ജമാ അത്തെ ബന്ധത്തിനെതിരെ മുസ്ലിം സമുദായ സംഘടനകൾ , കോൺഗ്രസിന് തലവേദനയായി വിമത സ്ഥാനാർഥികളുടെ ബാഹുല്യം , രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിലും യുഡിഎഫിന് മറുപടിയില്ല
print edition വിമതപ്പട, വർഗീയ ബന്ധം, മാങ്കൂട്ടത്തിൽ ; അടിപതറി യുഡിഎഫ്


സി കെ ദിനേശ്
Published on Nov 26, 2025, 02:25 AM | 1 min read
തിരുവനന്തപുരം
തദ്ദേശ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ കോൺഗ്രസും യുഡിഎഫും പ്രതിരോധത്തിന്റെ പടുകുഴിയിൽ. വിമതരുടെ ബാഹുല്യത്തിനു പുറമെ ജമാഅത്തെ ബന്ധവും സീറ്റുവിൽപ്പന ആരോപണങ്ങളും രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പുതിയ തെളിവുമാണ് കോൺഗ്രസിന്റെ അടിത്തറതന്നെ ഇളക്കുന്നത്. എറണാകുളം ജില്ലാ പഞ്ചായത്തിലെ കടമക്കുടി ഡിവിഷനിൽ മത്സരിക്കാൻപോലും ആളില്ലാതെവന്നത് നേതൃത്വത്തിന്റെ പിടിപ്പുകേടായി. ജമാ അത്തെ ഇസ്ലാമി–എസ്‌ഡിപിഐ ബന്ധത്തിനെതിരെ പ്രബല മുസ്ലിം സമുദായ സംഘടനകൾ രംഗത്തുവന്നത് വർഗീയ ബാന്ധവത്തിനുള്ള ഇരുട്ടടിയായി.
ആകെയുള്ള 569 വിമതരിൽ ഭൂരിപക്ഷവും കോൺഗ്രസ് നേതാക്കളാണ്. സ്ഥാനാർഥി നിർണയത്തിലെ സ്വജനപക്ഷപാതവും സീറ്റ് വിൽപ്പനയുമാണ് പ്രതിഷേധത്തിന് കാരണം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിലാണ് കൂടുതൽ വിമതരുള്ളത്. 69 വിമതരുള്ള പാലക്കാട്ട് പ്രമുഖർ പാർടി വിട്ടു. കോട്ടയത്ത് ചിലരെ പുറത്താക്കിയെങ്കിലും നടപടി തുടർന്നാൽ കൈവിട്ടുപോകുമെന്ന ഭീതിയിലാണ് ഹൈക്കമാൻഡ്. വയനാട്ടിൽ കെ സി വേണുഗോപാൽ ഇടപെട്ടിട്ടും വിമതർ ഒതുങ്ങിയില്ല. മുസ്ലിംലീഗും ജോസഫ് ഗ്രൂപ്പും കോൺഗ്രസിനെതിരെ പലയിടത്തും മത്സരിക്കുന്നു. കാസർകോട് ഡിസിസി പ്രസിഡന്റ് പി കെ ഫൈസൽ പണംവാങ്ങി സീറ്റുകൾ വിറ്റെന്ന് വെളിപ്പെടുത്തി വൈസ് പ്രസിഡന്റ് ജയിംസ് പന്തമാക്കൽ സ്ഥാനം രാജിവച്ചതും തിരിച്ചടിയായി.
ജമാഅത്തെ ഇസ്ലാമി, എസ്‌ഡിപിഐ ബന്ധത്തിനെതിരെ കാന്തപുരം വിഭാഗവും സമസ്‌തയും മുജാഹിദ് വിഭാഗവുമാണ് രംഗത്തുവന്നത്. ജമാഅത്തെ ഇസ്ലാമിയെ മുന്നണിയിലെത്തിച്ചത് ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്ന മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്.
പലയിടത്തും ബിജെപി–കോൺഗ്രസ് രഹസ്യ ബാന്ധവമുണ്ട്. മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയുടെ ബിജെപി ചർച്ച പുറത്തുവന്നിരുന്നു. തിരുവനന്തപുരം നേമം മേഖല, പത്തനംതിട്ടയിലെ കവിയൂർ പഞ്ചായത്ത് എന്നിവിടങ്ങളിലെ സഹകരണവും വാർത്തയായി.
യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തെ തകിടം മറിച്ചുകൊണ്ടാണ് രാഹുൽ മാങ്കൂട്ടത്തിൽ വിഷയം സജീവമായത്. പെൺകുട്ടിയെ സമ്മർദം ചെലുത്തി പീഡിപ്പിച്ച് ഗർഭിണിയാക്കിയതും പിന്നീട് ഗർഭഛിദ്രത്തിന് നിർബന്ധിക്കുന്നതുമായ തെളിവുകൾ കോൺഗ്രസ് നേതാക്കൾക്ക് പ്രതിരോധിക്കാൻ കഴിയുന്നില്ല. രാഹുൽ ആരോപണം നിഷേധിച്ചിട്ടില്ല. നടപടി സംബന്ധിച്ച് കെപിസിസി പ്രസിഡന്റിനോട് ചോദിക്കാൻ പറഞ്ഞ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നിലപാട് കോൺഗ്രസ് അങ്കലാപ്പ് വ്യക്തമാക്കുന്നു.









0 comments