ഗ്രേറ്റർ നോയിഡയിൽ വെള്ളം നിറഞ്ഞ കുഴിയിൽ വീണ് ആറുവയസുകാരൻ മരിച്ചു

അവ്യാൻ സൂര്യ
നോയിഡ: ഗ്രേറ്റർ നോയിഡയിലെ നോളജ് പാർക്ക് മേഖലയിൽ ശനിയാഴ്ച വെള്ളം നിറഞ്ഞ കുഴിയിൽ വീണ് ആറുവയസുകാരൻ മരിച്ചു. കേന്ദ്രീയ വിദ്യാലയ വൈസ് പ്രിൻസിപ്പൽ സിവൻ യാദവിന്റെ മകൻ അവ്യാൻ സൂര്യയാണ് അപകടത്തിൽപ്പെട്ടത്.
ഗ്രേറ്റർ നോയിഡ അതോറിറ്റി ബോറിങ് ജോലികൾക്കായി കുഴിച്ചതും മഴവെള്ളം നിറഞ്ഞുനിന്നതുമായ 15 അടിയോളം താഴ്ചയുള്ള കുഴിയിലാണ് കുട്ടി വീണത്. കുഴിക്ക് ചുറ്റും ബാരിക്കേഡുകളോ മുന്നറിയിപ്പ് ബോർഡുകളോ സ്ഥാപിച്ചിരുന്നില്ലെന്ന് നാട്ടുകാർ ആരോപിച്ചു.
മറ്റുകുട്ടികളോടൊപ്പം കളിക്കുന്നതിനിടയിലാണ് കുട്ടി തുറന്നുകിടക്കുന്ന കുഴിയിൽ വീണത്. നാട്ടുകാർ ചേർന്ന് കുട്ടിയെ രക്ഷപ്പെടുത്തി ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു.
നഗരത്തിലെ തുറന്നുകടക്കുന്ന കുഴികൾ സുരക്ഷിതമാക്കുമെന്ന് അധികൃതർ നൽകിയ വാഗ്ദാനം പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി നാട്ടുകാർ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. ജനുവരിയിൽ നോയിഡയിൽ വെള്ളക്കെട്ടിൽ കാർ വീണ് സോഫ്റ്റ്‌വെയർ എൻജിനീയർ മരിച്ച സംഭവവും ഇവർ ഓർമ്മിപ്പിച്ചു.
സ്ഥലം സന്ദർശിച്ച എസ്ഡിഎം സദാർ അശുതോഷ് ഗുപ്ത, കുഴിക്ക് ചുറ്റും ബാരിക്കേഡുകൾ ഉണ്ടായിരുന്നില്ലെന്നാണ് പ്രാഥമിക വിവരമെന്ന് വ്യക്തമാക്കി. അന്വേഷണത്തിൽ അശ്രദ്ധ കണ്ടെത്തിയാൽ കരാറുകാരനെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.









0 comments