കുടുംബത്തോടൊപ്പം പാറക്കെട്ടിൽ ഇരുന്ന 13 കാരി ഇടിമിന്നലേറ്റ് മരിച്ചു

പ്രതീകാത്മക ചിത്രം
കൊച്ചി: പെരുമ്പാവൂരിൽ പതിമൂന്നുകാരി ഇടിമിന്നലേറ്റ് മരിച്ചു. പെരുമ്പാവൂർ മഞ്ഞപ്പെട്ടി അഫ്സലിന്റെയും നൗഫിയയുടെയും മകൾ നഫീസത്തുൽ മിസ്രിയയാണ് മരിച്ചത്. തൊടുപുഴക്ക് സമീപം ഉറവപ്പാറയിൽ വെച്ചായിരുന്നു അപകടം നടന്നത്. ഉറവപ്പാറ സന്ദർശിക്കാൻ എത്തിയതായിരുന്നു മിസ്രിയയും കുടുംബവും. അപ്രതീക്ഷിതമായുണ്ടായ കനത്ത മഴയിലും ഇടിമിന്നലിലും പെടുകയായിരുന്നു.
എട്ടാം ക്ലാസ് വിദ്യാർഥിയായിരുന്നു മിസ്രിയ. മിസ്രിയയുടെ പിതാവ് അഫ്സൽ, പ്രദേശവാസി ഗോകുൽ രാജ് എന്നിവർക്കും ഇടിമിന്നലേറ്റ് പരിക്കേറ്റു. ഇവരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉറവപ്പാറയിലെ പാറക്കെട്ടിൽ കുടുംബത്തോടൊപ്പം ഇരിക്കുമ്പോഴായിരുന്നു അപകടം.
പ്രദേശത്ത് ശക്തമായ മഴയും ഇടിമിന്നലും ഉണ്ടായിരുന്നു. മിന്നലേറ്റ ഉടൻ തന്നെ മിശ്രിയയേയും പരിക്കേറ്റവരേയും ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മിസ്രിയയുടെ ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റവരുടെ നില ഗുരുതരമല്ല.










0 comments