ad
Deshabhimani

print edition മലയാളക്കരയുടെ തേനും വയമ്പും

S Janaki

2002ൽ കമുകറ പുരസ്‌കാരം 
ഗവർണർ സിക്കന്ദർ ഭക്ത് 
ജാനകിക്ക് കെെമാറുന്നു

വെബ് ഡെസ്ക്

Published on Jul 13, 2026, 02:12 AM | 2 min read

മലയാളത്തോടും മലയാളികളോടും എക്കാലവും പ്രത്യേക മമത സൂക്ഷിച്ച ഗായിക. പ്രതിഭാശാലികളായ സംഗീതജ്‌ഞർക്കും ഗാനരചയിതാക്കൾക്കുമൊപ്പം പ്രവർത്തിച്ചതിൽ അഭിമാനിച്ചിരുന്നു അവർ. ശാസ്‌ത്രീയമായ സംഗീതപഠനത്തിന്റെ അടിത്തറ ഇല്ലാതിരുന്നിട്ടും ഇന്പമാർന്ന പാട്ടുകൊണ്ട്‌ തലമുറകളിൽ ജാനകിയമ്മ നിറഞ്ഞുനിന്നു. കാൽനൂറ്റാണ്ടുമുന്പ്‌ 2002ൽ കമുകറ പുരുഷോത്തമൻ പുരസ്‌കാരം സ്വീകരിക്കാൻ തിരുവനന്തപുരത്ത്‌ എത്തിയ എസ്‌ ജാനകിയുമായി നടത്തിയ അഭിമുഖം.


ശാസ്ത്രീയ സംഗീതം വേണ്ടത്ര പഠിച്ചിട്ടില്ലാത്തതുകൊണ്ട് ശാസ്ത്രീയ ഗാനങ്ങൾ പാടുമ്പോൾ ബുദ്ധിമുട്ട് അനുഭവപ്പെട്ടിട്ടുണ്ടോ


മലയാളികൾക്ക് ഏറെ പരിചിതമായ ശങ്കരാഭരണത്തിലെയടക്കം നൂറുകണക്കിന് ശാസ്ത്രീയ –ലഘു ശാസ്‌ത്രീയസംഗീത ഗാനങ്ങൾ പാടിയിട്ടുണ്ട്. ബുദ്ധിമുട്ടൊന്നും തോന്നിയിട്ടില്ല. ആസ്വാദകർക്ക്‌ അവയൊക്കെ ഇഷ്ടം. ആദ്യം വേണ്ടത് സിദ്ധിയും സംഗീതത്തോടുള്ള താൽപര്യവുമാണ്. ഞാൻ ആരുടെയും ശിഷ്യത്വം സ്വീകരിച്ചില്ല. ശാസ്ത്രീയ സംഗീതം പഠിച്ചിട്ടില്ല. സ്വരങ്ങളും സ്വരസ്ഥാനങ്ങളും ഹൃദിസ്ഥമാക്കാൻ ബുദ്ധിമുട്ടുണ്ടായില്ല. ഏകലവ്യനെപ്പോലെ സ്വയം പഠിച്ചു. അതിനാൽ ശാസ്‌ത്രീയ സംഗീതത്തിൽ എനിക്ക് ഗുരുക്കന്മാരില്ല. എന്നാൽ നാദസ്വര വിദ്വാൻ പൈഡിസ്വാമിയുടെ അടുത്ത് ഒരു സംഗീതം അഭ്യസിച്ചു.


നാദസ്വരവുമായി മത്സരിച്ച് പാടിയ 
അനുഭവം


1958ൽ ‘കൊഞ്ചും ചിലങ്കൈ’ എന്ന തമിഴ് ചിത്രത്തിൽ ‘ശിങ്കാരവേലനെ ദേവ’ എന്ന ഗാനം നാദസ്വരത്തിനൊപ്പം പാടി. മഹാവിദ്വാനായ കാരൈക്കുറച്ചി അരുണാചലമാണ് നാദസ്വരം വായിച്ചത്. എന്റെ ശബ്‌ദവും നാദസ്വരത്തിന്റെ ശ്രുതിയും ഒരുപോലെ ഇഴുകിച്ചേർന്നു. ഏറെ ഹിറ്റായ എന്റെ ആദ്യ അർധശാസ്‌ത്രീയ ഗാനമാണിത്. രണ്ടുദിവസത്തെ റിഹേഴ്‌സൽ ഉണ്ടായിരുന്നു. ഈ ഗാനം ജനങ്ങൾ സ്വീകരിച്ചു. മലയാളത്തിൽ നാമഗിരിപ്പേട്ട കൃഷ്‌ണന്റെ നാദസ്വരത്തിനൊപ്പം ‘അനുരാഗ നർത്തനത്തിൽ അരങ്ങേറ്റം’എന്ന ഗാനം പാടി. കന്നട സിനിമയിൽ ഉസ്‌താദ്‌ ബിസ്‌മില്ല ഖാന്റെ ഷഹനായിക്കും എം എസ് ഗോപാലകൃഷ്‌ണന്റെ വയലിനുമൊപ്പം പാടി. ഹരിപ്രസാദ് ച‍ൗരസ്യയുടെ പുല്ലാങ്കുഴലിനൊപ്പം മൂടൽമഞ്ഞിലും ബാല മൃദുകഥ എന്ന തെലുഗു സിനിമയിലും പാടി. അധികമാർക്കും ലഭിക്കാത്ത സൗഭാഗ്യം.


