ad
Deshabhimani

റിപ്പോർട്ടർ ചാനൽ ഓഫീസിലെ പൊലീസ് അതിക്രമം; അടിയന്തരാവസ്ഥയിലെ മാധ്യമ വേട്ടയ്ക്ക് സമാനം: ഡിവൈഎഫ്ഐ

reporter dyfi
വെബ് ഡെസ്ക്

Published on Sep 16, 2026, 09:50 AM | 1 min read

തിരുവനന്തപുരം : റിപ്പോർട്ടർ ടിവിയുടെ ഓഫീസിൽ കയറി റെയ്ഡ് നടത്തുകയും ജീവനക്കാരുടെ ഫോണുകളടക്കം പിടിച്ചെടുക്കുകയും ചെയ്ത പൊലീസ് നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് ഡിവൈഎഫ്ഐ. അടിയന്തരാവസ്ഥക്കാലത്തെ മാധ്യമ വേട്ടയ്ക്ക് സമാനമായ നടപടിയാണിതെന്നും ശക്തമായ പ്രതിഷധം ആവശ്യമാണെന്നും ഡിവൈഎഫ്ഐ വ്യക്തമാക്കി.


ബുധൻ പുലർച്ചെയാണ് കേസുമായി ബന്ധപ്പെട്ട റെയ്ഡിനായി റിപ്പോർട്ടർ ചാനലിന്റെ കൊച്ചിയിലെ പ്രധാന ഓഫീസിലേക്ക് പൊലീസ് സംഘം എത്തിയത്. അഡ്മിനിസ്ട്രേറ്റീവ് വിഭാഗത്തിൽ പോവാതെ നേരിട്ട് വാർത്തകൾ കൈകാര്യം ചെയ്യുന്ന ന്യൂസ് ഡെസ്കിൽ വന്നു കയറി ജീവനക്കാരെ ഭയപ്പെടുത്തുകയും ലൈവ് ന്യൂസിന് വേണ്ടി തയാറെടുത്ത മാധ്യമ പ്രവർത്തകരുടെ മൊബൈൽ ഫോൺ പിടിച്ചു വാങ്ങുകയും അതിക്രമം കാണിക്കുകയുമായിരുന്നു.


സർക്കാരിനെതിരെ വാർത്തകൾ നൽകുന്ന കാരണത്താലാണ് ചാനലിന്റെ ന്യൂസ് ഡെസ്കിൽ ഉൾപ്പെടെ കയറി അതിക്രമം കാണിക്കാൻ പൊലീസ് തയ്യാറാവുന്നത്. ഇത് അടിയന്തരാവസ്ഥക്കാലത്തെ മാധ്യമ വേട്ടയ്ക്ക് സമാനമായ സാഹചര്യമാണ്. മുഖ്യമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും നിർദ്ദേശപ്രകാരമാണ് പൊലീസ് അതിക്രമം നടത്തിയത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. നരേന്ദ്രമോദി സർക്കാർ രാജ്യത്തെ മാധ്യമങ്ങളോട് ചെയ്യുന്നതിന് സമാനമായ രീതിയിലാണ് വി ഡി സതീശൻ സർക്കാർ പൊലീസിനെ ഉപയോഗിച്ച് മാധ്യമങ്ങളെ വേട്ടയാടുന്നത്. മാധ്യമങ്ങൾ സ്തുതി പാടിയില്ലെങ്കിൽ, തങ്ങളുടെ ഇംഗിതത്തിന് നിന്നില്ലെങ്കിൽ വേട്ടയാടും എന്ന സ്ഥിതിയിലേക്കാണ് കേരളത്തിലും മാധ്യമവേട്ട നടക്കുന്നത്.


പൊലീസിന്റെ നടപടി നിയമവിരുദ്ധവും ജനാധിപത്യവിരുദ്ധവും മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള വെല്ലുവിളിയുമാണ്. റെയ്‌ഡിൻ്റെ പേരിൽ മാധ്യമ സ്ഥാപനങ്ങളുടെ ന്യൂസ് ഡെസ്കിൽ പൊലീസ് കയറി വാർത്താ പ്രക്ഷേപണം തടസ്സപ്പെടുത്തിയ ചരിത്രം കേരളത്തിലെന്നല്ല ഇന്ത്യയിൽ തന്നെ ഇല്ല. പൊലീസിനെ ഉപയോഗിച്ച് തങ്ങൾക്കെതിരായി വരുന്ന വാർത്തകളെ ഇല്ലാതാക്കാനുള്ള ശ്രമമാണ് വി ഡി സതീശൻ സർക്കാർ നടത്തുന്നത്. റിപ്പോർട്ടർ ചാനലിന്റെ ന്യൂസ് ഡെസ്കിൽ കയറി അതിക്രമം കാണിച്ച പൊലീസ് നടപടിക്കെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും ഡിവൈഎഫ്ഐ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home