print edition കവർച്ചയുടെ സൂത്രധാരൻ നേതാവ്; കോൺഗ്രസ് വെട്ടിൽ

സജീർ കെ സി വേണുഗോപാലുമൊത്ത്
തുറവൂർ : പൊന്നാംവെളി സൗമ്യ ജ്വല്ലറി ഉടമ സലീപനെ ആക്രമിച്ച് പണം കവർന്ന കേസിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി എക്സിക്യൂട്ടീവ് അംഗം പിടിയിലായതോടെ നിൽക്കക്കള്ളിയില്ലാതെ കോൺഗ്രസ് നേതൃത്വം. കവർച്ച ആസൂത്രണം ചെയ്ത് നടപ്പാക്കാൻ കൂട്ടാളികളെ വിട്ട് മാറി നിന്നെങ്കിലും പട്ടണക്കാട് പൊലീസിന്റെ നിർഭയമായ അന്വേഷണത്തിൽ കോൺഗ്രസ് നേതാവ് സജീർ യൂസഫ് കുടുങ്ങി.
സംഭവശേഷം നാണക്കേടിൽനിന്ന് തടിയൂരാൻ സജീറിനെ പുറത്താക്കിയെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും കോണ്‍ഗ്രസില്‍ അടിഞ്ഞുകൂടുന്ന ക്രിമിനൽ സംഘത്തെ തള്ളിപ്പറയാനാകാത്ത ഗതികേടിലാണ് നേതൃത്വം.
വിദ്യാർഥികാലം തൊട്ടേ കെഎസ്-യു പ്രവർത്തകനായിരുന്ന സജീർ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. നിലവിൽ പട്ടണക്കാട് സർവീസ് സഹകരണ ബാങ്ക് 1144 ഡയറക്ടർ ബോർഡംഗമാണ്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ സ്ഥാനാർഥിയായി മത്സരിക്കാന്‍ ഉറപ്പിച്ചിരുന്നെങ്കിലും സീറ്റ് നഷ്‌ടപ്പെട്ടു. യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതോടെ കോൺഗ്രസ് വക്താവായി.
പട്ടണക്കാട് സ്റ്റേഷനിൽ പ്രതികളെ ജാമ്യത്തിലിറക്കാനും മറ്റുമായി ഇടപെട്ട് സജീര്‍ സജീവമാണ്. കോൺഗ്രസിന്റെ ഉയർന്ന നേതാക്കളുമായി അടുത്ത ബന്ധമാണ്. നേതാക്കള്‍ക്കൊപ്പം നിൽക്കുന്ന സജീറിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചത് കേസില്‍ പെട്ടതോടെ കോൺഗ്രസിനെയും നേതാക്കളെയും വെട്ടിലാക്കിയിട്ടുണ്ട്.






0 comments