ശെന്തുരുണിയിൽ അപൂർവ ഉഭയ - ഉരഗ ജീവികള്‍

കങ്കാരു ഓന്ത്, അഗസ്ത്യ പച്ചോലൻ. photo credit: Sandeep Das
സ്വന്തം ലേഖകൻ
Published on Jul 26, 2026, 09:15 AM | 1 min read
പുനലൂർ : ശെന്തുരുണി വന്യജീവി സങ്കേതത്തിൽ ഉഭയ - ഉരഗ ജീവികളുടെ ആദ്യഘട്ട കണക്കെടുപ്പ് പൂർത്തിയായപ്പോള്‍ കണ്ടെത്തിയത് 143 ഇനം ജീവികളെ. 67 ഇനം ഉഭയജീവികളെയും 76 ലധികം ഉരഗങ്ങളെയും രേഖപ്പെടുത്താനായി. ഇതിൽ ആറെണ്ണം പശ്ചിമഘട്ടത്തിലെ അപൂർവ ഇനങ്ങളാണ്. മനോഹരി ഇലത്തവള, പച്ച ഈറ്റത്തവള, തെക്കൻ ചൊറിത്തവള, അഗസ്ത്യ പച്ചോലൻ, ഓറഞ്ച് ചുണ്ടൻ എന്നിവ പശ്ചിമഘട്ടത്തിലെ ഏറ്റവും അപൂർവ ഇനങ്ങളാണ്.
മനോഹരി ഇലത്തവള, പുള്ളി പാറത്തവള, തെക്കൻ ചൊറിത്തവള, മല്ലൻ പിലിഗിരിയൻ, കാണി ഇലത്തവള തുടങ്ങി മൊത്തം 67 ഇനം ഉഭയജീവികളിൽ 55 എണ്ണം പശ്ചിമഘട്ട തദ്ദേശ ജാതികളാണ്. ചോലക്കറുമ്പി, പച്ച ഈറ്റത്തവള, ചെറിയ ഇലത്തവള എന്ന വിഭാഗത്തിൽ ഉള്ളവ ഐയുസിഎൻ ചുവപ്പുപട്ടിക പ്രകാരം വംശനാശ ഭീഷണി നേരിടുന്ന 32 ഇനങ്ങളെയും കണ്ടെത്തി.
76 ഉരഗജീവികളിൽ 38 എണ്ണം പശ്ചിമഘട്ടത്തിൽ മാത്രം കണ്ടുവരുന്നവയാണ്. കൂടാതെ പതിമൂന്നോളം ഉരഗജീവികൾ ഐയുസിഎൻ ചുവപ്പ് പട്ടികയിൽ പെടുന്നവയാണ്. പൂച്ചക്കണ്ണൻ പാമ്പുകളിൽ താരതമ്യേന അപൂർവമായ തിരുവിതാംകൂർ പൂച്ചക്കണ്ണൻ പാമ്പ്, അഗസ്ത്യമലനിരകളിൽ മാത്രം കാണുന്ന പച്ചോലൻ, തിരുവിതാംകൂർ പച്ചോലൻ, തിരുവിതാംകൂർ കുഴിമണ്ഡലി എന്നിവ ഉരഗജീവി വൈവിധ്യത്തിൽ ശെന്തുരുണിയുടെ പ്രാധാന്യം അറിയിക്കുന്നു.
ശെന്തുരുണി വന്യജീവിസങ്കേതം, ആരണ്യകം നേച്ചർ ഫൌണ്ടേഷനൻ എന്നിവയുടെ നേതൃത്വത്തിൽ നടന്ന കണക്കെടുപ്പിൽ കലിക്കറ്റ് സര്‍വകലാശാല, കേരള വന ഗവേഷണ സ്ഥാപനം തുടങ്ങി വിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങളും മലബാർ നേച്ചർ ഹിസ്റ്ററി സൊസൈറ്റി, ഇക്കോളജിക്കൽ കൺസർവേഷൻ സൊസൈറ്റി തുടങ്ങിയ സന്നദ്ധസംഘടനകളിലുംനിന്നുമായി 30പേര്‍ പങ്കെടുത്തു. നാലുദിവസം ക്യാമ്പ് ചെയ്തായിരുന്നു സര്‍വേ.
വൈൽഡ് ലൈഫ് വാർഡൻ എസ് ഹീരാലാൽ സർവേ ഉദ്ഘാടനംചെയ്തു. അസിസ്റ്റന്റ് വാർഡൻ ടി എസ് സജു, ഗവേഷകരായ ഡോ. സന്ദീപ് ദാസ്, നിതിൻ ദിവാകർ, ആരണ്യകം മാനേജിങ് ട്രസ്റ്റി എസ് ധ്രുവരാജ് എന്നിവർ നേതൃത്വം നൽകി.









0 comments