ad
Deshabhimani

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനവും രാജിവയ്‌ക്കണമെന്ന് ആവശ്യം

പീഡനം, ഭീഷണി, അശാസ്ത്രീയ ഗർഭഛിദ്രം, അശ്ലീല സന്ദേശം ; ഗതികെട്ട് 
രാജി

Rahul Mamkootathil

യുവതിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം അശാസ്‌ത്രീയ ഗർഭഛിദ്രത്തിന്‌ നിർബന്ധിച്ചതിന്റെ ഫോൺ സംഭാഷണവും സമൂഹമാധ്യമത്തിലെ ചാറ്റും പുറത്തുവന്നതിനു

വെബ് ഡെസ്ക്

Published on Aug 22, 2025, 01:23 AM | 3 min read


തിരുവനന്തപുരം

യുവതിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം അശാസ്‌ത്രീയ ഗർഭഛിദ്രത്തിന്‌ നിർബന്ധിച്ചതിന്റെ ഫോൺ സംഭാഷണവും സമൂഹമാധ്യമത്തിലെ ചാറ്റും പുറത്തുവന്നതിനു പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ യൂത്ത്‌ കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റ്‌ സ്ഥാനം രാജിവച്ചു. കോൺഗ്രസ്‌ നേതൃത്വം സംരക്ഷണകവചമൊരുക്കിയിട്ടും ഗത്യന്തരമില്ലാതെയാണ്‌ നാണംകെട്ട പടിയിറക്കം.


വ്യാഴാഴ്‌ച രാവിലെയാണ്‌ യുവതിയുമായുള്ള ഫോൺ സംഭാഷണവും ചാറ്റും പുറത്തുവരുന്നത്‌. ശാസ്‌ത്രീയമല്ലാത്ത ഗർഭഛിദ്രത്തിന്‌ നിർബന്ധിക്കുന്നതും ഭീഷണിപ്പെടുത്തുന്നതുമാണ്‌ സംഭാഷണം. തൊട്ടുപുറകേ കൂടുതൽ പേർ പരാതികളുമായി വന്നു. ഒടുവിൽ രക്ഷയില്ലാതെയാണ്‌ പകൽ ഒന്നരയോടെ രാജി പ്രഖ്യാപനം.


rahul mamkoottathil


സമാനമായി നിരവധി പെൺകുട്ടികളെയും ട്രാൻസ്ജെൻഡർ വിഭാഗക്കാരെയും ചതിയിൽ പെടുത്തിയെന്നാണ് വിവരം. ഇത്രയേറെ പരാതിയുയർന്നിട്ടും ആ വ്യക്തി ജനപ്രതിനിധിയായി തുടരുന്നതിൽ ശക്തമായ പ്രതിഷേധം അലയടിക്കുകയാണ്‌. വിവിധയിടങ്ങളിൽ പ്രകടനങ്ങൾ നടന്നു. നിയമവിരുദ്ധമായി യുവതിയെ ഗർഭഛിദ്രം ചെയ്യാൻ നിർബന്ധിച്ച വിഷയത്തിൽ എറണാകുളം പൊലീസിൽ അഭിഭാഷകൻ പരാതി നൽകി.


മാധ്യമപ്രവർത്തകയെ വിവാഹം കഴിക്കാമെന്ന്‌ വാഗ്‌ദാനംചെയ്‌ത്‌ യുവ നേതാവ്‌ പീഡിപ്പിച്ചശേഷം ഗർഭഛിദ്രം നടത്തിച്ചെന്ന വാർത്ത സമുഹമാധ്യമങ്ങളിൽ കുറച്ച്‌ ദിവസമായി ചർച്ചയായിരുന്നു. അതിനിടയിലാണ്‌ ബുധനാഴ്‌ച ഒരു ചാനലിന്‌ നൽകിയ അഭിമുഖത്തിൽ രാഹുലിന്റെ മോശം പെരുമാറ്റത്തെക്കുറിച്ച്‌ കോൺഗ്രസ്‌ അനുഭാവിയും ചലച്ചിത്രതാരവും മുൻ മാധ്യമപ്രവർത്തകയുമായ റിനി ആൻ ജോർജ്‌ വെളിപ്പെടുത്തുന്നത്‌. ഫൈവ്‌സ്റ്റാർ ഹോട്ടലിൽ മുറിയെടുക്കാമെന്ന്‌ പറഞ്ഞതായും അവർ വെളിപ്പെടുത്തിയിരുന്നു. ഇ‍ൗ വിവരം മുതിർന്ന നേതാവിനെ അറിയിച്ചിരുന്നതായും അവർ ഒന്നും ചെയ്‌തില്ലെന്നും പകരം ഉന്നതസ്ഥാനം നൽകിയെന്നും പ്രതിപക്ഷ നേതാവ്‌ വി ഡി സതീശനെ രക്ഷാകർത്താവിന്റെ സ്ഥാനത്തു കാണുന്ന നടി തുറന്നടിച്ചു. രാഹുൽ മാങ്കൂട്ടത്തിലാണ്‌ യുവ നേതാവ്‌ എന്ന്‌ അവർ പറഞ്ഞില്ലെങ്കിലും വാക്കുകളിൽനിന്ന്‌ ഇത്‌ വ്യക്തമായിരുന്നു.


