കുഫോസിൽ ഡീൻനിയമനം ; അബദ്ധം കാണിച്ച് ഗവർണർ
വെറ്ററിനറി സർവകലാശാല മാനേജ്‌മെന്റ് കൗൺസിൽ ; സംഘപരിവാർ അനുകൂലികളെ നിർദേശിച്ച് ഗവർണർ

കൽപ്പറ്റ
വെറ്ററിനറി സർവകലാശാല മാനേജ്‌മെന്റ് കൗൺസിലിൽ സംഘപരിവാർ അനുകൂലികളെ നോമിനേറ്റ് ചെയ്ത് ഗവർണർ. ബിജെപി അനുകൂല അധ്യാപക സംഘടനയായ എബിആർഎസ്‌എമ്മിന്റെ പ്രസിഡന്റ് ഡോ. സാനിസ് ജൂലിയറ്റ്, ജനറൽ സെക്രട്ടറി ഡോ. സി എൻ ദിനേശ് എന്നിവരെയാണ് നിർദേശിച്ചത്.
സർവകലാശാല രാജ്‌ഭവന് നൽകിയ പാനൽ തള്ളിയാണ് ഗവർണർ ഇവരെ തിരുകിക്കയറ്റിയത്. രണ്ടുമാസംമുമ്പുവരെ കോൺഗ്രസ് അനുകൂല സംഘടനയായ കെവിയുടിഎയുടെ അംഗങ്ങളായിരുന്നു ഇരുവരും. എബിആർഎസ്‌എം എന്ന, അടുത്തിടെ രൂപീകരിച്ച ബിജെപി അനുകൂല സംഘടനയിലേക്ക് ചേക്കേറുകയായിരുന്നു. 2024 ഫെബ്രുവരിയിൽ രൂപീകരിച്ച മാനേജ്‌മെന്റ് കൗൺസിലിലേക്ക് നോമിനികളായി ഉൾപ്പെടുത്തേണ്ടവരുടെ പാനൽ അന്നേ സർവകലാശാല നൽകിയതാണ്. ഇത് അട്ടിമറിച്ചാണ് ഗവണറുടെ സംഘപരിവാർ പാനൽ.
മാനേജ്‌മെന്റ് കൗൺസിലിലേക്കുള്ള ശാസ്ത്രജ്ഞരുടെ പ്രതിനിധികളായാണ് ഇവരുടെ നാമനിർദേശം. പൂക്കോട് ക്യാമ്പസിലെ ഫാർമക്കോളജി ആൻഡ് ടോക്‌സിക്കോളജി വിഭാഗം പ്രൊഫസറാണ് സാനിസ് ജൂലിയറ്റ്. സി എൻ ദിനേശ് തൃശൂർ മണ്ണൂത്തി ക്യാമ്പസിലെ ആനിമൽ ജനറ്റിക്‌സ് ആൻഡ് ആനിമൽ സയൻസ് വിഭാഗം പ്രൊഫസറാണ്. ഇവരേക്കാൾ യോഗ്യതയും സീനിയോറിറ്റിയുമുള്ള അധ്യാപകരാണ് സർവകലാശാലാ പാനലിലുള്ളത്.
കുഫോസിൽ ഡീൻനിയമനം ; അബദ്ധം കാണിച്ച് ഗവർണർ
തിരുവനന്തപുരം
കുഫോസിൽ ഡീൻനിയമനം സംബന്ധിച്ച് സംഘപരിവാർ അജൻഡ നടപ്പാക്കാൻ ശ്രമിച്ച് അമളി പറ്റി ഗവർണർ. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ വ്യാഴാഴ്ച തിരുത്തി. കുഫോസ് ഓഷീൻ സയൻസ് ആൻഡ് ടെക്‌നോളജി ഫാക്കൽറ്റി ഡീനായി ഗോവ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യോനോഗ്രഫി ചീഫ് സയന്റിസ്റ്റ് ഡോ. ബബൻ ഇങ്കോളിനെ നിയമിച്ച ഉത്തരവാണ് വിവാദമായത്.
ഡീൻ നിയമനത്തിനുള്ള സെലക് ഷൻ കമ്മിറ്റിയിൽ ചാൻസലറുടെ പ്രതിനിധിയെ ആവശ്യപ്പെട്ട് സർവകലാശാല കത്ത് നൽകിയിരുന്നു. കത്തിന് മറുപടിയായി ഡീനിനെത്തന്നെ നിയമിച്ച് രാജ്ഭവൻ ഉത്തരവിറക്കി. ഇത് ചട്ടവിരുദ്ധമാണെന്ന് മനസ്സിലായതോടെ തിരുത്തി.
സർവകലാശാല നിയമങ്ങളെക്കുറിച്ച് ഒരുധാരണയുമില്ലാത്ത തരത്തിലുള്ള പ്രവൃത്തികളാണ് തുടർച്ചയായി രാജ്ഭവൻ നടത്തുന്നത്. കേരള സർവകലാശാല എൻജിനീയറിങ് ഫാക്കൽറ്റിയിലും സമാന കടന്നുകയറ്റം നടത്തിയിരുന്നു.
ആർഎസ്‌എസ് വിദ്യാഭ്യാസപരിപാടിയിൽ 5 വിസിമാർ
കൊച്ചിയിൽ ആർഎസ്‌എസ് നിയന്ത്രണത്തിലുള്ള വിദ്യാഭ്യാസ സംഘടന ശിക്ഷാ സംസ്‌കൃതി ഉത്ഥാൻ ന്യാസ് സംഘടിപ്പിക്കുന്ന ജ്ഞാനസഭയിൽ കേരളത്തിലെ അഞ്ച് വി സിമാർ പങ്കെടുക്കുമെന്ന് ദേശീയ ജനറൽ സെക്രട്ടറി ഡോ. അതുൽ കോത്താരി വാർത്താസമ്മേളനത്തിൽ പറഞ്ഞു. 25 മുതൽ 28 വരെയാണ് ജ്ഞാനസഭ. വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ സമൂലമാറ്റമാണ് ജ്ഞാനസഭയുടെ ലക്ഷ്യമെന്നും അദ്ദേഹം അവകാശപ്പെട്ടു.
പിറവത്തെ ആദിശങ്കരനിലയത്തിൽ 25ന് ചിന്തൻ ബൈഠക് ആരംഭിക്കും. 27നും 28നും അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ വിദ്യാഭ്യാസ സമ്മേളനം ചേരും. 28ന് ആർഎസ്‌എസ് സർസംഘ ചാലക് മോഹൻ ഭഗവത് മുഖ്യപ്രഭാഷണം നടത്തും.










0 comments