂർ എക്സ്പ്രസ് (16327), ഗുരുവായൂർ – മധുര എക്സ്പ്രസ് (16328), നാഗർകോവിൽ – കോട്ടയം എക്സ്പ്രസ് (16366), ഡോ. എംജിആർ ചെന്നൈ സെൻട്രൽ – തിരുവനന്തപുരം സെൻട്രൽ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (12695), തിരുവനന്തപുരം – ഡോ. എംജിആർ ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (12696).









0 comments