കേരളത്തിലേക്ക് രേവന്ത് റെഡ്ഡി ഒഴുക്കുന്നത് കോടികൾ; തെലങ്കാനയിൽ പെൻഷന് പോലും പണമില്ല

രേവന്ത് റെഡ്ഡി (ഇടത്), മലയാള മനോരമയിലും മാതൃഭൂമിയിലും തെലങ്കാന സർക്കാർ നൽകിയ പരസ്യങ്ങൾ (വലത്)
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കേരളത്തിലെ കോൺഗ്രസിനായി കോടികളാണ് തെലങ്കാന സർക്കാർ ചെലവിടുന്നത്. നിരന്തരമായി മലയാള മാധ്യമങ്ങളിൽ തെലങ്കാന സർക്കാർ പരസ്യം നൽകുകയും കോൺഗ്രസിന്റെ ഐടി സെല്ലിന് വരെ പണം നൽകുന്നുമുണ്ട്. എന്നാൽ സ്വന്തം സംസ്ഥാനത്ത് കർഷകരുടെ ഉൾപ്പെടെ അടിസ്ഥാനപ്രശ്നങ്ങൾക്ക് ഒരുപൈസ പോലും ചെലവിടാതെയാണ് രേവന്ത റെഡ്ഡി സർക്കാരിന്റെ ഈ ധൂർത്ത്.
തെരഞ്ഞെടുപ്പ് വേളയിൽ നൽകിയ വാഗ്ദാനങ്ങളിൽ ഒന്നുപോലും പാലിക്കാതെ, കേരളത്തിലെ കോൺഗ്രസിനെ 'രക്ഷിക്കാനുള്ള' നടപടികളിൽ സർക്കാരിനെതിരെ തെലങ്കാനയിൽ വ്യാപക പ്രതിഷേധമുണ്ട്. പെൻഷൻ തുക നാലായിരം രൂപയായി വർധിപ്പിക്കുമെന്നും, സ്ത്രീകൾക്ക് പ്രതിമാസം 2500 രൂപ നൽകുന്ന 'മഹാലക്ഷ്മി' പദ്ധതി രേവന്ത റെഡ്ഡി പ്രഖ്യാപിച്ചതാണ്. എന്നാൽ ഇതേവരെ നടപ്പാക്കായിട്ടില്ല. കർഷകർക്കുവേണ്ടി റൈതു ഭരോസ പദ്ധതി പ്രകാരം ഏക്കറിന് 15,000 രൂപ നൽകുമെന്നും വാഗ്ദാനം ചെയ്തിരുന്നു, എന്നാൽ ഇതിന്റെ സർവേ പോലും ആരംഭിച്ചിട്ടില്ല. സംസ്ഥാനത്ത് തൊഴിലില്ലായ്മയും രൂക്ഷമാകുകയും അഴിമതി വർധിച്ചിച്ചുവരികയുമാണ്.
Related News
ഇതിനെല്ലാം പുറമെയാണ് ഖമ്മത്ത് ബുൾഡോസർ രാജ് നടപ്പാക്കി ആയിരക്കണക്കിന് സാധാരണക്കാരായ മനുഷ്യരെ സർക്കാർ വഴിയാധാരമാക്കിയത്. ഖമ്മം നഗരപ്രാന്തത്തിലുള്ള വെളുഗുമറ്റ്‌ലയില്‍ ഭൂദാൻ ഭൂമിയിലെ വിനോബ നവോദയ കോളനിയിലെ വീടുകളാണ് തൽസ്ഥിതി തുടരണമെന്ന കോടതി വിധി നിലനിൽക്കെ ഫെബ്രുവരി 25ന് ബുള്‍ഡോസറുപയോഗിച്ച് തകര്‍ത്തത്. ആചാര്യ വിനോബഭാവെ യുടെ ഭൂദാൻ പ്രസ്ഥാനത്തിന്റെ ഭാഗമായി ഭൂരഹിതര്‍ക്ക് നൽകാനായി സംഭാവന ലഭിച്ച ഭൂമിയാണിത്. കോൺഗ്രസ് മന്ത്രിമാരുടെ അടുപ്പക്കാരും റിയൽ എസ്റ്റേറ്റ് ബിസിനസുകാരും കണ്ണുവച്ച് ഭൂമിയാണിതെന്നും പാവങ്ങളെ ഒഴിപ്പിച്ചത് ഇവര്‍ക്കുവേണ്ടിയാണെന്നും ആക്ഷേപം ശക്തമാണ്.
കോൺഗ്രസ് എംഎൽഎമാരിൽ പോലും സർക്കാരിന്റെ പാഴ്ച്ചെലവുകളിൽ അമർഷമുണ്ട്. സംസ്ഥാനത്തെ ജനങ്ങളുടെ ക്ഷേമത്തിനായി ഒന്നുംചെയ്യാതെ, സർക്കാർ പണം ധൂർത്തടിക്കുന്നതിൽ തെലങ്കാനയിലെ പ്രതിപക്ഷപാർടികൾ പ്രതിഷേധത്തിലാണ്.
കേരളത്തിൽ പിആർ വർക്കിന് കോടികൾ
കേരളത്തിൽ തെരഞ്ഞെടുപ്പ് അടുത്തപ്പോൾ തെലങ്കാനയിലെ കോൺഗ്രസ് സർക്കാരിന്റെ കോടികൾ മുടക്കിയുള്ള പരസ്യം മലയാളപത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. യുഡിഎഫ് പബ്ലിക് റിലേഷൻസ് വർക്കിന്റെ ഭാഗമായാണ് കഴിഞ്ഞദിവസങ്ങളിൽ ഒന്നാം പേജിൽ മുഴുപ്പേജ് പരസ്യം നൽകിയത്.
കോൺഗ്രസിനെ സഹായിക്കാനുള്ള പാരിതോഷികമെന്നനിലയിൽ യുഡിഎഫ് അനുകൂല പത്രങ്ങളായ മലയാള മനോരമയ്‌ക്കും മാതൃഭൂമിക്കുമാണ് തെലങ്കാന പരസ്യമുള്ളത്.
സാമ്പത്തിക പ്രതിസന്ധിയുള്ള തെലങ്കാനയുടെ ഇത്തരം പരസ്യങ്ങളെ പ്രതിപക്ഷമായ ബിആർഎസ് വിമർശിക്കുന്നുണ്ട്.










0 comments