ad
Deshabhimani

ഗുരുവും 
സഹപ്രവർത്തകനും ; സാനുമാസ്റ്ററെ ശിഷ്യനും എഴുത്തച്ഛൻ പുരസ്കാരജേതാവുമായ 
എസ് കെ വസന്തൻ ഓർക്കുന്നു

s k vasanthan
വെബ് ഡെസ്ക്

Published on Aug 03, 2025, 01:07 AM | 1 min read

1957ലാണ് മഹാരാജാസ് കോളേജിൽ മലയാളം എംഎ ആരംഭിക്കുന്നത്. ആ വർഷമാണ് സാനുമാഷ് അവിടെ അധ്യാപകനായും ഞാൻ എംഎ വിദ്യാർഥിയായും വന്നത്. രണ്ടുവർഷം മാഷുടെ ശിഷ്യനായി. ഒരുപക്ഷേ, സാനുമാഷുടെ ശിഷ്യരിൽ ഇന്ന് ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും പ്രായം കൂടിയ ആളായിരിക്കും ഞാൻ. ഇത്രയും വ്യക്തതയുള്ള ഒരു ക്ലാസ് മറ്റൊരാളിൽനിന്ന് ഞാൻ കേട്ടിട്ടില്ല. മാഷുടെ ക്ലാസ് കഴിഞ്ഞാൽ പിന്നെ സംശയങ്ങൾ അവശേഷിക്കില്ല.


എനിക്ക് അധ്യാപകനായി നിയമനം കിട്ടിയപ്പോൾ സാനുമാഷെയാണ് മാതൃകയാക്കിയത്. അതിൽ വിജയിച്ചോ എന്നൊന്നും അറിയില്ല. എറണാകുളത്ത് പോകുമ്പോഴെല്ലാം മാഷെ വീട്ടിൽ പോയി കാണാറുണ്ട്. എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചപ്പോൾ ആദ്യം പോയി കണ്ടത്‌ മാഷെയാണ്. എന്റെ ഭാര്യ മരിച്ചപ്പോൾ മാഷ് എന്നെ വീട്ടിൽവന്ന് കണ്ടിരുന്നു. കാലടി സംസ്കൃത സർവകലാശാല ആരംഭിച്ചപ്പോൾ വിസിറ്റിങ് പ്രൊഫസറായി സാനുമാഷും ലീലാവതി ടീച്ചറുമൊക്കെ അവിടെയുണ്ടായിരുന്നു. കാലടി സർവകലാശാലയിൽ അധ്യാപകനായിരുന്ന എനിക്ക് അങ്ങനെ സാനുമാഷുടെ സഹപ്രവർത്തകനാകാനും പറ്റി. മൂന്നുവർഷത്തോളം ആ മഹാരഥർക്കൊപ്പം പ്രവർത്തിച്ചു.


അക്കാലത്താണ് സാനുമാഷുമായി കൂടുതൽ അടുത്തത്. മാഷുടെ പഴയ കഥകളൊക്കെ അങ്ങനെയാണ് മനസ്സിലാക്കിയത്. എംഎൽഎയായിരുന്ന കാലത്തുമാത്രമാണ് കണ്ടുമുട്ടലുകൾ കുറഞ്ഞത്. ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിലെ സ്ഥിരം പ്രാസംഗികനായിരുന്നു സാനുമാഷ്. അക്കാലമായപ്പോഴേക്കും ഞാൻ ഇടപ്പള്ളി വിട്ടിരുന്നു.


ക്ലാസ് പോലെത്തന്നെ വ്യക്തതയുള്ളതായിരുന്നു മാഷുടെ പ്രസംഗവും. എന്നാൽ, ക്ലാസിന്റെ അത്ര ഒഴുക്ക് പ്രസംഗത്തിനുണ്ടെന്ന് തോന്നുന്നില്ല. എംഎയ്ക്ക് കേരളചരിത്രവും ആശാൻ കവിതകളുമാണ് മാഷ് ഞങ്ങളെ പഠിപ്പിച്ചത്. കേരളചരിത്രം അദ്ദേഹത്തിന് ഒട്ടും താൽപ്പര്യമുള്ള വിഷയമായിരുന്നില്ല. ആശാൻ കവിതകളാകട്ടെ, ഇത്ര മനോഹരമായി മറ്റൊരാൾക്ക് പഠിപ്പിക്കാനാകുമെന്ന് തോന്നുന്നില്ല. സാഹിത്യത്തിൽ കവിതയേക്കാൾ അദ്ദേഹത്തിന് പ്രിയപ്പെട്ടത് നാടകങ്ങളായിരുന്നു എന്നാണ് തോന്നിയിട്ടുള്ളത്.


മഹാരാജാസിൽ മാഷുടെ സെക്കൻഡ് ലാംഗ്വേജ് ക്ലാസ്‌റൂം ഏതാണ്ട് പൊതുയോഗംപോലെയാണ്. ഒരു ക്ലാസ്റൂമിൽ 120 കുട്ടികളൊക്കെ തിങ്ങിക്കൂടി ഇരിക്കും. മറ്റ് വിഷയങ്ങളുടെ ക്ലാസ് കട്ട് ചെയ്ത് മാഷുടെ ക്ലാസ് കേൾക്കാൻ കുട്ടികൾ വരും. ചിലപ്പോർ ഒരുമണിക്കൂറിന്റെ ക്ലാസ് ഒരു നേരം മുഴുവൻ തുടരും. മറ്റുള്ള അധ്യാപകർക്ക് അത്രയും സമയം ഒഴിവ്. ഇത് കാലടിയിൽ മാഷ് വിസിറ്റിങ് പ്രൊഫസറായി വന്നപ്പോഴും കണ്ടിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home