ad
Deshabhimani

വിഷൻ 2031 സെമിനാർ ‘റീ കോഡ്‌ കേരള’

print edition നിർമിത ബുദ്ധിയുടെ നേട്ടങ്ങളും 
കോട്ടങ്ങളും ചർച്ചയാകണം : മുഖ്യമന്ത്രി

Recode Kerala Seminar
വെബ് ഡെസ്ക്

Published on Oct 29, 2025, 03:15 AM | 2 min read


കൊച്ചി

നിർമിത ബുദ്ധിയുടെ നേട്ടങ്ങളും കോട്ടങ്ങളും ഒരുപോലെ ചർച്ചയാകണമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. 2030ഓടെ നിർമിത ബുദ്ധി മേഖലയിൽ സംസ്ഥാനത്തെ ആഗോള ശ്രദ്ധാകേന്ദ്രമാക്കി മാറ്റാനാണ്‌ ലക്ഷ്യമിടുന്നത്‌. എത്തിക്കൽ എഐ എന്നതാകണം ലക്ഷ്യം. മനുഷ്യന്റെ കഴിവുകളും സാങ്കേതികവിദ്യയും തമ്മിലുള്ള സംയോജനമായിരിക്കണം നമ്മുടെ ആപ്‌തവാക്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിഷൻ 2031ന്റെ ഭാഗമായി ഇലക്‌ട്രോണിക്‌സ്‌ ആൻഡ്‌ ഐടി വകുപ്പ്‌ സംഘടിപ്പിച്ച "റീ കോഡ് കേരള 2025' സെമിനാർ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


2050ഓടെ ലോകത്തിലെ തൊഴിലുകളിൽ ഭൂരിഭാഗവും നൂതന സാങ്കേതികവിദ്യ വ്യവസായവുമായി ബന്ധപ്പെട്ടതാകും. ഇ‍ൗ കാഴ്‌ചപ്പാട്‌ അംഗീകരിച്ചാണ്‌ സംസ്ഥാനം നൂതന സാങ്കേതികവിദ്യ പ്രോത്സാഹന നയം മുന്നോട്ടുവച്ചത്‌. അതിനായി സർക്കാർ–സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതികൾ ആവിഷ്‌കരിച്ചു.


സ്‌ക്ക‍ൂൾതലത്തിൽ റോബോട്ടിക്‌സിനെക്കുറിച്ചും നിർമിത ബുദ്ധിയെക്കുറിച്ചും പഠിക്കാൻ അവസരമൊരുക്കി. ഉന്നതവിദ്യാഭ്യാസ മേഖലയിലും നൂതന സാങ്കേതികവിദ്യയെക്കുറിച്ച്‌ പഠിക്കാൻ പ്രോൽസാഹനം നൽകുന്നു. പുതിയ അറിവുകളെ ഉൽപ്പന്നങ്ങളാക്കി മാറ്റാൻ പ്രത്യേക പദ്ധതികളും നടപ്പാക്കി.


എൽഡിഎഫ്‌ സർക്കാർ സ്‌റ്റാർട്ടപ്പുകൾക്ക്‌ ഫണ്ട്‌ ലഭ്യമാക്കുകയും പ്രത്യേകനയം ഉണ്ടാക്കുകയും ചെയ്‌തു. ആശയങ്ങൾ കേൾക്കാനും അവ പ്രാവർത്തികമാക്കാനുമുള്ള നിലയിൽ സ്‌റ്റാർട്ടപ്‌ മിഷനെ മാറ്റിയെടുത്തു. ഇന്ന്‌ 6400 സ്‌റ്റാർട്ടപ്പുകൾ ഉണ്ടായത്‌ അങ്ങിനെയാണ്‌. ഇന്ത്യയിലെ ഏറ്റവും മികച്ച സ്‌റ്റാർട്ടപ്‌ അന്തരീക്ഷം നിലനിൽക്കുന്ന സംസ്ഥാനമാണിന്ന്‌ കേരളം. ആറായിരം കോടി രൂപയുടെ നിക്ഷേപമാണ്‌ സ്‌റ്റാർട്ടപ്പുകൾ ഒരു ദശാബ്‌ദത്തിനിടെ സംസ്ഥാനത്ത്‌ എത്തിച്ചത്‌. 2021-നും 23-നുമിടെയിൽ സ്റ്റാർട്ടപ് മേഖലയിൽ 254 ശതമാനം വളർച്ചയാണുണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു.


വ്യവസായമന്ത്രി പി രാജീവ് അധ്യക്ഷനായി. ഐടി സ്പെഷ്യൽ സെക്രട്ടറി സീറാം സാംബശിവ റാവു, പി വി ശ്രീനിജിൻ എംഎൽഎ, ഇൻഫോപാർക്ക്‌ സിഇഒ സുശാന്ത്‌ കുറുന്തിൽ, മേയർ എം അനിൽകുമാർ എന്നിവർ സംസാരിച്ചു.


വിവരസാങ്കേതിക മേഖലയിൽ 
അഞ്ച്‌ ലക്ഷം തൊഴിൽ ലക്ഷ്യം : മുഖ്യമന്ത്രി

വിവരസാങ്കേതിക മേഖലയിൽ 2031 നകം അഞ്ച്‌ ലക്ഷം തൊഴിൽ സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. രാജ്യത്തെ ഐടി വിപണിയുടെ പത്തു ശതമാനം വിഹിതം കേരളത്തിന്റേതാകണം. ഇതിനുതകുന്നതരത്തിൽ ഗ്ലോബൽ കേപ്പബിലിറ്റി സെന്ററുകളുടെ എണ്ണം 120ൽ എത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. വിഷൻ 2031ന്റെ ഭാഗമായി സംഘടിപ്പിച്ച "റീ കോഡ് കേരള 2025' സെമിനാറിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.‍


അതിവേഗം വളരുന്നതാണ്‌ സെമി കണ്ടക്ടർ മേഖല. വിവരസാങ്കേതികവിദ്യ യുഗത്തിന്റെ ജീവരക്തമാണ്‌ സെമി കണ്ടക്ടർ ചിപ്പുകൾ. ഇ‍ൗ മേഖലയിലെ ഗവേഷണത്തിന്‌ വലിയതോതിലുള്ള നിക്ഷേപം ആവശ്യമാണ്‌. ഒമാൻ സർക്കാർ ഇതുമായി സഹകരിക്കാൻ താൽപ്പര്യം അറിയിച്ചിട്ടുണ്ട്‌. ഇതിനായി വ്യവസായ–ഐടി വകുപ്പിന്റെ സംഘം ഒമാൻ സന്ദർശിച്ച്‌ ചർച്ച നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home