ad
Deshabhimani

കേരളത്തിൽ അടിയന്തരാവസ്ഥയോ; മാധ്യമവേട്ടയുമായി പൊലീസ്

police repoter tv.jpg
വെബ് ഡെസ്ക്

Published on Sep 16, 2026, 09:52 AM | 2 min read

തിരുവനന്തപുരം: കേരളത്തിൽ അടിയന്തരാവസ്ഥയ്ക്ക് സമാനമായ പൊലീസ് ഭീകരത. എസ്ഐടി അന്വേഷണത്തിന്റെ പേരിൽ റിപ്പോർട്ടർ ചാനലിന്റെ ന്യൂസ് ഡെസ്കിൽ കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. മാധ്യമ പ്രവർത്തകരുടെ കമ്പ്യൂട്ടറുകളും മൊബൈൽ ഫോണുകളും പിടിച്ചെടുത്തു.


യുഡിഎഫ്‌ ഭരണത്തിലേറി നാല് മാസത്തിനകമാണ് മാധ്യമ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നു കയറ്റത്തിന്റെ തീവ്രരൂപം കണ്ടത്. സംഘപരിവാറിനേക്കാൾ കടുത്ത വൈരാഗ്യ ബുദ്ധിയോടെയാണ് യുഡിഎഫ് ഭരണകൂടത്തിന്റെ അടിയന്തരാവസ്ഥയെ നാണിപ്പിക്കുന്ന മാധ്യമ വേട്ട.


പുലർച്ചെ ആറു മണിയോടെയാണ് പ്രത്യേക അന്വേഷക സംഘം (എസ്‌ഐടി) റിപ്പോർട്ടർ ടിവിയിൽ പരിശോധനയ്ക്ക് എത്തിയത്. ഓഫീസിലെത്തിയ സംഘം മാധ്യമ പ്രവർത്തകരുടെ ഫോണുകൾ പിടിച്ച് വാങ്ങി, കമ്പ്യൂട്ടറുകൾക്ക് മുന്നിൽ കയറ്റിയിരുന്ന് ന്യൂസ് ഡെസ്കിലെ പ്രവർത്തനം തടസപ്പെടുത്തി. റെയ്‌ഡിൻ്റെ പേരിൽ മാധ്യമ സ്ഥാപനങ്ങളുടെ ന്യൂസ് ഡെസ്കിൽ പോലീസ് കയറി വാർത്താ പ്രക്ഷേപണം തടസ്സപ്പെടുത്തിയ ചരിത്രം ഇന്ത്യയിൽ തന്നെ ഇല്ല. പൊലീസിനെ ഉപയോഗിച്ച് തങ്ങൾക്കെതിരെ വരുന്ന വാർത്തകളെ ഇല്ലാതാക്കാനുള്ള ശ്രമമാണ് വി ഡി സതീശൻ സർക്കാർ നടത്തുന്നത്.


അടിയന്തിരാവസ്ഥയെ ഓർമ്മിപ്പിക്കുന്ന അതിക്രമമാണ് പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലും കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലുളള ഡൽഹിയിലും മാധ്യമങ്ങൾക്ക് നേരെ നടക്കുന്ന അക്രമമാണ് കേരളത്തിലും നടന്നിരുക്കുന്നത്. ന്യൂസ് ക്ലിക്ക് ഓഫീസിൽ അതിക്രമിച്ചു കയറി ഉപകരണങ്ങൾ പിടിച്ചെടുക്കുകയും പത്രാധിപരെ ജയിലിൽ അടക്കുകയും ചെയ്തതിന് സമാനമായ നടപടിയാണ് ഇവിടെയും ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.


പൊലീസ് നടപടി ശുദ്ധ അസംബന്ധവും ജനാധിപത്യ വിരുദ്ധവുമാണെന്ന് എ എ റഹീം എംപി പറഞ്ഞു. മുഖ്യമന്ത്രി വി ഡി സതീശന് ഹിറ്റ്ര്‍ എന്ന ഓമനപ്പേരാണ് നല്ലതെന്നും സ്വതന്ത്ര ഇന്ത്യയില്‍ കേട്ട് കേള്‍വി ഇല്ലാത്ത നടപടിയാണ് പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും എ എ റഹീം പറഞ്ഞു. മാധ്യമപ്രവര്‍ത്തകരെ ബന്ധിയാക്കിയുള്ള പരിശോധന ഒരു നിലയിലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് വി കെ സനോജ് എംഎല്‍എ പറഞ്ഞു.


റിപ്പോർട്ടർ ചാനലിൽ പൊലീസ് നടത്തുന്നത് തനി ഗുണ്ടായിസമാണെന്ന് വീണാ ജോർജ് പറഞ്ഞു. മാധ്യമപ്രവർത്തകരെ ബന്ദികളാക്കി വാർത്താ സംപ്രേഷണം തടഞ്ഞ നടപടി കേരളത്തിൽ കേട്ട് കേൾവി ഇല്ലാത്തതാണ്. മാധ്യമ സംപ്രേഷണം തടഞ്ഞും മാധ്യമ പ്രവർത്തകരെ ബന്ദികളാക്കിയും കോൺഗ്രസ് സർക്കാർ നടത്തുന്ന ഈ അതിക്രമം അന്യായമാണ്. ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയാത്തതാണ്. ആരുടെ നിർദേശ പ്രകാരമാണ് ഈ ഗുണ്ടായിസമെന്ന് കേരളസമൂഹത്തിന് മുൻപാകെ വ്യക്തമാക്കപ്പെടണമെന്നും വീണാ ജോർജ് പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home