സ്ത്രീകളോട് മോശമായി പെരുമാറിയ ഡിസിസി ജനറൽ സെക്രട്ടറിയെ സ്ഥാനാർഥിയാക്കിയതിൽ പ്രതിഷേധിച്ച് മഹിളാ കോൺഗ്രസ് നേതാവ് രാജിവച്ചു
print edition വിമതപ്പട, കൂട്ടരാജി ; യുഡിഎഫിൽ കലാപം

തിരുവനന്തപുരം
എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെ അനുകൂലിക്കുന്നവരാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥികളായതെന്ന പരാതി ഒരുഭാഗത്ത്, പരാതി അവഗണിക്കുന്നെന്ന് പറഞ്ഞ് കൂട്ടരാജിയുടെ പരമ്പര മറുഭാഗത്ത്. ഒപ്പം വിമത സ്ഥാനാർഥികളുടെ എണ്ണത്തിലെ വർധനയും ഓഫീസുകളിലും തെരുവിലും ഏറ്റുമുട്ടുന്ന നേതാക്കളും പ്രവർത്തകരും. കലാപത്താൽ പുകയുകയാണ് കോൺഗ്രസ്. മുസ്ലിംലീഗിലും മറ്റു ഘടകകക്ഷികളിലും സ്ഥിതി വ്യത്യസ്‌തമല്ല.
സൂക്ഷ്‌മ പരിശോധന പൂർത്തിയായപ്പോൾ നാമനിർദേശ പത്രിക തള്ളിപ്പോയവരുടെ എണ്ണവും ഇത്തവണ യുഡിഎ-ഫിൽ കൂടുതലാണ്. എറണാകുളം ജില്ലാ പഞ്ചായത്തിലേക്കും കൽപ്പറ്റ മുനിസിപ്പാലിറ്റിയിലേക്കുമുള്ള സ്ഥാനാർഥികളുടെ പത്രിക തള്ളിയത്, ഗ്രൂപ്പുവൈരം മൂത്ത് തെറ്റായ വിവരം പത്രികയിൽ എഴുതിപ്പിച്ചതുകൊണ്ടാണെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. കാസർകോട് ഡിസിസി ഓഫീസിലും ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയിലും നേതാക്കൾ അടിച്ചുപിരിഞ്ഞത് കഴിഞ്ഞദിവസമാണ്.
എല്ലാ ജില്ലകളിലും വിമതരുണ്ട്. കൂട്ടരാജിയാണ് എല്ലാ ജില്ലകളിലും. തിരുവനന്തപുരത്ത് കല്ലറ ബ്ലോക്ക് ജനറൽ സെക്രട്ടറി റസിയ അൻസർ രാജിവച്ചു. സ്ത്രീകളോട് നിരന്തരം മോശമായി പെരുമാറിയ ഡിസിസി ജനറൽ സെക്രട്ടറി ഡി രഘുനാഥൻ നായരെ പെരിങ്ങമല ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിൽ സ്ഥാനാർഥിയാക്കിയതിൽ പ്രതിഷേധിച്ചാണ് റസിയയുടെ രാജി. ഇവർ കെപിസിസി ജനറൽ സെക്രട്ടറി രമണി പി നായരോട് സംസാരിക്കുന്ന ഫോൺ സംഭാഷണം കൈരളി ന്യൂസ് പുറത്തുവിട്ടു. കെ മുരളീധരൻ ഉൾപ്പെടെയുള്ള നേതാക്കളോട് റസിയ പരാതി പറഞ്ഞിരുന്നു.
തീവ്ര മതരാഷ്‌ട്രവാദം ഉയർത്തുന്ന ജമാഅത്തെ ഇസ്ലാമിയുടെ രാഷ്‌ട്രീയ രൂപമായ വെൽഫെയർ പാർടിയുമായും എസ്‌ഡിപിഐയുമായുമുള്ള പരസ്യസഖ്യം സാധാരണ പ്രവർത്തകർക്ക് അംഗീകരിക്കാൻ പ്രയാസമുണ്ട്. പാണക്കാട് തങ്ങൾ തന്നെ യുഡിഎഫ് സ്ഥാനാർഥിയായി വെൽഫെയർ പാർടി പ്രതിനിധിയെ പ്രഖ്യാപിച്ചു. എൽഡിഎഫിനെ നേരിടാൻ ഏതുമാർഗവും സ്വീകരിക്കുമെന്നാണ് യുഡിഎഫ് നിലപാട്.
മലബാറിൽ മുസ്ലിം ലീഗിനെ കൂടെക്കൂട്ടാതെ ജയിക്കാനാകില്ലെന്ന് കോൺഗ്രസിന് അറിയാമെങ്കിലും തെക്കൻ ജില്ലകളിൽ പരമാവധി അവഗണിച്ചു. കാസര്‍കോട് കേരള കോൺഗ്രസ് ജോസഫ് വിഭാഗം മനഃസാക്ഷി വോട്ടിന് ആഹ്വാനംചെയ്‌തു. തിരുവനന്തപുരത്തും ജോസഫ് വിഭാഗത്തെ അടുപ്പിച്ചിട്ടില്ല. മഞ്ചേശ്വരത്ത് മണ്ഡലം കമ്മിറ്റി ഓഫീസ് കോണ്‍ഗ്രസുകാര്‍ പൂട്ടിയിട്ടു.
ലീഗിന് സീറ്റ് നൽകിയതിൽ പ്രതിഷേധം ; കോൺഗ്രസ് ഓഫീസ് പ്രവർത്തകർ പൂട്ടി
സ്ഥാനാർഥി നിർണയത്തെത്തുടർന്ന് കലാപം തുടരുന്ന കാസർകോട്ട് കോൺഗ്രസിന്റെ മണ്ഡലം കമ്മിറ്റി ഓഫീസ് പൂട്ടിയിട്ട് പ്രവർത്തകരുടെ പ്രതിഷേധം. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിലെ മൂന്ന് ഡിവിഷൻ മുസ്ലിംലീഗിന് വിട്ടുനൽകിയതിൽ പ്രതിഷേധിച്ച് ഹൊസങ്കടി മഞ്ചേശ്വരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫീസാണ് പ്രവർത്തകർ പൂട്ടിയിട്ടത്. ഞായറാഴ്ച ഉച്ചയോടെ മണ്ഡലം പ്രസിഡന്റ് ഹനീഫിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പ്രവർത്തകർ ഓഫീസിനുമുന്നിലെ ബോർഡും ഫർണിച്ചറും നേതാക്കളുടെ ചിത്രങ്ങളും മാറ്റി.
മഞ്ചേശ്വരം ബ്ലോക്കിലെ കുഞ്ചത്തൂർ, ബഡാജെ, മഞ്ചേശ്വരം ഡിവിഷനുകളാണ് ലീഗിന് നൽകിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ രണ്ട് സീറ്റേ നൽകിയിരുന്നുള്ളൂ. തീരുമാനം പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ട് പ്രാദേശിക കോൺഗ്രസ് പ്രവർത്തകർ ജില്ലാ നേതൃത്വത്തെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതോടെയാണ് ഓഫീസ് പൂട്ടിയത്.










0 comments