ഉത്തർപ്രദേശിൽ നിയമ വിദ്യാർത്ഥിനിയെ കുടുംബാംഗങ്ങൾ കൊലപ്പെടുത്തിയതായി പരാതി; അഞ്ച് പേർ അറസ്റ്റിൽ

പ്രതീകാത്മക ചിത്രം
അലിഗഡ്: ഉത്തർപ്രദേശിലെ അലിഗഡിൽ ദുരഭിമാനക്കൊലയെന്ന് സംശയിക്കുന്ന സംഭവത്തിൽ ഇരുപതുകാരിയായ നിയമ വിദ്യാർത്ഥിനിയെ കുടുംബാംഗങ്ങൾ കൊലപ്പെടുത്തിയെന്ന് സംശയം.
യുവാവുമായുള്ള ബന്ധം അവസപ്പിക്കാൻ വിസമ്മതിച്ചതിനെ തുടർന്നാണ് കൊലപാതകമെന്നാണ് ആരോപണം. സംഭവത്തിൽ യുവതിയുടെ കുടുംബത്തിലെ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
യുവതിയുടെ കാമുകൻ ഹർജിത് വെള്ളിയാഴ്ച പൊലീസിൽ നൽകിയ പരാതിയിലൂടെയാണ് സംഭവം പുറത്തറിയുന്നത്. യുവതിയെ കുടുംബാംഗങ്ങൾ കൊലപ്പെടുത്തിയെന്നായിരുന്നു രേഖാമൂലമുള്ള പരാതി.
ഹിമാൻഷി എന്ന യുവതി രോഗബാധയെത്തുടർന്നാണ് മരിച്ചതെന്നാണ് കുടുംബം അവകാശപ്പെട്ടത്. തുടർന്ന് വിവരം അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തുന്നതിന് മുൻപ് വ്യാഴാഴ്ച രാത്രി തന്നെ അവർ സംസ്കാര ചടങ്ങുകൾ നടത്തുകയും ചെയ്തു.
പരാതിയെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിക്കുകയും കൊലക്കുറ്റത്തിന് വെള്ളിയാഴ്ച രാത്രിയോടെ അഞ്ച് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി സീനിയർ സൂപ്രണ്ട് ഓഫ് പോലീസ് നീരജ് കുമാർ പറഞ്ഞു.
ഹിമാൻഷിയുടെ അമ്മ, രണ്ട് സഹോദരന്മാർ, രണ്ട് അമ്മാവന്മാർ എന്നിവരാണ് അറസ്റ്റിലായതെന്ന് അദ്ദേഹം വ്യക്തമാക്കി. താനും ഹിമാൻഷിയും ഒന്നര വർഷത്തോളമായി അടുപ്പത്തിലായിരുന്നുവെന്നും വ്യത്യസ്ത ജാതിയിൽ പെട്ടവരായതിനാൽ യുവതിയുടെ കുടുംബം ഈ ബന്ധത്തെ നിരന്തരം എതിർത്തിരുന്നുവെന്നും ഹർജിത് പരാതിയിൽ പറയുന്നു.
ഹിമാൻഷിയുടെ കുടുംബത്തിൽ നിന്ന് തങ്ങൾക്ക് നിരവധി തവണ വധഭീഷണി ഉണ്ടായതായും യുവാവ് ആരോപിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഒരു സിസിടിവി ദൃശ്യവും പുറത്തുവന്നിട്ടുണ്ട്. ഹിമാൻഷി വീട്ടിൽ നിന്ന് ഓടിപ്പോയി ഹർജിത് ഉണ്ടായിരുന്ന കടയുടെ മുന്നിൽ എത്തുന്നതും, തുടർന്ന് സ്ഥലത്തെത്തിയ കുടുംബാംഗങ്ങൾ ഇരുവരേയും മർദ്ദിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.
ഹിമാൻഷിക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെടുന്നതോടൊപ്പം തനിക്ക് ഇപ്പോൾ ജീവന് ഭയമുണ്ടെന്നും ഹർജിത് പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.









0 comments