പിന്നാലെ എഴുത്തുകാരി ഹണി ഭാസ്‌കറും, ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽപെട്ട അവന്തികയുമടക്കം നിരവധിപ്പേർ രാഹുലിനെതിരെ രംഗത്തുവന്നു. പലരും രാഹുൽഅയച്ച അശ്ലീല സന്ദേശങ്ങളടക്കമുള്ള ഡിജിറ്റൽ തെളിവും പുറത്ത്‌ വിട്ടു. പുറത്തുപറയാത്ത നിരവധി പരാതികൾ വരാനുണ്ടെന്ന് കോൺഗ്രസുകാർതന്നെ വെളിപ്പെടുത്തുന്നു.


വ്യാജ ഐഡി കാർഡുകളുണ്ടാക്കി വോട്ടുനേടിയാണ്‌ രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത്‌ കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റായത്‌. ഇതിൽ അന്വേഷണം നടക്കുകയാണ്‌. എന്നിട്ടും രണ്ടുവർഷമായി പ്രസിഡന്റ്‌ സ്ഥാനത്ത്‌ തുടർന്നു. ഇ‍ൗ അന്വേഷണം നിലനിൽക്കുമ്പോൾത്തന്നെ പാലക്കാട്‌ ഉപതെരഞ്ഞടുപ്പിൽ കോൺഗ്രസ് നേതൃത്വം സീറ്റും നൽകി.


വേട്ടയ്‌ക്ക്‌ പിന്തുണ ; പ്രതിപക്ഷ നേതാവും 
പ്രതിക്കൂട്ടിൽ

ആവർത്തിച്ച്‌ പരാതികളുയർന്നിട്ടും രാഹുൽ മാങ്കൂട്ടത്തിൽ ആഭാസനടപടി തുടർന്നത്‌ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ ഉൾപ്പെടെയുള്ള കോൺഗ്രസ്‌ നേതൃത്വം സംരക്ഷിച്ചതിനാൽ. മൂന്നുവർഷംമുമ്പാണ്‌ മുൻ മാധ്യമപ്രവർത്തകകൂടിയായ റിനി ആൻ ജോർജ്‌ അടുത്ത സ‍ൗഹൃദമുള്ള പ്രതിപക്ഷ നേതാവ്‌ വി ഡി സതീശനോടും മറ്റു നേതാക്കളോടും ദുരനുഭവങ്ങൾ പറഞ്ഞത്‌. നടപടിയെടുക്കാതിരുന്ന നേതൃത്വം എംഎൽഎ സ്ഥാനമടക്കം പുതിയ ചുമതല നൽകി. ഷാഫി പറമ്പിലിനും രാഹുലിന്റെയും സ്വഭാവവൈകൃതത്തെക്കുറിച്ചുള്ള പരാതികൾ കിട്ടിയിരുന്നു. എന്നാൽ ഷാഫിയുടെയും മാങ്കൂട്ടത്തിലിന്റെയും സഹായത്തോടെ സംഘടന പിടിച്ചെടുക്കാനാണ്‌ സതീശൻ ശ്രമിച്ചത്‌. അതിനായി ഇരുവരെയും പ്രോത്സാഹിപ്പിച്ച്‌ കൂടെ കൂട്ടി. ഷാഫിക്കായി വടകരയിൽ നിന്ന്‌ കെ മുരളീധരനെ ഓടിച്ചു. പകരം പാലക്കാട്‌ മാങ്കൂട്ടത്തിലിനു നൽകി.


സാമ്പത്തിക അഴിമതി, മുണ്ടക്കൈ ഫണ്ട്‌ പിരിവിലെ ക്രമക്കേട്‌, സംഘടനാ തെരഞ്ഞെടുപ്പിലെ വ്യാജ തിരിച്ചറിയൽകാർഡ്‌ അട്ടിമറി എന്നീ പരാതികളും ഉയർന്നിട്ടും നേതൃത്വം അനങ്ങിയില്ല.


