റിപ്പോർട്ടർ ടിവിയിൽ പൊലീസ് റെയ്ഡ്; മാധ്യമപ്രവര്‍ത്തകരെ തടഞ്ഞുവെച്ചു, ഫോണുകൾ പിടിച്ചെടുത്തു

ഡസ്കില്‍ കയറി ഫോണ്‍ പിടിച്ചുവാങ്ങുന്നതിന്‍റെ സിസിടിവി ദൃശ്യം
തിരുവനന്തപുരം: മാധ്യമസ്ഥാപനത്തിൽ കയറി പൊലീസിന്റെ അതിക്രമം. റിപ്പോർട്ടർ ടിവി ആസ്ഥാനത്ത് ഉൾപ്പെടെ സംസ്ഥാനത്ത് അഞ്ചിടങ്ങളിൽ പ്രത്യേക അന്വേഷക സംഘം (എസ്‌ഐടി) നടത്തിയ റെയ്ഡിൽ 70 ഓളം മാധ്യമപ്രവർത്തകരുടെ ഫോണുകൾ പിടിച്ചെടുത്തു. ഇതേതുടർന്ന് ചാനലിന്റെ തത്സമയ സംപ്രേക്ഷണം തടസപ്പെട്ടു.
വാർത്തകൾ നൽകുന്ന എഡിറ്റോറിയൽ വിഭാഗത്തിലെ ഇൻപുട്ട് ഫോൺ ഉൾപ്പടെയാണ് പൊലീസ് പിടിച്ചുവാങ്ങിയത്. പുലർച്ചെ 5.50ഓടെ പൊലീസ് സംഘം ചാനലിന്റെ ഡസ്കിലേയ്ക്ക് ഇടിച്ചുകയറുകയും ആറു മണിക്ക് ആദ്യ ബുള്ളറ്റിൻ കയറുന്നതിനായി ലൈവിൽ വരുന്ന മാധ്യമപ്രവർത്തകനുമായി ബന്ധപ്പെടുന്നതിനിടെ പൊലീസ് എത്തി ഫോൺ പിടിച്ചുവാങ്ങുകയായിരുന്നുവെന്ന് മാധ്യമപ്രവർത്തകർ പറയുന്നു.
ആരെയാണ് വിളിക്കുന്നതെന്ന് ചോദിച്ചുകൊണ്ടായിരുന്നു ഡസ്കിലെ പൊലീസ് അതിക്രമമെന്നും ജീവനക്കാർ പറഞ്ഞു. എന്താണ് കേസ് എന്ന ചോദ്യത്തിന് മറുപടി നൽകാതെയായിരുന്നു പൊലീസിന്റെ ഗുണ്ടായിസമെന്നും മാധ്യമപ്രവർത്തകർ കൂട്ടിച്ചേർത്തു. ഇൻപുട്ട് ഫോണിലേയ്ക്കാണ് ചാനലിലേയ്ക്ക് വേണ്ട എല്ലാ വാർത്തകളും എത്തുന്നത്. ലൈവ് വാർത്തകൾ വരുന്ന ഇൻപുട്ട് ഫോൺ പിടിച്ചെടുത്തതിലൂടെ ചാനലിന്റെ സംപ്രേക്ഷണം പൂർണമായും തടസപ്പെടുത്തുകയാണ് ചെയ്തതെന്ന് മാധ്യമപ്രവർത്തകൻ അരുൺ കുമാർ പറഞ്ഞു.
ഇൻപുട്ട് ഫോൺ കൂടാതെ ഡസ്കിലുണ്ടായിരുന്ന മറ്റ് മാധ്യമപ്രവർത്തകരുടെ ഔദ്യോഗിക ഫോണുകളും സ്വകാര്യ ഫോണുകളും പൊലീസ് പിടിച്ചെടുത്തതായും ജീവനക്കാർ പറഞ്ഞു. കേസുമായി ഒരു ബന്ധവുമില്ലാത്ത മാധ്യമപ്രവർത്തകരുടെ ഫോൺ പിടിച്ചുവാങ്ങിയത് എന്തിനാണെന്നും മാധ്യമപ്രവർത്തകർ ചോദിക്കുന്നു. ഡസ്കിൽ കയറി പൊലീസ് ഫോൺ പിടിച്ചുവെയ്ക്കുന്നതിന്റെ ദൃശ്യങ്ങൾ സിസിടിവി ദൃശ്യങ്ങൾ ചാനൽ പുറത്തുവിട്ടു.









0 comments