ഇനിയും അതിജീവിതകളുണ്ട്; പരാതിയുമായി മുന്നോട്ട് വരണമെന്ന് റിനി ആൻ ജോർജ്

കൊച്ചി: ലൈംഗിക പീഡന പരാതിയെ തുടർന്ന് അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ പരാതികളുമായി അതിജീവിതകൾ ധൈര്യത്തോടെ മുന്നോട്ടുവരണമെന്ന് നടി റിനി ആൻ ജോർജ്. ഇനിയും അതിജീവിതകളുണ്ട്. അവരെല്ലാം മുന്നോട്ട് വരണം. അവർക്കുണ്ടായ പ്രശ്‌നങ്ങൾ പുറത്തുപറയണമെന്നും റിനി പറഞ്ഞു. മൂന്നാമത്തെ ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിലായതിന് പിന്നാലെയാണ് നടി മാധ്യമങ്ങളോട് പ്രതികരിച്ചത്.
ഇ മെയിൽ വഴി ലഭിച്ച പുതിയ ലൈംഗിക പീഡന പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് പാലക്കാട് നിന്ന് രാഹുലിനെ അറസ്റ്റ് ചെയ്തത്. മൂന്നാമത്തെ പീഡന പരാതിയിൽ ദേഹോപദ്രവം, സാമ്പത്തിക ചൂഷണം, നിർബന്ധിത ഗർഭച്ഛിദ്രം അടക്കമുള്ള ഗുരുതര ആരോപണങ്ങളാണുള്ളത്. ആദ്യ കൂടിക്കാഴ്ചയിൽ തന്നെ രാഹുൽ അതിക്രൂരമായി ബലാത്സംഗം ചെയ്തുവെന്നും സാമ്പത്തികമായി ചൂഷണം ചെയ്തുവെന്നും അതിജീവിത മൊഴിയിൽ പറയുന്നു.
ആദ്യ ലൈംഗികപീഡന കേസിൽ രാഹുലിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരുന്നു. രണ്ടാം കേസിൽ വിചാരണകോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.ആദ്യ കേസിലേതിന് സമാനമായ രീതിയിൽ ഈ കേസിലും കുട്ടിവേണമെന്ന് രാഹുൽ യുവതിയോട് ആവശ്യപ്പെട്ടിരുന്നു. ഓവുലേഷൻ സമയമാണെന്ന് പറഞ്ഞിട്ടും കുഞ്ഞ് ഉണ്ടാകട്ടെ എന്ന് പറഞ്ഞ് രാഹുൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയായിരുന്നു. മുഖത്തും ശരീരത്തിലും അടിക്കുകയും ദേഹത്ത് മുറിവുകൾ ഉണ്ടാക്കുകയും ചെയ്തു. ഈ കൂടിക്കാഴ്ചയ്ക്ക് ശേഷവും രാഹുൽ കാണണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും താൻ പോയില്ലെന്ന് യുവതി പറയുന്നുണ്ട്.
വിവാഹം കഴിക്കാമെന്ന വ്യാജേനയാണ് താനുമായി ബന്ധത്തിലായതെന്നും ഒരു കുഞ്ഞുണ്ടായാൽ വിവാഹം വളരെ വേഗത്തിൽ നടക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചുവെന്നും പരാതിക്കാരി പറയുന്നു. നേരിൽ കാണാൻ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി. ഹോട്ടലിന്റെ പേര് നിർദേശിച്ച് റൂം ബുക്ക് ചെയ്യാൻ യുവതിയോട് ആവശ്യപ്പെട്ടു. റൂമിൽ എത്തിയ രാഹുൽ സംസാരിക്കാൻ പോലും നിൽക്കാതെ ശാരീരികമായി കടന്നാക്രമിച്ചു. അതിക്രൂരമായ പീഡനമാണ് നേരിട്ടതെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്.










0 comments