ഡിവെെഎഫ്ഐ സംസ്ഥാന സമ്മേളനം തുടങ്ങി
print edition ഉദിച്ചു; കേരളത്തിന്റെ സൂര്യശോഭ

ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനം തൃശൂർ റീജണൽ തിയറ്ററിലെ പുഷ്-പൻ നഗറിൽ നടനും ആക്-ടിവിസ്റ്റുമായ പ്രകാശ് രാജ് ഉദ്ഘാടനം ചെയ്യുന്നു ഫോട്ടോ: സുരേന്ദ്രൻ മടിക്കൈ

സി എ പ്രേമചന്ദ്രൻ
Published on Aug 21, 2026, 01:30 AM | 1 min read
പുഷ്‌പൻ നഗർ (തൃശൂർ റീജണൽ തിയറ്റർ): സഹനത്തിന്റെ സൂര്യസ്‌മരണ നിറഞ്ഞ വേദിയിൽ സമരയൗവനത്തിന്റെ മഹാസംഗമം. കൂത്തുപറന്പ് രക്തസാക്ഷി സഖാവ് പുഷ്‌പന്റെ ഓർമകൾ ഉണർത്തി, തൃശൂർ കെ ടി മുഹമ്മദ് സ്‌മാരക റീജണൽ തിയറ്ററിൽ (പുഷ്‌പൻ നഗർ) ഡിവൈഎഫ്‌ഐയുടെ 16–ാം സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തിന് തുടക്കമായി. കാലത്തിന്റെ കടമകളേറ്റെടുത്ത് കർമവീഥികളിൽ കാലിടറാതെനിന്നവർ, കരൾ പകുത്തേകിയും രക്തം നൽകിയും സമൂഹത്തിനായി ജീവിതം സമർപ്പിച്ചവർ, ഇവർക്കൊപ്പം പ്രൊഫഷണൽ പ്രതിനിധികളും ഭാവികേരളത്തിന്റെ പ്രതീക്ഷകൾക്ക് ശോഭ പടർത്താനെത്തി.
സംസ്ഥാന പ്രസിഡന്റ് വി വസീഫ് പതാക ഉയർത്തി. കേന്ദ്ര–സംസ്ഥാന നേതാക്കളും പ്രതിനിധികളും രക്തസാക്ഷി മണ്ഡപത്തിൽ രക്തപുഷ്‌പങ്ങൾ അർപ്പിച്ചു. ഇൻക്വിലാബിന്റെ ഇടിമുഴക്കത്തോടൊപ്പം വൈറ്റ് വളന്റിയർമാരുടെ ബാൻഡ് വാദ്യവുമായി സ്വാഗതഗാനത്തോടെ പ്രതിനിധികളെ വരവേറ്റു. പ്രതിനിധി സമ്മേളനം നടനും ആക്‌റ്റിവിസ്റ്റുമായ പ്രകാശ് രാജ് ഉദ്‌ഘാടനം ചെയ്‌തു. ഉദ്‌ഘാടന ചടങ്ങിൽ വി വസീഫ് താൽക്കാലിക അധ്യക്ഷനായി. യുവധാര പുരസ്‌കാരങ്ങളും സമ്മാനിച്ചു.
സാമ്പത്തിക ശാസ്‌ത്രജ്ഞൻ ഡോ. വി കെ രാമചന്ദ്രൻ സംസാരിച്ചു. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എം ഷാജർ രക്തസാക്ഷി പ്രമേയവും ആർ രാഹുൽ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി വി കെ സനോജ് പ്രവർത്തന റിപ്പോർട്ടും അഖിലേന്ത്യ സെക്രട്ടറി ഹിമാഘ്‌നരാജ് ഭട്ടാചാര്യ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. സംഘാടക സമിതി ചെയർമാൻ കെ വി അബ്‌ദുൾ ഖാദർ സ്വാഗതം പറഞ്ഞു. അഖിലേന്ത്യ പ്രസിഡന്റ് എ എ റഹിം, ട്രഷറർ സജീവ് കുമാർ, കേന്ദ്ര സെക്രട്ടറിയറ്റംഗം ജെയ്‌ക് സി തോമസ്, തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റ് ജി സെൽവരാജ്, സെക്രട്ടറി എസ് കാർത്തിക് എന്നിവർ പങ്കെടുക്കുന്നു. 20 സൗഹാർദ പ്രതിനിധികളടക്കം 620 പേരാണ് സമ്മേളനത്തിലുള്ളത്. രക്തസാക്ഷി കുടുംബസംഗമം വെള്ളി വൈകിട്ട് അഞ്ചിന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്‌ഘാടനം ചെയ്യും. ശനിയാഴ്‌ച യൂത്ത് ബ്രിഗേഡ് പരേഡ്, പൊതുസമ്മേളനം എന്നിവയോടെ സമാപിക്കും. വൈകിട്ട് അഞ്ചിന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഉദ്‌ഘാടനംചെയ്യും.









0 comments