Deshabhimani

ആൾക്കൂട്ടത്തിനിടയിൽ കവർച്ച; സംഘത്തിലെ മൂന്നുപേർ പിടിയിൽ

Robbery Case
വെബ് ഡെസ്ക്

Published on Sep 16, 2026, 08:18 AM | 1 min read

തിരുനെല്ലി: ആൾക്കൂട്ടത്തിനിടയിൽ നിന്ന് കവർച്ച നടത്തുന്ന സംഘത്തിലെ മൂന്നുപേർ പിടിയിൽ. തമിഴ്‌നാട് സേലം, അമ്മപ്പേട്ട് സ്വദേശികളായ വള്ളിയമ്മാൾ (ബിന്ദു-47), ദേവി (തിലോത്തമ-53), മധുര, മുത്തുപ്പട്ടി പൊന്നി (39) എന്നിവരെയാണ് വയനാട് പൊലീസ് സംഘം പിടികൂടിയത്. കർണാടകയിലെ മൽപേ ബീച്ചിൽ നിന്നുമാണ് മൂവരും പിടിയിലായത്. ഇതോടെ മാലകവർച്ചാ കേസുകളിൽ ജില്ലയിൽ പിടിയിലായവരുടെ എണ്ണം പത്തായി. കേരളത്തിലും തമിഴ്നാട്ടിലും കർണാടകയിലും ആന്ധ്രപ്രദേശിലുമെല്ലാം വ്യാപിച്ചുകിടക്കുന്ന പിടിച്ചുപറി സംഘത്തിൽപ്പെട്ടവരാണ് ഇവരെന്ന് പൊലീസ് പറയുന്നു.


ഓഗസ്റ്റ് 12-ന് രാവിലെ തിരുനെല്ലി ക്ഷേത്രത്തിൽ കർക്കടക വാവുബലിക്കായി എത്തിയ സ്ത്രീയുടെ ഒന്നേമുക്കാൽ പവന്റെ സ്വർണമാല അന്നദാനമണ്ഡപത്തിൽനിന്ന് ഇവർ കവർന്നിരുന്നു. ഈ കേസിലാണ് ഇവരെ പൊലീസ് പിടികൂടിയത്. അന്വേഷണത്തിന്റെ ഭാഗമായി വയനാട് പോലീസ് ചെന്നൈയിൽ എത്തിയപ്പോഴാണ് കവർച്ചാസംഘം വിനായക ചതുർഥി മഹോത്സവത്തിന്റെ ഭാഗമായി മംഗലാപുരത്തേക്ക് നീങ്ങിയതായി കണ്ടെത്തി. ഉടനെ മറ്റൊരുസംഘം മംഗലാപുരത്തേക്ക് തിരിച്ചു. എന്നാൽ, കവർച്ചസംഘം ഉഡുപ്പിയിലേക്ക് പോയതായി മനസ്സിലാക്കി.


ഇതോടെ ഉഡുപ്പിയിലും പരിസരപ്രദേശങ്ങളിലും പൊലീസ് വേഷംമാറി അന്വേഷണം നടത്തി. തുടർന്ന് കർണാടകയിലെ മൽപേ ബീച്ചിനടുത്തുവെച്ച് ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കൂട്ടായും ചെറിയസംഘങ്ങളായി തിരിഞ്ഞും ഉത്സവങ്ങൾ, മറ്റു ആഘോഷങ്ങൾ, തിരക്കുള്ള ബസുകൾ എന്നിവിടങ്ങളിൽ കവർച്ചനടത്തുന്നതാണ് സംഘത്തിന്റെ പതിവുരീതി. ഇവരെ ചോദ്യം ചെയ്തുവരികയാണ്. ‌






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home