ആർബിഎൽ ബാങ്കിന്റെ ഏറ്റെടുക്കൽ ഗുരുതര ആശങ്കകൾ ഉയർത്തുന്നത്: ബെഫി

തിരുവനന്തപുരം: ആർബിഎൽ ബാങ്കിനെ ദുബായ് ആസ്ഥാനമായുള്ള ബാങ്കിങ് സ്ഥാപനമായ എമിറേറ്റ്സ് എൻബിഡി ഏറ്റെടുക്കുന്നതിനുള്ള നീക്കം ഗുരുതര ആശങ്കകൾ ഉയർത്തുന്നതെന്ന് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ബെഫി). 26,850 കോടി രൂപയോളം വരുന്ന (ഏകദേശം 3 ബില്യൺ ഡോളർ) നിക്ഷേപം വഴി ആർബിഎൽ ബാങ്കിന്റെ 60 ശതമാനം ഓഹരികൾ ഏറ്റെടുക്കാൻ തയ്യാറെടുക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. മുംബൈ, ഡൽഹി, ചെന്നൈ എന്നിവിടങ്ങളിലെ എമിറേറ്റ്സ് എൻബിഡിയുടെ മൂന്ന് ശാഖകൾ ആർബിഎൽ ബാങ്കിൽ ലയിപ്പിക്കുമെന്നും റിപ്പോർട്ടുണ്ട്. ഇന്ത്യൻ ബാങ്കിങ് മേഖലയിലെ ഏറ്റവും വലിയ നേരിട്ടുള്ള വിദേശ നിക്ഷേപമായി ഇത് മാറിയേക്കാം. ഇത് ഇന്ത്യയുടെ സാമ്പത്തിക പരമാധികാരത്തെയും നിയന്ത്രണ സംവിധാനങ്ങളുടെ ഉദ്ദേശ്യത്തെയും സംബന്ധിച്ച് ഗുരുതരമായ ആശങ്കകൾ ഉയർത്തുന്നുവെന്ന് ബെഫി പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
വിദേശ ഉടമസ്ഥത ബാങ്കുകളുടെ മാനേജ്മെന്റ് പ്രവർത്തനം മെച്ചപ്പെടുത്തും എന്ന വാദം തെറ്റിദ്ധാരണാജനകമാണ്. അത് എക്സിക്യൂട്ടീവുകളുടെ ശമ്പളവും വിദേശ ഉടമസ്ഥരുടെ ലാഭവും വർദ്ധിപ്പിക്കുകയും ചെറുകിട വായ്പക്കാർ, കൃഷി, എംഎസ്എംഇകൾ, ചെറുകിട വ്യാപാരികൾ, സ്വയം സഹായ സംഘങ്ങൾ തുടങ്ങിയവർക്കുള്ള വായ്പ ലഭ്യതയും തൊഴിൽ സുരക്ഷയും വെട്ടിക്കുറയ്ക്കുകയും മാത്രമേ ചെയ്യൂ. വിദേശ ഉടമസ്ഥതയിലുള്ള ബാങ്കുകൾ പൊതുവെ ഊഹക്കച്ചവടപരമായ, ഉയർന്ന ലാഭം ലഭിക്കുന്ന പ്രവർത്തനങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ഇങ്ങനെ ഉണ്ടാക്കുന്ന ലാഭം അവർ വിദേശത്തേക്ക് ഒഴുക്കുന്നു, എന്നാൽ ഊഹക്കച്ചവട സംരംഭങ്ങൾ പരാജയപ്പെടുമ്പോൾ ഇന്ത്യയിലെ നിക്ഷേപകരും ജീവനക്കാരുമാണ് നഷ്ടസാധ്യത വഹിക്കുന്നത്. ഇന്ത്യയിൽ ദീർഘകാലമായി പ്രവർത്തിക്കുന്ന വിദേശ ബാങ്കുകളുടെ അനുഭവം ഇത് കൂടുതൽ തെളിയിക്കുന്നുണ്ട്. വിദേശ ബാങ്കുകൾ വാണിജ്യപരമായ പരിഗണനകളിൽ മാത്രം പ്രവർത്തിക്കുവയാണ്. അവർ ആഗോള ധനമൂലധന തന്ത്രങ്ങൾക്കനുസരിച്ച് വിപണികളിൽ പ്രവേശിക്കുകയും പുറത്തുപോകുകയും ചെയ്യുന്നു. അവർക്ക് ദേശീയ വികസനത്തോടോ തൊഴിൽ സ്ഥിരതയോടോ യാതൊരു പ്രതിബദ്ധതയുമില്ല.
കർഷകർക്കും ചെറുകിട ഉത്പാദകർക്കും ഗ്രാമീണ സമൂഹങ്ങൾക്കും സേവനം നൽകേണ്ട ബാങ്കുകൾ, വായ്പകൾ വലിയ ബിസിനസുകളിലേക്കും ഊഹക്കച്ചവട വിപണികളിലേക്കും വഴിതിരിച്ചുവിടുകയാണ്. വിദേശ ഏറ്റെടുക്കലുകൾ ഈ പ്രവണത കൂടുതൽ ആഴത്തിലാക്കും, ഇന്ത്യൻ ബാങ്കുകൾ കോർപ്പറേറ്റ്, വിദേശ താൽപര്യങ്ങൾക്ക് വിധേയമാകും. ഇന്ത്യൻ ബാങ്കിങ് സംവിധാനത്തിലേക്കുള്ള വിദേശ മൂലധനത്തിൻ്റെ വർദ്ധിച്ചുവരുന്ന തരംഗത്തെ ശക്തമായി ചെറുക്കണമെന്നും, ആഗോള ധനമൂലധനത്തിന്റെ ലാഭക്കൊതിക്ക് ഇന്ത്യൻ ബാങ്കിംഗ് മേഖലയെ തീറെഴുതുന്നതിനെതിരെ, ബാങ്ക് ജീവനക്കാർ നടത്തുന്ന പ്രക്ഷോഭങ്ങൾക്ക് എല്ലാ ജനങ്ങളുടെയും പിന്തുണ തുടരണമെന്നും ബെഫി പ്രസ്താവനയിൽ അറിയിച്ചു.










0 comments