ad
Deshabhimani

print edition കെ എൻ പണിക്കർ മെമ്മോറിയൽ കോൺഫറൻസിന്‌ തുടക്കം; ചരിത്രം സ്ഥിരമായ അറിവല്ല: റൊമില ഥാപ്പർ

Romila Thapar
വെബ് ഡെസ്ക്

Published on Mar 26, 2026, 02:06 AM | 1 min read

തിരുവനന്തപുരം: ചരിത്രം ഒരു സ്ഥിരമായ അറിവല്ല എന്നും അത് നിരന്തരം ചോദ്യം ചെയ്യപ്പെടുകയും പുതുക്കിപ്പണിയപ്പെടുകയും ചെയ്യുന്ന ബൗദ്ധിക പ്രക്രിയയാണെന്നും വിഖ്യാത ചരിത്രകാരി പ്രൊഫ. റൊമില ഥാപ്പർ. ഡോ. കെ എൻ പണിക്കർ ഈ അന്വേഷണാത്മക ചരിത്രബോധത്തിന്റെ ശക്തനായ പ്രതിനിധിയായിരുന്നു.


ഇന്ത്യൻ ചരിത്രത്തെക്കുറിച്ചുള്ള കൊളോണിയൽ വ്യാഖ്യാനങ്ങൾ പാശ്ചാത്യ കാഴ്ചപ്പാടുകളിൽനിന്നാണ് രൂപപ്പെട്ടത്. അവയെ വിമർശാത്മകമായി പുനഃപരിശോധിക്കേണ്ടത് അനിവാര്യമാണെന്നും റൊമില ഥാപ്പർ പറഞ്ഞു.

പ്രമുഖ ചരിത്രകാരനായിരുന്ന കെ എൻ പണിക്കരെ അനുസ്മരിച്ച്‌ കെസിഎച്ച്ആർ സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയ കോൺഫറൻസ് ഓൺലൈനായി ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അവർ.


കൊളോണിയൽ വ്യാഖ്യാനങ്ങളുടെ ഭാഗമായി രൂപപ്പെട്ട ഹിന്ദു, മുസ്ലിം രാഷ്‌ട്രനിർമിതികളെ അംഗീകരിക്കുകയാണ് ഹിന്ദുത്വവാദികൾ ചെയ്തതെങ്കിലും ആധുനിക ചരിത്ര ഗവേഷണങ്ങൾ അവ പഠിക്കുകയും നിരാകരിക്കുകയും ചെയ്‌തു. അത്‌ ദേശീയ ചരിത്രത്തോട് ചേർന്ന് വളരുന്ന ആശയമാണെന്നും അത് മതനിരപേക്ഷതയിൽ അധിഷ്ഠിതമാകുമ്പോഴാണ് പുരോഗമനപരമാവുക എന്നും റൊമില ചൂണ്ടിക്കാട്ടി.


ആദ്യദിനത്തിൽ ചരിത്രം, വിദ്യാഭ്യാസം, സാംസ്കാരിക പ്രവർത്തനം തുടങ്ങിയ വിഷയങ്ങളിൽ എം വി നാരായണൻ, എ ആർ വെങ്കടചലപതി, ജി അരുണിമ, വി ജെ വർഗീസ്, ഗോപിനാഥ് രവീന്ദ്രൻ, പി പി ഷാനവാസ് എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. അനുസ്മരണ സെഷനിൽ കെസിഎച്ച്ആർ മുൻ ഡയറക്ടർ പി ജെ ചെറിയാൻ സംസാരിച്ചു.


ചൈത്രം ഹോട്ടലിലാണ്‌ കോൺഫറൻസ്‌. കെസിഎച്ച്ആർ ചെയർപേഴ്സൺ പ്രൊഫ. കെ എൻ ഗണേഷ്‌, റിസർച്ച് ഓഫീസർ ഡോ. സി എം ജസീറ, ഡോ.പി എസ്‌ ഫാഷിയ , പബ്ലിക്കേഷൻ അസിസ്റ്റന്റ്‌ എസ്‌ എൻ സന്ധ്യ തുടങ്ങിയവരും സംസാരിച്ചു. സമാപന ദിവസമായ വ്യാഴാഴ്‌ച എട്ട്‌ സെഷനുകളിൽ പ്രഭാത്‌ പട്‌നായിക്‌ ഉൾപ്പെടെയുള്ളവർ സംസാരിക്കും. പകൽ മൂന്നിന്‌ കെ എൻ പണിക്കർ അനുസ്‌മരണ പരിപാടിയിൽ സിപിഐ എം ജനറൽസെക്രട്ടറി എം എ ബേബി പങ്കെടുക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home