മാങ്കൂട്ടത്തിലിനെതിരെ പീഡന പരാതി നൽകിയ അതിജീവിതയെ അധിക്ഷേപിച്ച കേസ്; രാഹുൽ ഈശ്വറിന് ജാമ്യമില്ല

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലെെംഗിക പീഡന പരാതി നൽകിയ അതിജീവിതയെ അധിക്ഷേപിക്കുകയും വ്യക്തി വിവരങ്ങൾ പരസ്യപ്പെടുത്തുകയും ചെയ്ത കേസിൽ രാഹുൽ ഈശ്വറിന്റെ ജാമ്യാപേക്ഷ വീണ്ടും തള്ളി കോടതി. തിരുവനന്തപുരം അഡീഷണൽ സിജെഎം കോടതിയാണ് കേസ് പരിഗണിച്ചത്. നേരത്തെ കോടതിയിൽ ഉന്നയിച്ച വാദങ്ങളിൽത്തന്നെ പ്രോസിക്യൂഷൻ വീണ്ടും ഉറച്ച് നിന്നു. ഇയാൾ ജാമ്യത്തിൽ ഇറങ്ങിയാൽ യുവതികളെ പീഡിപ്പിച്ച കേസിൽ ഒളിവിൽ കഴിയുന്ന മാങ്കൂട്ടവുമായി ഗൂഢാലോചന നടത്തി കേസ് അട്ടിമറിക്കാൻ സാധ്യതയുണ്ടെന്ന വിവരവും പ്രോസിക്യൂഷൻ കോടതിയുടെ ശ്രദ്ധയിൽപെടുത്തി.
രണ്ട് ദിവസം പൊലീസ് കസ്റ്റഡിയിൽ കഴിഞ്ഞ രാഹുലിനെ വ്യാഴം ഉച്ചയ്ക്ക് ശേഷം തിരികെ തിരുവനന്തപുരം പൂജപ്പുര സെന്‍ട്രൽ ജയിലിൽ പ്രവേശിപ്പിച്ചിരുന്നു.
അതിജീവിതയെ ചാനലുകളിലൂടെ നിരന്തരം അധിക്ഷേപിച്ചതിനും വ്യക്തിവിവരങ്ങൾ വെളിപ്പെടുത്തിയതിനുമാണ് രാഹുൽ ഈശ്വറിനെ കഴിഞ്ഞ ഞായറാഴ്ചയാണ് അറസ്റ്റ് ചെയ്തത്. അതിജീവിതയുടെ പരാതിയിൽ കോൺഗ്രസ് നേതാവ് സന്ദീപ് വാര്യരടക്കം ആറ് പേർക്കെതിരെ സൈബർ പൊലീസ് കേസെടുത്തിരുന്നു.
ബിഎൻഎസ് 72, 75, 79,351 എന്നീ വകുപ്പുകൾ പ്രകാരമായിരുന്നു അറസ്റ്റ്. അതിജീവിതയ്ക്ക് നേരെ കോൺഗ്രസ് സൈബർ ടീമിന്റെ ഭാഗത്ത് നിന്ന് ആസൂത്രിതമായ ആക്രമണമാണ് നടന്നതെന്ന് പൊലീസ് വ്യക്തമാക്കി. രാഹുല്‍ ഈശ്വറിന്റെ ലാപ്ടോപും പിടിച്ചെടുത്തു. മഹിളാ കോൺഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി രഞ്ജിത പുളിക്കനാണ് ഒന്നാം പ്രതി. കോൺഗ്രസ് അനുകൂലിയായ അഭിഭാഷക ദീപ ജോസഫ് രണ്ടാം പ്രതിയും, ദീപ ജോസഫ് എന്ന് പേരുള്ള മറ്റൊരു അക്കൗണ്ട് ഉടമ മൂന്നാം പ്രതിയുമാണ്. സന്ദീപ് വാര്യറാണ് നാലാം പ്രതി. രാഹുൽ ഈശ്വർ അഞ്ചാം പ്രതിയാണ്. ആറാം പ്രതി പാലക്കാട് സ്വദേശിയായ വ്ലോഗറാണ്.
ഇരയുടെ വ്യക്തിത്വം വെളിപ്പെടുത്തൽ, സ്ത്രീത്വത്തെ അപമാനിക്കൽ, ഭീഷണിപ്പെടുത്തൽ എന്നിവ വകുപ്പുകൾ ചേര്‍ത്താണ് പൊലീസ് കേസ്. ഇലക്ട്രോണിക് സംവിധാനങ്ങളുടെ ദുരുപയോഗവും ചുമത്തിയിട്ടുണ്ട്. രണ്ട് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്.
അതിജീവിതയെ സമൂഹമാധ്യമങ്ങളിൽ അപമാനിച്ചാൽ കർശന നടപടി വരുമെന്ന് പൊലീസ് വ്യക്തമാക്കി. സമൂഹമാധ്യമ അക്കൗണ്ടുകൾ നിരീക്ഷണത്തിലാണ്. അപമാനിക്കുന്നവരുടെ ഡിജിറ്റൽ ഉപകരണങ്ങൾ ഉൾപ്പടെ പിടിച്ചെടുക്കാനാണ് നിർദേശം.










0 comments