​റിനിയുടെ പരാതി വിവാദമായതോടെ, ‘ഞാൻ ഇപ്പോൾ മാത്രമാണ്‌ അറിഞ്ഞത്‌’ എന്നാണ്‌ വ്യാഴാഴ്‌ച ആദ്യം വി ഡി സതീശൻ മാധ്യമങ്ങളോട്‌ പറഞ്ഞത്‌. എന്നാൽ തനിക്കുണ്ടായ തിക്താനുഭവം മൂന്നുവർഷംമുമ്പുതന്നെ വി ഡി സതീശൻ ഉൾപ്പെടെയുള്ള നേതാക്കളെ അറിയിച്ചിരുന്നെന്ന്‌ റിനി വെളിപ്പെടുത്തി. ആഭാസകരമായ പെരുമാറ്റം മാങ്കൂട്ടത്തിലിന്റെ മിടുക്കാണെന്നാണ്‌ മറ്റൊരു നേതാവ്‌ റിനിയോട്‌ പ്രതികരിച്ചത്‌. കോൺഗ്രസ്‌ നേതാക്കളുടെ ഭാര്യമാർക്കും പെൺമക്കൾക്കുംപോലും ദുരനുഭവമുണ്ടായതായി റിനി വെളിപ്പെടുത്തിയിട്ടുണ്ട്‌.


മാധ്യമപ്രവർത്തകയ്‌ക്കുണ്ടായ ദുരനുഭവങ്ങൾ ആഴ്‌ചകൾക്കുമുമ്പ്‌ പുറത്തുവന്നപ്പോഴും മാങ്കൂട്ടത്തിലിനെ സംരക്ഷിക്കാനാണ്‌ പ്രതിപക്ഷ നേതാവും മറ്റുനേതാക്കളും ശ്രമിച്ചത്‌. ഇതിനായി മാധ്യമസ്ഥാപനത്തിന്റെ മേധാവിയെ കണ്ട്‌ കാലുപിടിച്ചു. പെൺകുട്ടിയെ ഗർഭഛിദ്രത്തിന്‌ നിർബന്ധിക്കുന്നതിന്റെ ഫോൺ ശബ്‌ദരേഖ പുറത്തുവന്നതോടെയാണ്‌ നേതൃത്വത്തിന്‌ പിടിച്ചുനിൽക്കാനാകാതെ വന്നത്‌. മുൻ എംപിയുടെ മകൾക്ക്‌ ഇയാളിൽനിന്ന്‌ ദുരനുഭവമുണ്ടായ വിവരവും പുറത്തുവന്നു.


പൊലീസിലും 
ബാലാവകാശ 
കമീഷനിലും പരാതി

നിർബന്ധിത ഗർഭഛിദ്രം നടത്താൻ സമ്മർദം ചെലുത്തിയതിന്‌ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ പൊലീസിലും ബാലാവകാശ കമീഷനിലും പരാതി. ഹൈക്കോടതി അഭിഭാഷകൻ ഷിന്റോ സെബാസ്റ്റ്യനാണ്‌ പരാതി നൽകിയത്‌. ക്രിമിനൽ കേസെടുത്ത്‌ അന്വേഷിക്കണമെന്നാണ്‌ എറണാകുളം സെൻട്രൽ പൊലീസിന്‌ നൽകിയ പരാതിയിലെ ആവശ്യം.


നിർബന്ധിത ഗർഭഛിദ്രം നിയമലംഘനമായതിനാൽ ഇക്കാര്യത്തിൽ അടിയന്തിര ഇടപെടൽ നടത്തണമെന്ന്‌ ബാലാവകാശ കമീഷന്‌ നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു. ഗർഭഛിദ്രത്തിന്‌ സ്‌ത്രീയെ നിർബന്ധിച്ചു. മാനസികമായും ശാരീരികമായും അവരെ പീഡിപ്പിച്ചിട്ടുണ്ടെന്നാണ്‌ വാർത്തകളിൽനിന്ന്‌ വ്യക്തമാകുന്നത്‌. പ്രതി ഉന്നതസ്ഥാനത്തുള്ള വ്യക്തിയായതിനാൽ തെളിവ്‌ നശിപ്പിക്കാൻ സാധ്യതയുണ്ട്‌. അമ്മയുടെ ആരോഗ്യത്തിനും ജീവനും ഭീഷണിയുണ്ട്‌. ഗർഭസ്ഥ ശിശു ജീവനോടെയുണ്ടോയെന്നും അന്വേഷിക്കണം.


ജീവനോടെയുണ്ടെങ്കിൽ ഗർഭസ്ഥ ശിശുവിനെ സംരക്ഷിക്കാൻ നടപടി സ്വീകരിക്കണം –ബാലാവകാശകമീഷന്‌ നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു. പരാതി ലഭിച്ചതായും തുടർനടപടി ഉണ്ടാകുമെന്നും സെൻട്രൽ പൊലീസും ബാലാവകാശ കമീഷനും അറിയിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home