കേന്ദ്രസർക്കാർ നീക്കം തള്ളിക്കളയുന്നു; നെൽകർഷകർക്കുള്ള ബോണസ് തുടരും: മന്ത്രി പി പ്രസാദ്

ആലപ്പുഴ : നെല്ലുസംഭരണത്തിന് സംസ്ഥാന സർക്കാർ നൽകുന്ന പ്രോത്സാഹന ബോണസ് തുടരുമെന്ന് മന്ത്രി പി പ്രസാദ് പറഞ്ഞു. ബോണസ് നിർത്തലാക്കണമെന്ന കേന്ദ്ര സർക്കാർ നിർദേശത്തെ കേരളം തള്ളിക്കളയുന്നു. കേന്ദ്രത്തിന്റെ കത്തിന് നിർദേശം അംഗീകരിക്കില്ലെന്ന് സംസ്ഥാനം മറുപടി നൽകി. സംസ്ഥാന വിഷയമാണ് കൃഷി. സംസ്ഥാനത്തിന് കർഷകരെ സംരക്ഷിക്കേണ്ടതും സഹായിക്കേണ്ടതുമായ ഉത്തരവാദിത്വമാണുള്ളതെന്നും മന്ത്രി പറഞ്ഞു. ആലപ്പുഴയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തിന്റെ അധികാരത്തിനു മുകളിൽ കയറുന്ന കേന്ദ്ര നിലപാട് അംഗീകരിക്കാനാകില്ല. കേന്ദ്രസർക്കാരിന് കോർപ്പറേറ്റുകളോട് പ്രണയവും കർഷകരോട് വിദ്വേഷവുമാണ്. കേന്ദ്രത്തിന്റെ വാദഗതി കാർഷിക രാജ്യമായ ഇന്ത്യയ്ക്ക് അംഗീകരിക്കാനാകില്ല.
സംസ്ഥാനത്ത് ഉൽപ്പാദിപ്പിക്കുന്ന മുഴുവൻ നെല്ലും കൃഷിവകുപ്പ് സംഭരിക്കുന്നുണ്ട്. എന്നാൽ, ഇത്രയും നെല്ല് സംഭരിക്കേണ്ടെന്നാണ് കേന്ദ്ര സർക്കാർ സംസ്ഥാനത്തിനോട് ആവശ്യപ്പെടുന്നത്. ഇന്ത്യ–യുഎസ് വ്യാപാരക്കരാറിന്റെ ഭാഗമായിട്ടുള്ള ധാന്യ ഇറക്കുമതിക്കായി നിലമൊരുക്കുകയാണ് ബിജെപി സർക്കാർ. സംസ്ഥാനങ്ങളോട് ആലോചിക്കാതെയും അറിയിക്കാതെയും ജനങ്ങളെ ഇരുട്ടിൽ നിർത്തിയുമാണ് രാജ്യത്തിന്റെ ആഭ്യന്തര കാർഷിക വിപണി പൂർണമായും അമേരിക്കയ്ക്ക് തുറന്നുനൽകുന്നത്. വ്യാപാരക്കരാർ എങ്ങനെ ബാധിക്കുമെന്ന് പരിശോധിക്കാൻ കൃഷിവകുപ്പിന്റെ പ്രത്യേക സെല്ലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ കരാർ നാളികേര, ക്ഷീര കർഷക, റബർ കാർഷിക മേഖലകളെ സാരമായി ബാധിക്കുമെന്നും മന്ത്രി പറഞ്ഞു.










0 comments