ad
Deshabhimani

print edition തദ്ദേശസ്ഥാപനങ്ങൾക്ക്‌ പണം നൽകണം: പ്രതിപക്ഷനേതാവ്‌

Pinarayi Vijayan Press Meet

പിണറായി വിജയൻ

വെബ് ഡെസ്ക്

Published on Jul 31, 2026, 12:49 AM | 1 min read

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങൾക്ക്‌ അർഹതപ്പെട്ട പണം കൈയിൽവയ്‌ക്കാതെ വിട്ടുനൽകാൻ സർക്കാർ തയ്യാറാകണമെന്ന്‌ പ്രതിപക്ഷനേതാവ്‌ പിണറായി വിജയൻ ആവശ്യപ്പെട്ടു. എൽഡിഎഫ്‌ അധികാരമൊഴിയുമ്പോൾ ആറായിരം കോടിയിലേറെ രൂപ ട്രഷറിയിലുണ്ടായിരുന്നു. മൂന്നുമാസത്തെ മികച്ച റവന്യൂ‍ വരുമാനമുണ്ട്‌. പുറമേ കടമെടുത്ത പതിനായിരം കോടിയിലേറെ രൂപയുണ്ട്‌. ഇ‍ൗ പണമുണ്ടായിട്ടും തദ്ദേശസ്ഥാപനങ്ങൾക്കുള്ള ഫണ്ട്‌ മുടക്കിയെന്നും എൽഡിഎഫ്‌ ജനപ്രതിനിധികളുടെ സെക്രട്ടറിയറ്റ്‌ മാർച്ച്‌ ഉദ്‌ഘാടനംചെയ്‌ത്‌ അദ്ദേഹം പറഞ്ഞു.


തദ്ദേശസ്ഥാപനങ്ങൾക്ക്‌ കഴിഞ്ഞ സാമ്പത്തിക വർഷത്തെ അവസാനഗഡു എൽഡിഎഫ്‌ സർക്കാർ നൽകിയില്ലെന്ന്‌ മുഖ്യമന്ത്രി പറയുന്നത്‌ വസ്‌തുതാവിരുദ്ധമാണ്‌. നിയമസഭയിൽതന്നെ ഇക്കാര്യം പറഞ്ഞതാണ്‌. മുഖ്യമന്ത്രിക്കുള്ള പ്രത്യേകത വസ്‌തുതാവിരുദ്ധമായവ ആവർത്തിക്കുക എന്നതാണ്‌. വഹിക്കുന്ന സ്ഥാനത്തിന്റെ പ്രാധാന്യംപോലും മറന്നാണിത്‌. എൽഡിഎഫ്‌ സർക്കാർ തദ്ദേശസ്ഥാപനങ്ങൾക്ക്‌ അവസാന ഗഡു നൽകാൻ തയ്യാറായിരുന്നു. തെരഞ്ഞെടുപ്പ്‌ പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ കമീഷന്റെ അനുമതി വേണമായിരുന്നു. കമീഷൻ അനുമതി നൽകിയില്ല. പണം നൽകാൻ ഉത്തരവുണ്ടായിട്ടും തെരഞ്ഞെടുപ്പ്‌ കഴിഞ്ഞുവന്ന യുഡിഎഫ്‌ സർക്കാർ തയ്യാറായില്ല. പ്ലാൻ ഫണ്ടും വെട്ടിക്കുറച്ചു. പുതിയ സാമ്പത്തികവർഷത്തെ ആദ്യ ഗഡുവും നൽകിയില്ല. വിഹിതം വെട്ടിക്കുറക്കുകയും പണം നിഷേധിക്കുകയുംചെയ്‌താൽ തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനവും വികസനവും സ്‌തംഭിക്കുമെന്ന്‌ സർക്കാരിന്‌ അറിയാത്തതല്ലല്ലോ. വാർഷിക പദ്ധതി സമർപ്പണത്തിന്‌ തീയതി അവസാനിക്കാനിരിക്കെ, അവ അപ്‌ലോഡ്‌ ചെയ്യാനുള്ള സൈറ്റ്‌ പ്രവർത്തിക്കുന്നില്ല. തദ്ദേശസ്ഥാപനങ്ങളോട്‌ യുഡിഎഫിന്‌ എക്കാലത്തും ഇതേ സമീപനമാണ്‌. ഇ‍ൗ സമരം നിലവിളിയോ കരച്ചിലോ അല്ലെന്ന്‌ സർക്കാർ ഓർക്കണം. നാടിനുവേണ്ടിയുള്ള ശക്തമായ മുന്നേറ്റമാണ്‌– പിണറായി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home