ad
Deshabhimani

print edition പൊലീസിന് അറിവില്ലെന്ന്‌ ചെന്നിത്തല, പ്രതികരണമില്ലാതെ 
മുഖ്യമന്ത്രി സതീശൻ

Ramesh Chennithala V D Satheesan
വെബ് ഡെസ്ക്

Published on May 28, 2026, 12:32 AM | 1 min read

തിരുവനന്തപുരം: സിഎംആർഎൽ-–എക്‌സാലോജിക് കേസുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വിവിധയിടങ്ങളിൽ നടന്ന ഇഡി റെയ്ഡുകളെക്കുറിച്ച് കേരള പൊലീസിനോ ആഭ്യന്തര വകുപ്പിനോ മുൻകൂർ വിവരമില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഇത്തരമൊരു നീക്കത്തെക്കുറിച്ച് സംസ്ഥാനത്തെ ആരും അറിയിച്ചിട്ടില്ല. റെയ്ഡിനായി പൊലീസ് സഹായം തേടിയിട്ടില്ല.

ഇഡി ഉദ്യോഗസ്ഥർ കേന്ദ്രസേനയുടെ സഹായംതേടിയാണ് നടപടി സ്വീകരിച്ചത്. വിഷയത്തിൽ ഡിജിപിയുമായും ആഭ്യന്തര സെക്രട്ടറിയുമായും സംസാരിച്ചു. സംസ്ഥാന പൊലീസിന് ഇതുസംബന്ധിച്ച വിവരങ്ങൾ കൈമാറിയിട്ടില്ലെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട്‌ പറഞ്ഞു.


പ്രതികരണമില്ലാതെ 
മുഖ്യമന്ത്രി സതീശൻ


പ്രതിപക്ഷ നേതാവ്‌ പിണറായി വിജയന്റെ വസതിയിൽ ഇഡി മണിക്കൂറുകളോളം പരിശോധന നടത്തിയ സംഭവത്തിൽ പ്രതികരണമില്ലാതെ മുഖ്യമന്ത്രി വി ഡി സതീശൻ.


പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ഇഡിയുടെ ചുമതലയുള്ള ധനമന്ത്രി നിർമല സീതാരാമനുമായും ചൊവ്വാഴ്‌ച സതീശൻ കൂടിക്കാഴ്‌ച നടത്തിയിരുന്നു. ഇതിന്‌ പിന്നാലെയാണ്‌ പിണറായിയുടെ വസതിയിൽ ഇഡി എത്തിയത്‌. ബുധനാഴ്‌ച ആഭ്യന്തര മന്ത്രി അമിത്‌ ഷായെയും കണ്ടു. ഇതിനുമാത്രമാണ്‌ സതീശൻ ബുധനാഴ്‌ച ഡൽഹിയിൽ തങ്ങിയത്‌.

ആഭ്യന്തര വകുപ്പിന്റെ ചുമതലയില്ലാത്ത മുഖ്യമന്ത്രി എന്താവശ്യത്തിനാണ്‌ ഷായെ കണ്ടതെന്ന്‌ വ്യക്തമല്ല. സാധാരണ മുഖ്യമന്ത്രി പ്രധാനമന്ത്രിയെയോ കേന്ദ്രമന്ത്രിമാരെയോ കണ്ടാൽ മാധ്യമങ്ങളോട്‌ പ്രതികരിക്കാറുണ്ട്‌. അതല്ലെങ്കിൽ പത്രക്കുറിപ്പിറക്കും. എന്നാൽ അമിത്‌ ഷായെ കണ്ട ശേഷം സതീശൻ മ‍ൗനം തുടരുകയാണ്‌. ഷായെ കാണുംമുമ്പും ശേഷവും പിണറായിയുടെ വസതിയിലെ ഇഡി റെയ്‌ഡിനെക്കുറിച്ച്‌ മാധ്യമങ്ങൾ പ്രതികരണം ആരാഞ്ഞെങ്കിലും സതീശൻ മ‍ൗനം പാലിച്ചു.


​ഇ ഡിയെ വിശ്വാസമില്ല: 
കെ മുരളീധരൻ


ഇ ഡിയെ അത്ര വിശ്വാസമില്ലെന്ന്‌ മന്ത്രി കെ മുരളീധരൻ. അവരുടെ അന്വേഷണം ആരും ഗ‍ൗരവത്തിൽ എടുക്കുന്നുമില്ല. ഇ ഡി റെയ്‌ഡിന്‌ പ്രാധാന്യം നൽകുന്നില്ല. അത്ര വലിയ സ്ഥാപനമാണെന്ന്‌ അതെന്ന്‌ ഞങ്ങൾക്ക്‌ അഭിപ്രായമില്ല. അവരുമായി കൂട്ടുകെട്ടില്ല. കുറച്ചുകഴിഞ്ഞാൽ അവർ സെക്രട്ടറിയറ്റിലേക്കും കയറും.


മുഖ്യമന്ത്രി മോദിയെ കണ്ടത്‌ കേരളത്തിന്റെ ആവശ്യങ്ങൾ പറയാനാണ്‌. സർക്കാരിന്‌ പല കാര്യത്തിലും കേന്ദ്രസഹായം വേണ്ടി വരുമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്‌ മറുപടിയായി പറഞ്ഞു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home