ad
Deshabhimani

ആർസിസിയിൽ സൗകര്യങ്ങൾ ഒരുക്കുന്ന കാര്യത്തിൽ സംസ്ഥാന സർക്കാർ നല്ല ഇടപെടൽ നടത്തി: മുഖ്യമന്ത്രി

pinarayi, rcc
വെബ് ഡെസ്ക്

Published on Feb 23, 2026, 07:55 PM | 2 min read

തിരുവനന്തപുരം: ആർസിസിയിൽ സൗകര്യങ്ങൾ ഒരുക്കുന്ന കാര്യത്തിൽ സംസ്ഥാന സർക്കാർ നല്ല ഇടപെടൽ നടത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. പൊതു മേഖലയിലെ ആദ്യ റോബോട്ടിക് സർജറി യൂണിറ്റ്, ഹൈപെക് ചികിത്സാ സംവിധാനം, ക്ലിനിക്കൽ ലബോറട്ടറി ട്രാക്കിങ് സംവിധാനം, റേഡിയേഷൻ ചികിത്സയിൽ ഉപയോഗിക്കുന്ന സർഫസ് ഗൈഡഡ് റേഡിയേഷൻ എന്നീ നൂതന സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇതിനു പുറമെയാണ് കാത്ത് ലാബ്, ഗാലിയം സ്‌കാൻ, പെറ്റ് സിടി സ്‌കാൻ, കെവി ഇമേജിംഗ് സംവിധാനമുള്ള റിംഗ് ഗാൻട്രി ലീനിയർ ആക്‌സിലറേറ്റർ, പ്രോസ്റ്റേറ്റ് കാൻസർ ചികിത്സിക്കാനുള്ള അതിനൂതന ബ്രാക്കിതെറാപ്പി മെഷീൻ, ഡിജിറ്റൽ മാമോഗ്രഫി മെഷീൻ, പീഡിയാട്രിക് ഓട്ടോലോഗസ് സ്റ്റെംസെൽ ട്രാൻസ്പ്ലാന്റ് എന്നിങ്ങനെയുള്ള അത്യാധുനിക ചികിത്സാ സംവിധാനങ്ങൾ ഒരുക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. ആർസിസിയിലെ പുതിയ ബഹുനില മന്ദിരത്തിന്റേയും കെ-സിഡിസിയുടേയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി


കാൻസർ ചികിത്സക്ക് കേരളത്തിലാകെയുള്ള ജനങ്ങൾ ആശ്രയിക്കുന്ന സ്ഥാപനമാണ് തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ. പ്രതിവർഷം രണ്ടരലക്ഷത്തോളം പേർ ഇവിടെ ചികിത്സ തേടി എത്തുന്നുണ്ട്. അതുകൊണ്ടുതന്നെ നൂതന സൗകര്യങ്ങൾ ഇവിടെ ഒരുക്കേണ്ടത് ഏറെ അനിവാര്യമാണ്. അതിന്റെ ഭാഗമായാണ് നൂതന സൗകര്യങ്ങൾ ഉൾപ്പെടുത്തി 242 കോടി രൂപാ ചിലവിൽ 3,30,117 ചതുരശ്രയടി വിസ്തീർണ്ണത്തിൽ ബഹുനില മന്ദിരം നിർമ്മിച്ചിട്ടുള്ളത്.


കാൻസർ രോഗികൾക്കുള്ള അത്യാധുനിക സേവന സൗകര്യങ്ങൾ ഇവിടെ സജ്ജമായിട്ടുണ്ട്. ഈ കെട്ടിടത്തിൽ റേഡിയോതെറാപ്പി മെഷീനുകൾ, അയഡിൻ തെറാപ്പി വാർഡ് ഉൾപ്പെടെയുള്ള ന്യൂക്ലിയർ മെഡിസിൻ സങ്കേതങ്ങൾ, ബോൺമാരോ ട്രാൻസ്പ്ലാന്റ് യൂണിറ്റ്, ഓപ്പറേഷൻ തീയറ്ററുകൾ, വാർഡുകൾ, ഇന്റൻസീവ് കെയർ യൂണിറ്റുകൾ, ലുക്കീമിയ വാർഡ്, രക്തബാങ്ക്, മൈക്രോബയോളജി വിഭാഗം തുടങ്ങിയ സേവനങ്ങൾ ഉണ്ടാകും.


നിലവിലുള്ള കിടക്കകൾക്കു പുറമെ 200 കിടക്കകൾ കൂടി സജ്ജമാക്കിയിട്ടുണ്ട്. രണ്ടു നിലകളിലായി വാഹന പാർക്കിങ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. സൗരോർജം പരമാവധി ഉപയോഗപ്പെടുത്തിക്കൊണ്ടും ഹരിത പ്രോട്ടോകോൾ പാലിച്ചുകൊണ്ടുമാണ് ഇവിടെ പ്രവർത്തനങ്ങൾ നടത്തുക.


ആർസിസിയ്ക്കു വേണ്ടി പുലയനാർകോട്ടയിൽ 12 ഏക്കറോളം സ്ഥലം സർക്കാർ അനുവദിച്ചിട്ടുണ്ട്. ആർ സി സിയുടെ രണ്ടാം ക്യാമ്പസും അനുബന്ധ സംവിധാനങ്ങളും അവിടെയായിരിക്കും സ്ഥാപിക്കുക. തിരുവനന്തപുരം മെഡിക്കൽ കോളേജ് എസ്.എ.റ്റി. ആശുപത്രിയിലെ ശിശുരോഗ വിദഗ്ദ്ധനായ ഡോ. ജയപ്രകാശ് ആർ രചിച്ച 'ശിശു മാനസികാരോഗ്യ വിദഗ്ദ്ധന്റെ ഡയറിക്കുറിപ്പുകൾ' എന്ന പുസ്തകം മുഖ്യമന്ത്രി പ്രകാശനം ചെയ്തു.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home