പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ രണ്ടാനച്ഛന് ഏഴ് വർഷം കഠിന തടവും 25,000 രൂപ പിഴയും

തിരുവനന്തപുരം: പതിനാറുകാരിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ രണ്ടാനച്ഛന് ഏഴുവർഷം കഠിന തടവും 25,000 രൂപ പിഴ. പിഴ അടച്ചില്ലെങ്കിൽ പ്രതി മൂന്നുമാസം അധിക തടവ് അനുഭവിക്കണം എന്നും തിരുവനന്തപുരം അധിവേഗ പ്രത്യേക പോക്‌സോ കോടതി ആർ രേഖ വിധിച്ചു.
2020 ആഗസ്ത് മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. രണ്ടാനച്ഛനും അമ്മയ്ക്കൊപ്പം ബാലരാമപുരത്ത് താമസിക്കുമ്പോഴാണ് അതിക്രമ ശ്രമം. കുട്ടി അടുത്ത ദിവസം തന്നെ അച്ഛന്റെ ബന്ധുക്കളെ വിവരം അറിയിച്ചു. ഇവർ എത്തി കുട്ടിയെ കൊണ്ടുപോകുകയായിരുന്നു. ഇതിനുമുൻപും പലതവണ രണ്ടാനച്ഛൻ പീഡിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ടെന്ന് കുട്ടി മൊഴി നൽകി. സംഭവം അറിഞ്ഞിട്ടും പുറത്തു പറയാത്തതിനാലാണ് അമ്മയെ രണ്ടാം പ്രതിയാക്കിയത്. എന്നാൽ ഇവരെ കുറ്റക്കാരിയല്ലെന്ന് കണ്ട് വെറുതെ വിട്ടു.
വിചാരണ വേളയിൽ രണ്ടാനച്ഛന്റെ അതിക്രമം തുറന്നുപറഞ്ഞെങ്കിലും അമ്മക്കെതിരായി കുട്ടി ഒന്നും പറഞ്ഞില്ല. ഇതോടെ അമ്മക്കെതിരെ തെളിവില്ല എന്നുകണ്ടാണ് കോടതി വെറുതെ വിട്ടത്. പ്രോസീക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസീക്യൂട്ടർ ആർ എസ് വിജയ് മോഹൻ, അഡ്വ. ആർ വൈ അഖിലേഷ് എന്നിവർ ഹാജരായി. വിഴിഞ്ഞം പൊലീസിലെ എസ് എസ് സജി, കെ എൽ സമ്പത്ത് എന്നിവരാണ് കേസ് അന്വേക്ഷിച്ചത്.










0 comments