മലയാളിയുടെ സംഗീത അഭിരുചിയെപ്പറ്റി


മലയാളിയുടെ ശീലങ്ങളുടെ ഭാഗമാണ് സംഗീതം. സംഗീതത്തെ ഇത്രമാത്രം പ്രോത്സാഹിപ്പിക്കുകയും ഗായകരെ അഭിനന്ദിക്കുകയും ചെയ്യുന്നത്‌ മലയാളി മാത്രം. ഒരുകാലത്ത് മലയാളത്തിലെ തിരക്ക് കാരണം എത്രയോ ഹിന്ദി, തെലുഗു ഗാനങ്ങൾ തിരസ്‌കരിച്ചു.


മലയാള ഗാനങ്ങൾ അർഥം 
മനസ്സിലാക്കിയാണോ പാടിയത്


അർഥം മനസ്സിലാക്കി പാടിയതുകൊണ്ടാണ് ശുദ്ധമായും സ്‌-ഫുടമായും പാടാനായത്. ഗാനരചയിതാക്കളോടോ സംഗീത സംവിധായകരോടോ അർഥം ചോദിച്ചറിയും. പിന്നീട് തെലുഗുവിൽ ഗാനം എഴുതിയെടുത്തു പാടും.


ബാബുരാജ്‌ ചിട്ടപ്പെടുത്തിയ പാട്ടുകളാണല്ലേ കൂടുതലും പാടിയിട്ടുള്ളത്. മറ്റ് സംവിധായകരിൽനിന്ന് ബാബുക്കയെ വ്യത്യസ്‌തനാക്കുന്നതെന്താണ്‌


ആദ്യകാല സംഗീത സംവിധായകർക്കൊപ്പമെല്ലാം പാടിയിട്ടുണ്ട്. ദക്ഷിണാമൂർത്തിയുടെ താളബോധം ശാസ്‌ത്രീയ സംഗീത പ്രേമികളെ അമ്പരപ്പിക്കും. നാടോടി പാട്ടുകളുടെ സ്വാധീനവും കർണാട്ടിക്കിന്റെ ശ്രേഷ്‌ഠഗാംഭീര്യവും ഹിന്ദുസ്ഥാനിയുടെ മാധുരഭാവവും ജി ദേവരാജനെ വേറിട്ടു നിർത്തുന്നു. എന്നാൽ ‘ഗസൽ,’ ‘ഖവാലി’ എന്നിവയിലെ മനോഹര അംശങ്ങൾ തന്റെ സൃഷ്‌ടികളിൽ സന്നിവേശിപ്പിച്ചത് കൂടുതലായും ബാബുരാജാണ്. ആ ഗാനങ്ങൾ ഞാൻ പാടിയാലെ നന്നാവൂ എന്ന് അദ്ദേഹം വിശ്വസിച്ചിരുന്നുവെന്നു തോന്നുന്നു. മഹാഭൂരിപക്ഷം ഗാനങ്ങളും എന്നെക്കൊണ്ടാണ്‌ പാടിച്ചത്‌. സിദ്ധിയും സാധനയും കൈമുതലായുള്ള സംഗീതജ്‌ഞൻ.


കുട്ടികളുടെയും മുതിർന്നവരുടെയും പുരുഷന്റെയും പക്ഷികളുടെയുമൊക്കെ ശബ്ദത്തിൽ പാടാൻ കഴിയുന്നതെങ്ങനെയാണ്‌


സന്ദർഭം അനുസരിച്ച് മാറ്റിപ്പാടാൻ എനിക്ക് പ്രയാസം തോന്നിയിട്ടില്ല.


സംഗീതരംഗത്തെ പുതിയ മാറ്റങ്ങൾ


ഇലക്‌ട്രോണിക് ഉപകരണങ്ങളുടെ കടന്നുവരവാണ് പുതിയ മാറ്റത്തിന് ശക്തിപകർന്നത്. അത്‌ മനസ്സിനെ മഥിക്കുന്നതും സന്തോഷിപ്പിക്കുന്നതുമാണ്‌. എന്നാൽ ഇന്നത്തെ മാറ്റം ശാശ്വതമാണെന്ന് പറയാനാവില്ല. ആദ്യകാല മലയാള, കന്നട ഗാനങ്ങൾ ഇന്നും പുത്തൻ പോലെ നിൽക്കുന്നു. അവയ്‌ക്ക്‌ കൂടുതൽ മെലഡി ഉണ്ടായിരുന്നു.


മലയാളഗാനങ്ങൾ മെലഡിയിലേക്ക് 
തിരിച്ചു വരുമോ


തിരിച്ചുവരാം. ഇതൊരു കാരണം ഇതൊരു ‘സൈക്കിൾ’ ആണ്. കാലാന്തരത്തിൽ ഇന്നത്തെ സംഗീത ആസ്വാദന ശൈലി മാറി പഴമയിലേക്ക് തിരിച്ചു പോകും. കെ രാഘവൻ, ദക്ഷിണാമൂർത്തി, ബാബുരാജ്, ദേവരാജൻ, എം ബി ശ്രീനിവാസൻ എന്നിവരെപ്പോലെ അല്ല പുതിയ തലമുറ. ആസ്വാദനശീലങ്ങൾ മാറുമ്പോൾ സംഗീതവും മാറും.


ചില ഗാനങ്ങൾക്ക്‌ സംഗീതം നൽകിയിട്ടുണ്ടല്ലോ


മീരാ ഭജൻ കാസറ്റിൽ ആക്കിയപ്പോൾ അതിന് സംഗീതം നൽകി. പ്രേമഗാനങ്ങൾ തുടങ്ങി തമിഴ് ആൽബത്തിനും സംഗീതം നൽകി. എം എസ് സുബ്ബുലക്ഷ്‌മി പാടിയ വെങ്കിടേശ്വര സുപ്രഭാതം സംഗീത നൽകി ആലപിച്ചു.



എസ്‌ ജാനകി/ 
സുരേഷ്‌ വെള്ളിമംഗലം




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home