print edition പ്രോട്ടോകോൾ ലംഘനം; പ്രതിഷേധവുമായി ഗവർണർ

തിരുവനന്തപുരം: സത്യപ്രതിജ്ഞാ വേദിയിൽ വിഐപികൾക്ക് ഇരിപ്പിടം അനുവദിക്കാനാവില്ലെന്ന ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുടെ നിർദേശം ലംഘിച്ചതിൽ ലോക്‌ഭവന് പ്രതിഷേധം. നിയുക്ത മുഖ്യമന്ത്രിയും മന്ത്രിമാരും ഗവർണറും ചീഫ് സെക്രട്ടറിയും മാത്രമേ വേദിയിൽ പാടുള്ളൂയെന്ന് ഗവർണർ പ്രോട്ടോക്കോൾ വിഭാഗത്തെ അറിയിച്ചിരുന്നു. സംസ്ഥാനത്ത് മുൻകാലങ്ങളിലെ രീതിയുമിതാണ്.
എന്നാൽ, രാഹുൽഗാന്ധിയടക്കമുള്ള നേതാക്കളെ വേദിയിലിരുത്തണമെന്ന് വി ഡി സതീശൻ ഗവർണറോട് ആവശ്യപ്പെട്ടു. തന്റെ അഭിപ്രായം പ്രോട്ടോക്കോൾ വിഭാഗത്തെ അറിയിച്ചിട്ടുണ്ടെന്നും തമിഴ്‌നാട് മാതൃകയിൽ സത്യപ്രതിജ്ഞ പാടില്ലെന്നുമായിരുന്നു ഗവർണറുടെ നിലപാട്. സദസിന്റെ മുൻനിരയിൽ ഇവരെ ഇരുത്തുന്നത് സുരക്ഷാപ്രശ്നമുണ്ടാക്കുമെന്ന് പൊലീസ് റിപ്പോർട്ടുണ്ടെന്നും ഗവർണർ പറഞ്ഞിരുന്നു.
എന്നാൽ, ഇത് ലംഘിച്ചാണ് വേദി സജ്ജമാക്കിയത്. തിങ്കളാഴ്ച പുലർച്ചെ വേദിയുടെ ഒരുക്കങ്ങൾ വിലയിരുത്താനെത്തിയ ലോക്ഭവൻ സെക്രട്ടറി നിർദേശങ്ങൾക്ക് വിരുദ്ധമായി വേദിയിൽ കൂടുതൽ കസേരകളുണ്ടെന്ന് ഗവർണറെ അറിയിച്ചു. ഇതോടെ ഗവർണർ ചീഫ് സെക്രട്ടറിയുമായി സംസാരിച്ചു.
ഇസഡ്- പ്ലസ് കാറ്റഗറി സുരക്ഷയുള്ള നേതാക്കളെത്തുന്നതിനാൽ കൂടുതൽ കസേരയിടാൻ അനുവദിക്കണമെന്ന് സതീശന്റെ നിർദേശ പ്രകാരം ചീഫ് സെക്രട്ടറി അഭ്യർഥിച്ചു. ഒടുവിൽ സുരക്ഷാവീഴ്ചയുണ്ടാകരുതെന്ന് മുന്നറിയിപ്പ് നൽകി ഗവർണർ സമ്മതിച്ചു. എന്നാൽ, വേദിയിൽ പറഞ്ഞതിലും കൂടുതൽ കസേരയിടുകയും നൂറിലധികം പേർ തള്ളിക്കയറുകയും ചെയ്തു. ചായസത്കാരത്തിനായി ലോക്ഭവനിൽ എത്തിയപ്പോൾ വി ഡി സതീശനോട് ഗവർണർ അതൃപ്തി അറിയിച്ചു.










0 comments