"ഒരു സുപ്രഭാതത്തിൽ പൊട്ടിവീണ ആളല്ല, ഇന്ന് സോഷ്യൽ മീഡിയയിലൂടെ നേതാവാകാം"; പ്രവർത്തന പാരമ്പര്യം പറഞ്ഞ് ചെന്നിത്തലയുടെ ഒളിയമ്പ്

രമേശ് ചെന്നിത്തല
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന് മുൻപേ മുഖ്യമന്ത്രി പദവിക്കായി കോൺഗ്രസ് നേതാക്കളുടെ പോര് തുടരുമ്പോൾ ഒളിയമ്പുമായി മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പദവി സ്വപ്നം കാണുന്ന നേതാക്കളെ ഉന്നമിട്ടുകൊണ്ട്, പൊതുരംഗത്തുള്ള തന്റെ ചരിത്രം ചെന്നിത്തല ഓർമിപ്പിച്ചു.
കൊച്ചിയിൽ പി കെ ഡീവര്‍ അനുസ്മരണ പരിപാടിയില്‍ സംസാരിക്കുമ്പോഴായിരുന്നു ചെന്നിത്തലയുടെ അവകാശവാദം. താനൊരു സുപ്രഭാതത്തിൽ പൊട്ടിവീണയാളല്ലെന്നും സ്കൂളിൽ പഠിക്കുമ്പോൾ മുതൽ പൊതുരംഗത്തുണ്ടെന്നും ചെന്നിത്തല പറഞ്ഞു. ഒരുപാട് കഷ്ടപ്പെട്ടാണ് ഈ നിലയിൽ എത്തിയത്. സൈക്കിളിൽ പോയി കെഎസ്‍യു ഉണ്ടാക്കിയിട്ടുണ്ട്. എന്നാൽ ഇന്ന് സോഷ്യൽ മീഡിയയിലൂടെ ആളുകൾക്ക് നേതാവാകാമെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
യുഡിഎഫ് അധികാരത്തിലെത്തുമെന്ന് അവകാശപ്പെട്ട് മുഖ്യമന്ത്രി കസേരയ്ക്കായി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന്റെയും പ്രതിപക്ഷനേതാവ് വി ഡി സതീശന്റെയും അനുയായികൾ സോഷ്യൽമീഡിയയിൽ പരസ്പരം കൊമ്പുകോർക്കുമ്പോഴാണ് ചെന്നിത്തലയുടെ പ്രതികരണം. മുഖ്യമന്ത്രി മോഹമുള്ള പ്രധാന നേതാക്കൾക്കുവേണ്ടി വൻ പിആർ ടീമുകളാണ് സോഷ്യൽമീഡിയയിൽ പ്രചാരണം നടത്തുന്നത്.
മുതിർന്ന നേതാവ് അജയ് തറയിലിന് പിന്നാലെ കെപിസിസി ജനറൽ സെക്രട്ടറി പി എം നിയാസും വേണുഗോപാലിനെ പിന്തുണച്ച് രംഗത്തെത്തി. അതേസമയം, ആലുവയിലും കണ്ണൂരിലും ഉൾപ്പെടെ സംസ്ഥാനത്ത് പലയിടങ്ങളിലും സതീശനുവേണ്ടി ഫ്ലക്സ് ബോർഡുകൾ ഉയർന്നിട്ടുണ്ട്.










0 comments